Connect with us

Articles

പ്രതിസന്ധിക്കിടെ ഇതുമതിയോ?

ചില നിക്ഷേപ പദ്ധതികള്‍ വ്യവസായ മേഖലയില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കാനുള്ള വ്യക്തമായ ദിശാബോധം ബജറ്റില്‍ കാണാനില്ല.പൊതുമേഖലയില്‍ തൊഴില്‍ സൃഷ്ടിക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ വർധിപ്പിക്കാന്‍ നിർണായകമായ, നയപരമായ ഇടപെടലുകളൊന്നും തന്നെ ഉണ്ടായില്ലെന്നത് വലിയ പോരായ്മയാണ്.

Published

|

Last Updated

ണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനും ക്ഷേമ, വികസനത്തിനും അടിസ്ഥാന സൗകര്യ നിര്‍മാണത്തിനുമായി സമഗ്രമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ഉയര്‍ന്ന പൊതുചെലവും കടബാധ്യതയിലെ വര്‍ധനയും പ്രതിസന്ധിയായി നിലനില്‍ക്കെ, കേരളത്തിന്റെ ക്ഷേമ മാതൃക കൂടുതല്‍ ഉണര്‍വോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്.

സാഹചര്യം

ബജറ്റിനെ വിലയിരുത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ആധികാരിക അവലോകനം എന്തുകൊണ്ടും നിര്‍ബന്ധമാണ്. 2024- 25 സാമ്പത്തിക സര്‍വേ പ്രകാരം സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക്, സാമ്പത്തിക മേഖലയിലെ കുറവുകള്‍, കാര്‍ഷിക, വ്യാവസായിക മേഖലയിലെ മന്ദഗതി, തൊഴില്‍ വിപണിയിലെ വെല്ലുവിളികളുള്‍പ്പെടെയുള്ള വിവിധ കാര്യങ്ങള്‍ ബജറ്റ് രൂപവത്കരണത്തെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റിനെ നിഷ്പക്ഷമായി വിലയിരുത്താന്‍ സാധിക്കുക.

2024- 25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 6.2 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 6.5 ശതമാനത്തേക്കാള്‍ കുറവാണ്. സേവന മേഖലയാണ് സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് പ്രധാന പ്രതീക്ഷയായി തുടരുന്നത്. അതേസമയം, കാര്‍ഷിക മേഖലയും വ്യവസായ മേഖലയും കാര്യമായ ഇടിവിലേക്കാണ് നീങ്ങുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ധനക്കമ്മി പരിശോധിക്കുകയാണെങ്കില്‍, 45,039 കോടി അഥവാ ജി എസ് ഡി പിയുടെ 3.16 ശതമാനമാണ് നിലവിലുള്ളത്. ഈ കണക്ക് സൂചിപ്പിക്കുന്നത് സര്‍ക്കാറിന്റെ അധിക വായ്പകളുടെ അനിവാര്യതയും ചെലവ് ചുരുക്കുന്നതിന്റെ ആവശ്യകതയുമാണ്.

വെല്ലുവിളികള്‍

സാമ്പത്തിക സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാമത്തേത് സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജി എസ് ഡി പി) ഉത്പാദന മേഖലക്കുള്ള കുറവ് തന്നെയാണ്. 13 ശതമാനത്തില്‍ താഴെയാണ് ഉത്പാദന മേഖല നിലവില്‍ സംഭാവന ചെയ്യുന്നത്. ഇത് ദേശീയ ശരാശരിയെക്കാള്‍ ഏറെ പിന്നിലാണെന്നത് ഗൗരവതരമാണ്. കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മയാണ് അടുത്ത വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്. യുവ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നിലയിലാണ് തുടരുന്നത്. പ്രത്യേകിച്ച്, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കിടയിലാണിത് കൂടുതല്‍ രൂക്ഷമെന്നും സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തുടര്‍ന്നുള്ളത്. ആകെ 14.8 ശതമാനമാണ് കാര്‍ഷിക മേഖലയുടെ പങ്ക്. സംസ്ഥാനത്തെ കര്‍ഷകരില്‍ ഭൂരിഭാഗവും ചെറുകിട കര്‍ഷകരായതിനാല്‍ യന്ത്രവത്കരണം പരിമിതമാണ്. അതിനാല്‍, മൊത്തത്തിലുള്ള ഉത്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നതോടൊപ്പം കര്‍ഷകരുടെ വരുമാനത്തിലും പിന്നോട്ടടിക്കുന്നതായി മനസ്സിലാക്കാം.

