Sports
ഇഷാന്‍ കിഷാന്റെ ദുര്‍ഘതി
അതിവേഗതയിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടും അടുത്ത കളിയിൽ സൈഡ് ബെഞ്ചിൽ
ഗുവാഗത്തി | ഇന്ത്യ ശ്രീലങ്ക ആദ്യ ഏകദിനത്തില്‍ ബെഞ്ചിലിരിക്കാനായിരുന്നു ഝാര്‍ഖണ്ഡ് താരമായ ഇഷാന്‍ കിഷന്റെ വിധി. ബംഗ്ലാദേശിനെതിരെ അവസാന ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ശേഷമാണ് താരത്തിന് ടീമിന് പുറത്തിരിക്കേണ്ടി വന്നത്. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയിലുള്ള ഇരട്ട സെഞ്ച്വറി (131 പന്തില്‍ 210) റണ്‍സ് കിഷന്‍ നേടിയത് കഴിഞ്ഞ മാസമാണ്. കിഷനെ ഒഴിവാക്കിയത് നിര്‍ഭാഗ്യകരമാണെന്നും ഓപ്പണറായിരുന്ന ശുബ്മാന്‍ ഗില്ലിനെ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു നായകന്‍ രോഹിത് ശര്‍മയുടെ ഇഷാന്‍ കിഷന്റെ മാറ്റിനിര്‍ത്തലിനെ കുറിച്ചുള്ള പ്രതികരണം.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യന്‍ ടീമില്‍ നടക്കുന്ന റൊട്ടേഷന്‍ വ്യവസ്ഥയും പുതിയ താരങ്ങളുടെ പരീക്ഷണവുമാണ് താരത്തിന്റെ മാറ്റിനിര്‍ത്തലിന് കാരണമായി വിശദീകരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി 10 മത്സരങ്ങളില്‍ നിന്ന് 47 ബാറ്റിംഗ് ആവറേജില്‍ 477 റണ്‍സ് നേടിയിട്ടുണ്ട് ഇഷാന്‍ കിഷന്‍. ബാറ്റിംഗില്‍ പൊതുവെ അക്രമിച്ച് കളിക്കാനാഗ്രഹിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് കിഷന്‍. ആദ്യ ഏകദിനത്തില്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ അടുത്ത മത്സരങ്ങളിലും താരം പുറത്തിരുക്കേണ്ടി വരും.
ഇതാദ്യമായല്ല ഒരു ഇന്ത്യന്‍ താരത്തിന് ഈ ദുര്‍ഘതി ഉണ്ടാവുന്നത്. 2016ല്‍ ഇംഗ്ലണ്ടിനെതിരെയായ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ശേഷം മലയാളി താരമായ കരുണ്‍ നായറെ അടുത്ത ടെസ്റ്റില്‍ കളിപ്പിച്ചിരുന്നില്ല. പിന്നീട് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനും കരുണ്‍ നായര്‍ക്കായില്ല. ഈ വഴിയിലേക്കാണോ കിഷന്റെയും സഞ്ചാരമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആശങ്കപ്പെടുന്നത്.
റിഷഭ് പന്ത് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഫോമിലല്ലാത്തതും ഇന്ത്യന്‍ ടീമിലെ ഇടം കൈ ബാറ്റര്‍മാരുടെ അഭാവവും കിഷന് അനുകൂലമായ ഘടകമാണ്. കഴിഞ്ഞ മത്സരത്തില്‍ കീപ്പറായിരുന്ന കെ എല്‍ രാഹുലിന്റെ വിക്കറ്റിന് പിന്നിലെ പാളിച്ചകളും മോശം ബാറ്റിംഗ് ഫോമും കിഷനെ വൈകാതെ ഇന്ത്യന്‍ ടീമിലെത്തിച്ചേക്കും.
ചരിത്രത്തില്‍ ആദ്യമായിട്ടല്ല ഇരട്ട സെഞ്ച്വറി നേടിയ ശേഷം ഒരു താരത്തിന് അടുത്ത കളിയില്‍ പുറത്തിരിക്കേണ്ടി വരുന്നത്. മൂന്ന് താരങ്ങള്‍ക്ക് ഇതിന് മുമ്പ് ഇത്തരത്തില്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്.
1) ജിയോഫ്രെ ബോയ്ക്കോട്ട്
ഇംഗ്ലണ്ട് താരമായിരുന്ന ജിയോഫ്രെ 1967ല്‍ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ 246 റണ്‍സാണ് നേടിയത്. എന്നാല്‍, മെല്ലെപ്പോക്കായിരുന്നു താരത്തിന് തിരിച്ചടിയായത്. 573 മിനുട്ട് കളിച്ച ജിയോഫ്രെ 555 പന്തിലാണ് ഇത്രയും റണ്‍സ് നേടിയത്. ഇതോടെ അടുത്ത കളിയില്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കി.
2) അരവിന്ദ ഡി സില്‍വ
2002ല്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് താരമായിരുന്ന അരവിന്ദ ഡി സില്‍വ ഇരട്ട സെഞ്ച്വറി നേടിയത് (206). എന്നാല്‍, യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനെന്ന പേരില്‍ സില്‍വയെ രണ്ടാം ടെസ്റ്റില്‍ നിന്ന് താരത്തിന് വിശ്രമം നല്‍കി. നിര്‍ഭാഗ്യവശാല്‍ താരത്തിന്റെ അവസാന ടെസ്റ്റ് മത്സരവും ഇതായിരുന്നു.
3) ജേസണ്‍ ഗില്ലസ്പി
ഓസ്ട്രേലിയന്‍ താരമായിരുന്ന ജേസണ്‍ ഗില്ലസ്പി 2006ല്‍ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറി നേടി (201). അപ്രതീക്ഷമായിട്ടായിരുന്നു നൈറ്റ് വാച്ച്മാനായ ഗില്ലസ്പിയുടെ ഇരട്ട സെഞ്ച്വറി നേട്ടം. ബൗളിംഗില്‍ മോശമായതോടെ ഗില്ലസ്പിക്ക് അടുത്ത മത്സരം നഷ്ടമായി.