isl tournament
ഐ എസ് എൽ ഫുട്ബോൾ: ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് ഫൈനൽ ഇന്ന്
ലീഗ് മത്സരങ്ങളിൽ നിന്ന് വിപരീതമായി തിങ്ങിനിറഞ്ഞ കാണിക്കൂട്ടത്തിന് മുന്നിലാണ് പോരാട്ടം അരങ്ങേറുക. നൂറ് ശതമാനം കാണികൾക്കും സ്റ്റേഡിയത്തിൽ പ്രവേശനമുണ്ട്.
മഡ്ഗാവ് | മലയാളികളുടെ മനസ്സിലിന്ന് മഞ്ഞക്കടലിരന്പും. ഐ എസ് എൽ കിരീടമെന്ന സ്വപ്‌നം പൂവണിയിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കത് നെഞ്ചിടിപ്പിന്റെ ഒന്നര മണിക്കൂർ. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഹൈദരാബാദ് എഫ് സിയാണ് എതിരാളികൾ. ലീഗ് മത്സരങ്ങളിൽ നിന്ന് വിപരീതമായി തിങ്ങിനിറഞ്ഞ കാണിക്കൂട്ടത്തിന് മുന്നിലാണ് പോരാട്ടം അരങ്ങേറുക. നൂറ് ശതമാനം കാണികൾക്കും സ്റ്റേഡിയത്തിൽ പ്രവേശനമുണ്ട്. ടിക്കറ്റുകൾ നേരത്തേ തന്നെ വിറ്റുതീർന്നിരുന്നു. നീലയിൽ വെള്ള വരകളുള്ള ജഴ്സി യിലാണ് ബ്ലാസ്റ്റേഴ്്‌സ് ഇറങ്ങുക.
ഐ എസ് എൽ ചരിത്രത്തിൽ രണ്ട് തവണ(2014, 2016)യാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. രണ്ട് തവണയും എ ടി കെയോട് പരാജയപ്പെട്ട് കപ്പില്ലാതെ മടങ്ങാനായിരുന്നു വിധി. ഇന്നാൽ, ഇത്തവണ കാര്യങ്ങൾ പഴയപോലെയല്ല. സെർബിയക്കാരനായ ഇവാൻ വുകോമനോവിച് എന്ന സൂത്രശാലിയായ ആശാന്റെ കീഴിൽ പുതിയൊരു ബ്ലാസ്റ്റേഴ്‌സിനെയാണ് ഈ സീസണിൽ ഫുട്‌ബോൾ പ്രേമികൾക്ക് കാണാൻ കഴിഞ്ഞത്. തുടക്കം തോൽവികളോടെയായിരുന്നുവെങ്കിലും പതിയെ താളം കണ്ടെത്തിയ മഞ്ഞപ്പട പിന്നീട് കരുത്തരായ എതിരാളികളെ പോലും നിഷ്പ്രഭമാക്കി കുതിച്ചുകയറി. ഒരു ഘട്ടത്തിൽ കൊവിഡിനെയും നിരന്തര പരുക്കിനെയും മറികടന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജൈത്രയാത്ര.
ഒടുവിൽ, തുടർച്ചയായ ഏഴ് ജയങ്ങളുടെ പകിട്ടുമായി ലീഗ് ഷീൽഡ് നേടിയ ജംഷഡ്്പൂർ എഫ് സിയെ മലയർത്തിയടിച്ച് കലാശപ്പോരിന് ടിക്കറ്റുമെടുത്തു. അഡ്രിയാൻ ലൂണ, ആൽവാരോ വാസ്‌ക്വസ്, ജോർഹെ പേരേര ഡയസ്, മലയാളി താരം സഹൽ അബ്ദുസ്സമദ്, മാർകോ ലെസ്്‌കോവിച്, ഹോർമിപാം റൂയിവ, ജീക്്‌സൺ സിംഗ്, ഹർമൻജോത് ഖബ്ര, നിഷുകുമാർ, ഗോൾകീപ്പർ പ്രഭ്്സുഖൻ സിംഗ് ഗിൽ തുടങ്ങിയ പ്രതിഭാധനരായ താരങ്ങളുടെ ഒത്തിണക്കവും വിജയത്തിനായി അവസാന നിമിഷം വരെ പൊരുതാനുള്ള മനസ്സുമാണ് കൊന്പന്മാരുടെ കരുത്ത്.
പക്ഷേ, ആരോഗ്യ പ്രശ്നങ്ങളുള്ള അഡ്രിയാൻ ലൂണ ഇന്ന് കളിക്കുമെന്ന് ഉറപ്പില്ലാത്തത് ആശങ്കയായിട്ടുണ്ട്. പരുക്കിനെ തുടർന്ന് സെമിയിൽ കളിക്കാതിരുന്ന സഹൽ അബ്ദുസ്സമദ് ഇന്നലെ പരിശീലനത്തിനിറങ്ങിയത് ശുഭവാർത്തയാണ്. ഇരുവരും കളിക്കുന്ന കാര്യം പരിശീലകനും മെഡിക്കൽ സംഘവും ചേർന്ന് തീരുമാനിക്കും.