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദേശ പണമിടപാട് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ആഗോളതലത്തില്‍ തന്നെ തൊഴില്‍ രീതികള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യവും ജി സി സി രാജ്യങ്ങളിലെ സാമ്പത്തിക മാറ്റങ്ങള്‍ കാരണവും പ്രവാസി മലയാളികളുടെ പണം അയക്കലില്‍ നേരിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയെയും ആഭ്യന്തര ഉപഭോഗ രീതിയെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇവ പരിഹരിക്കാന്‍ ബജറ്റില്‍ എന്തുണ്ട് എന്നതാണ് ചോദ്യം.

സാമൂഹിക ക്ഷേമം

ഇത്തവണത്തെ ബജറ്റില്‍ സാമൂഹിക ക്ഷേമത്തിന് വലിയ പ്രാധാന്യം നല്‍കിയിരിക്കുന്നത് ശ്രദ്ധേയമാണ്. ആരോഗ്യം, പെന്‍ഷന്‍, ഹൗസിംഗ് തുടങ്ങിയ മേഖലകള്‍ക്ക് വലിയ തോതില്‍ ഫണ്ട് വിനിയോഗിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങള്‍. ലൈഫ് മിഷന്‍ ഹൗസിംഗ് പദ്ധതിയിലൂടെ നിര്‍ധനര്‍ക്ക് ഭവനസൗകര്യം ഉറപ്പാക്കുന്നതിനായി വലിയ തോതില്‍ വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നു. വയനാട് പ്രകൃതി ദുരന്തങ്ങളില്‍ വീടുകള്‍ നഷ്്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഒരുക്കുന്നതിനും ബജറ്റില്‍ പ്രത്യേക കരുതലുകളുണ്ട്. ആരോഗ്യ മേഖലയുടെ വളര്‍ച്ചക്കായി വലിയ വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ പദ്ധതിയായ “കാരുണ്യ ഹെല്‍ത്ത് സെക്യൂരിറ്റി സ്‌കീം’ നടപ്പാക്കുന്നതിനായി 700 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ സാധാരണക്കാരുടെ മെഡിക്കല്‍ ചെലവുകളുടെ ഭാരം കുറക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നത് തീര്‍ച്ചയാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ നേടുന്നവര്‍ക്കുമുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നടപടികള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശമ്പള കുടിശ്ശിക, ക്ഷാമബത്ത എന്നിവയുമായി ബന്ധപ്പെട്ട പണം ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കുടുംബശ്രീ പദ്ധതികള്‍ക്കും ചെറുകിട വ്യവസായ പദ്ധതികള്‍ക്കും കൂടുതല്‍ ഊര്‍ജം നല്‍കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിന്റെ മറ്റൊരു സവിശേഷതയാണ്. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ആധുനിക തൊഴില്‍ സാധ്യതകള്‍ തേടാന്‍ സഹായിക്കുന്ന പദ്ധതികള്‍ക്കും ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഹരിത സമ്പദ്്്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി പരമ്പരാഗത തൊഴില്‍ മേഖലകളെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ തൊഴില്‍ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബജറ്റില്‍ പ്രത്യേക തുക നീക്കിവെച്ചു.

