Connect with us

Ongoing News

ഐ എസ് എല്‍ സെമി ലൈനപ്പായി; ജംഷഡ്പുര്‍ X ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് X മോഹന്‍ ബഗാന്‍

Published

|

Last Updated

പനാജി | ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021-22ലെ സെമി ഫൈനല്‍ ലൈനപ്പായി. മാര്‍ച്ച് 11 ന് നടക്കുന്ന ആദ്യ ലെഗ് സെമിയില്‍ ജംഷഡ്പുര്‍ എഫ് സി, കേരള ബ്ലാസ്റ്റേഴ്‌സിനെയും മാര്‍ച്ച് 12ന് ഹൈദരാബാദ് എഫ് സി, എ ടി കെ മോഹന്‍ ബഗാനെയും നേരിടും. മാര്‍ച്ച് 15, 16 തീയതികളിലാണ് രണ്ടാം ലെഗ് സെമിഫൈനലുകള്‍. 15ന് ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്പുരിനെയും ബഗാന്‍ ഹൈദരാബാദിനെയും നേരിടും. മാര്‍ച്ച് 20നാണ് കലാശപ്പോരാട്ടം.

ജംഷഡ്പുര്‍ എഫ് സി ലീഗ് ഷീല്‍ഡ് ജേതാക്കള്‍
ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാനെ തോല്‍പ്പിച്ച് ജംഷഡ്പുര്‍ എഫ് സി 2021-22 ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായി. ലീഗിലെ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഓവന്‍ കോയലിന്റെ ചുണക്കുട്ടികളുടെ വിജയം. ലീഗില്‍ ജംഷഡ്പുരിന്റെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

റിത്വിക് ദാസിന്റെ ഗോളിലാണ് ജംഷഡ്പുര്‍ വിജയ സോപാനത്തിലേറിയത്. രണ്ടാം പകുതിയുടെ 12ാം മിനുട്ടിലാണ് റിത്വിക് ടീമിന്റെ വിജയഗോള്‍ കണ്ടെത്തിയത്. ഗ്രെഗ് സ്റ്റുവാര്‍ട്ടിന്റെ ഒരു ഷോട്ട് എ ടി കെ പ്രതിരോധ നിര താരത്തിന്റെ ദേഹത്ത് തട്ടി തെറിച്ചു. പന്തെത്തിയത് റിത്വികിന്റെ കാലുകളിലേക്ക്. സമയം പാഴാക്കാതെ റിത്വിക് വലതു കാല്‍ കൊണ്ട് പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് നിറയൊഴിച്ചപ്പോള്‍ ബഗാന്‍ ഗോളി അമരിന്ദര്‍ സിങിന്റെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ഗോള്‍ തിരിച്ചടിക്കാന്‍ ബഗാന്‍ ആവുന്നത് ശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകളും ജംഷഡ്പുര്‍ പ്രതിരോധത്തിന്റെ മിടുക്കും വിലങ്ങുതടിയായി.

20 മത്സരങ്ങളില്‍ നിന്ന് 43 പോയിന്റുകള്‍ വാരിക്കൂട്ടിയാണ് ജംഷഡ്പുര്‍ പോയിന്റ് ടേബിളില്‍ തലപ്പത്തെത്തിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ടീം ലീഗ് ഷീല്‍ഡ് സ്വന്തമാക്കുന്നത്. വിജയത്തോടെ മൂന്നര കോടിയുടെ പ്രൈസ് മണിയും ടീമിന് ലഭിച്ചു.

 

 

Latest