Ongoing News
ഇഷാന്‍ ഷോ; ആദ്യ അങ്കത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ
ലക്‌നോ | ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ അങ്കത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഇഷാന്‍ കിഷന്റെ കിടിലന്‍ ബാറ്റിങിന് സാക്ഷ്യം വഹിച്ച ലക്‌നോവിലെ ഏകന സ്‌റ്റേഡിയത്തില്‍ 62 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ടീം ഇന്ത്യ നേടിയത്. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിലെത്തി.
ഇന്ത്യ മുന്നോട്ടു വച്ച 200 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കക്ക് നിശ്ചിത 20 ഓവറില്‍ 137 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. അപ്പോഴേക്കും അവരുടെ ആറ് വിക്കറ്റുകള്‍ വീണു കഴിഞ്ഞിരുന്നു. രണ്ട് വിക്കറ്റ് മാത്രം ബലികഴിച്ചാണ് ഇന്ത്യ 199 റണ്‍സിന്റെ വന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 47 പന്തില്‍ 53 റണ്‍സെടുത്ത ചരിത് അസലങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ദുഷ്മന്ത ചമീര 14 പന്തില്‍ 24 ഉം ചമിക കരുണരത്‌നെ 14ല്‍ 21ഉം റണ്‍സെടുത്തു. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ കൊയ്തു. വെങ്കടേഷ് അയ്യര്‍ ധാരാളിയായെങ്കിലും രണ്ട് വിക്കറ്റ് നേടി (2/36). യുസ്വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റെടുത്തു.
നേരത്തെ, 56 പന്തുകള്‍ നേരിട്ട് 89 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഇന്ത്യക്ക് വന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 56 പന്ത് നേരിട്ട കിഷന്‍ 89 റണ്‍സാണ് വാരിക്കൂട്ടിയത്. കിഷന് പുറമെ ശ്രേയസ് അയ്യരും നായകന്‍ രോഹിത് ശര്‍മയും ഉജ്ജ്വല ബാറ്റിംഗ് കാഴ്ചവച്ചു. ശ്രേയസ് അയ്യര്‍ വെറും 28 പന്തില്‍ 57 അടിച്ചെടുത്തപ്പോള്‍ 32 പന്തില്‍ 44 ആണ് രോഹിതിന്റെ സംഭാവന. ശ്രീലങ്കക്കായി ദാസുന്‍ ഷനാക്കയും ലഹിരു കുമാരയും ഓരോ വിക്കറ്റ് നേടി.