മൂലധന നിക്ഷേപം

സാമൂഹികക്ഷേമ പദ്ധതികള്‍ക്കൊപ്പം മൂലധന നിക്ഷേപങ്ങള്‍ക്കും പ്രാധാന്യം നല്‍കിയത് സംസ്ഥാന ബജറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന കാര്യമാണ്. ഗതാഗത ശൃംഖല, വ്യവസായ ഇടനാഴികള്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനത്തിനായി സര്‍ക്കാര്‍ വലിയ തുക നീക്കിവെച്ചിട്ടുണ്ട്. വിഴിഞ്ഞം- ചാലിയം- പുനലൂര്‍ വ്യവസായ ഇടനാഴി വികസനത്തിന് 1,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് വ്യാപാരത്തെയും തൊഴില്‍ സൃഷ്്ടിയെയും ശക്തിപ്പെടുത്തും എന്നത് തീര്‍ച്ചയാണ്.
മെട്രോ റെയില്‍ വികസനവും ഗതാഗത മേഖലയിലെ നിക്ഷേപവും ബജറ്റില്‍ നിര്‍ണായകമാണ്. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ മെട്രോ റെയില്‍ പദ്ധതികളുടെ വികസനത്തോടൊപ്പം ഗതാഗത മേഖലക്കായി 2,065 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നഗര ഗതാഗത സംവിധാനം ആധുനികവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിക്ഷേപം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഡിജിറ്റല്‍ വളര്‍ച്ചക്കും ആധുനിക സാങ്കേതികവിദ്യക്കും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഹബ്ബുകളും വികസിപ്പിക്കുക വഴി സാങ്കേതിക സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലക്കും ഗ്രാമീണ സമ്പദ്്വ്യവസ്ഥക്കും ഊന്നല്‍ നല്‍കുന്ന നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി കൃഷി ഇന്‍ഷ്വറന്‍സിനും ഗ്രാമീണ സാമ്പത്തിക സ്ഥിരതക്കുമായി വലിയ തുക നീക്കിവെച്ചിട്ടുണ്ട്. വിളകള്‍ക്ക് മികച്ച വില ലഭിക്കുന്നതിനായി വിപണനരംഗത്ത് സര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാക്കും. ഇതിനായി വിപണന ഇടപെടല്‍ പദ്ധതികള്‍ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങള്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ കനാല്‍ കൃഷിക്കും കാലാവസ്ഥക്ക് അനുയോജ്യമായ കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ തുക വകയിരുത്തിയിട്ടുണ്ട്.

കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമായ വന്യജീവി ആക്രമണം തടയുന്നതിനും വിളനാശം നിയന്ത്രിക്കുന്നതിനും പ്രത്യേക ഫണ്ട് അനുവദിച്ചു. കന്നുകാലി സംരക്ഷണത്തിനും ക്ഷീരമേഖലയുടെ വികസനത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുന്നു. മത്സ്യബന്ധന മേഖലയുടെ നവീകരണത്തിനായി പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതികളും ആവിഷ്‌കരിക്കും. സൗരോര്‍ജം ഉപയോഗിച്ച് കൃഷിയും ജലസേചനവും മെച്ചപ്പെടുത്തുന്നതിനും തരിശായി കിടക്കുന്ന കൃഷിയിടങ്ങള്‍ വീണ്ടും കൃഷിയോഗ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുന്നു. മൊത്തത്തില്‍ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എല്ലാം പരിഹരിച്ചോ?

