Health
നിങ്ങളുടെ ശരീരത്തില്‍ മഗ്‌നീഷ്യം കുറവുണ്ടോ! ഈ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം
ആവശ്യമായ അളവില്‍ ഭക്ഷണം കഴിച്ചിട്ടും ശരീരത്തില്‍ മഗ്‌നീഷ്യം കുറവുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതാണ് ഉത്തമം
പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനങ്ങള്‍, ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റല്‍ തുടങ്ങി ശരീരത്തിന്റെ പല ബയോകെമിക്കല്‍ പ്രക്രിയകള്‍ക്കും പ്രധാനപ്പെട്ട ഘടകമാണ് മഗ്‌നീഷ്യം. രോഗപ്രതിരോധ സംവിധാനങ്ങള്‍ക്കും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിലും ഇവ പ്രധാനമാണ്. ഭക്ഷണത്തില്‍ നിന്ന് ശരീരത്തില്‍ എത്തുന്ന മഗ്‌നീഷ്യത്തിന്റെ അളവില്‍ അപര്യാപ്തത ഉണ്ടാകുമ്പോഴും ശരീരം മെഗ്‌നീഷ്യം ആകിരണം ചെയ്യുന്നതില്‍ കുറവ് സംഭവിക്കുമ്പോഴും പല രോഗലക്ഷണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവുന്നു.
ശരീരത്തില്‍ മഗ്‌നീഷ്യം കുറവാണെന്നതിന്റെ ലക്ഷണങ്ങള്‍ എന്താണെന്ന് നോക്കാം
വിറയല്‍,ഞരമ്പ് കോച്ചല്‍,പേശി വലിവ്
വിറയല്‍ ഞരമ്പ് കോച്ചല്‍ പേശി വലിവ് എന്നിവ മഗ്‌നീഷ്യം കുറവുള്ളതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ എല്ലാം കാലുകളിലാണ് കൂടുതലായി കാണപ്പെടുന്നത്.
ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടല്‍
ശരീരത്തില്‍ മതിയായ അളവില്‍ മഗ്‌നീഷ്യം ഇല്ലെങ്കില്‍ ശരീരത്തിന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടേക്കാം. ശരീരം ആവശ്യത്തിന് ഊര്‍ജ്ജം ഉല്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത്
ഉറക്കമില്ലായ്മ, അസ്വസ്ഥത
ശരീരത്തില്‍ മഗ്‌നീഷ്യം കുറഞ്ഞാല്‍ ഉറക്കമില്ലായ്മയും അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം.
ഉത്ക്കണ്ഠ വിഷാദം
ശരീരത്തില്‍ മഗ്‌നീഷ്യം കുറയുന്നത് നിങ്ങളുടെ മാനസികാവസ്ഥയെയും ബാധിച്ചേക്കാം. നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നതിന് മഗ്‌നീഷ്യം പ്രധാനപ്പെട്ട ഘടകമാണ്. മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ന്യൂറോണ്‍ ട്രാന്‍സ്മിറ്ററുകളുടെ ഉല്‍പാദനത്തിലും ഇത് വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മഗ്‌നീഷ്യത്തിന്റെ അളവില്‍ കുറവുണ്ടാകുന്നത് വിഷാദത്തിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിച്ചേക്കാം.
തലവേദന
മഗ്‌നീഷ്യം രക്തക്കുഴലുകളുടെ നിയന്ത്രണത്തില്‍ പങ്കുവഹിക്കുന്നത് കൊണ്ട് തന്നെ മഗ്‌നീഷ്യം കുറവ് ഉണ്ടാകുമ്പോള്‍ തലവേദന അനുഭവപ്പെട്ടേക്കാം. ആവശ്യമായ അളവില്‍ മഗ്‌നീഷ്യം ശരീരത്തില്‍ ഉണ്ടെങ്കില്‍ മൈഗ്രൈന്‍ വരാന്‍ സാധ്യതയും കുറവാണ്. അതുകൊണ്ട് മഗ്‌നീഷ്യം ശരീരത്തില്‍ കുറയുമ്പോള്‍ മൈഗ്രേഡ് തീവ്രത വര്‍ധിപ്പിച്ചേക്കാം. നാഡികളുടെ പ്രവര്‍ത്തനത്തിനും മഗ്‌നീഷ്യം ആവശ്യമാണ്.
ഈ പറഞ്ഞ ലക്ഷണങ്ങളില്‍ നിന്ന് തന്നെ മഗ്‌നീഷ്യം ശരീരത്തിന് പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് നമുക്ക് മനസ്സിലാക്കാം. ആവശ്യമായ അളവില്‍ ഭക്ഷണം കഴിച്ചിട്ടും ശരീരത്തില്‍ മഗ്‌നീഷ്യം കുറവുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതാണ് ഉത്തമം.