സാമ്പത്തിക സര്‍വേ റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയ പ്രധാന വെല്ലുവിളികള്‍ ഈ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രത്തോളം പരിഗണിച്ചു എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. വ്യവസായ വളര്‍ച്ച, കൃഷിയുടെ ആധുനികവത്കരണം, തൊഴില്‍ സൃഷ്്ടി, പ്രവാസി വരുമാന ആശ്രിതത്വം എന്നിവയായിരുന്നു പ്രധാന വെല്ലുവിളികളായി മുന്‍നിര്‍ത്തിയത്.
ചില നിക്ഷേപ പദ്ധതികള്‍ വ്യവസായ മേഖലയില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ മേഖലയെ

ഉത്തേജിപ്പിക്കാനുള്ള വ്യക്തമായ ദിശാബോധം ബജറ്റില്‍ കാണാനില്ലെന്നത് വസ്്തുതയാണ്. പൊതുമേഖലയില്‍ തൊഴില്‍ സൃഷ്്ടിക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ണായകമായ, നയപരമായ ഇടപെടലുകളൊന്നും തന്നെ ഉണ്ടായില്ലെന്നത് വലിയ പോരായ്മയാണ്. കൃഷിയുടെ ആധുനികവത്കരണത്തിനായി ചില സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വലിയ സാങ്കേതിക പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപ്ലവാത്മക നടപടികള്‍ ബജറ്റില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. പ്രവാസി വരുമാനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, അത് നേരിടാന്‍ ആവശ്യമായ നയപരമായ ഇടപെടലുകള്‍ ബജറ്റില്‍ കാണാനില്ല എന്നതും ഖേദകരമാണ്.

നികുതി എങ്ങനെ ബാധിക്കും?

സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുകയും അതുപോലെതന്നെ സാമ്പത്തിക വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന നിരവധി നികുതി പരിഷ്‌കാരങ്ങളാണ് ബജറ്റില്‍ പ്രധാനമായും നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ആഡംബര വസ്്തുക്കള്‍, മദ്യം, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ നികുതിയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന വരുമാനമുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കുന്നതിനായി ഭൂനികുതി നിരക്കുകളും പരിഷ്‌കരിച്ചു. അതുപോലെ ഡിജിറ്റല്‍ ഭൂനികുതി ഇടപാടുകള്‍ എളുപ്പമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍തലത്തില്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ ആദായനികുതി നിരക്കുകള്‍ പുനഃക്രമീകരിച്ച് താഴ്ന്ന വരുമാനമുള്ളവര്‍ക്ക് ചെറിയ ആശ്വാസം നല്‍കിയെങ്കിലും സംസ്ഥാന ബജറ്റില്‍ പൊതുജനത്തിന് നേരിട്ടുള്ള നികുതി ഇളവുകളൊന്നും തന്നെയില്ല.

പുതിയ നികുതി പരിഷ്‌കാരങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തെ പല രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. താഴ്ന്ന വരുമാനമുള്ളവര്‍ക്ക് കേന്ദ്രത്തിന്റെ നികുതി ഇളവുകള്‍ ഒരു പരിധി വരെ ആശ്വാസകരമാകുമ്പോള്‍ തന്നെ ഇടത്തരം കുടുംബങ്ങള്‍ക്ക് ഇന്ധനത്തിനും അതുപോലെ ആഡംബര ഉപകരണങ്ങള്‍ക്കും മദ്യം, പുകയില തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും അധിക നികുതി നല്‍കേണ്ടി വരും. ഭൂനികുതി നിരക്ക് വര്‍ധിച്ചതോടെ ഭൂമിയുടെയും അതുപോലെ വസ്്തുക്കളുടെയും വില ഉയരാന്‍ സാധ്യതയുണ്ട്. ഇത് സാധാരണക്കാരുടെ സാമ്പത്തിക ഭാവിക്കും അതുപോലെ ജീവിതത്തിനും വെല്ലുവിളിയായി മാറിയേക്കാം. ഈ നികുതി ക്രമീകരണങ്ങളിലൂടെ ലഭിക്കുന്ന അധിക വരുമാനം ഏകദേശം 45,039 കോടി രൂപയായാണ് കണക്കാക്കപ്പെടുന്നത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മി കുറക്കാനും അതുപോലെ സാമൂഹിക ക്ഷേമപദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോഗിക്കാനുമാകും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Latest