Connect with us

Articles

മാധ്യമ വിപണിയിലെ ഇസ്ലാം, മുസ്ലിം

ഒരു പൗരസമൂഹം എന്ന നിലയിലെങ്കിലും മുസ്ലിം സമൂഹം ഇക്കാലത്ത് കൂടുതല്‍ മാധ്യമപരിഗണന അര്‍ഹിക്കുന്നുണ്ട്. ഇസ്ലാം/ മുസ്ലിം വിരുദ്ധ മുന്‍വിധികളില്‍ നിന്ന് പുറത്തുകടന്നുകൊണ്ടാണ് ആ ചേര്‍ന്നുനില്‍പ്പ് സാക്ഷാത്കരിക്കപ്പെടേണ്ടത്. മുസ്ലിമിനോടെന്ന പോലെ ഇസ്ലാമിനോട് സംവാദത്തിലേര്‍പ്പെടാനും അവര്‍ക്ക് സാധിക്കേണ്ടതാണ്.

Published

|

Last Updated

മാധ്യമരംഗം ഒരു വ്യവസായമാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതങ്ങനെ ആയിക്കഴിഞ്ഞു. വാര്‍ത്തയാണ് അവിടുത്തെ ഉത്പന്നം, സമൂഹമാണ് അതിന്റെ വിപണി. ഒരുത്പന്നം വിപണി കൈയടക്കുന്നത് പരസ്യത്തിന്റെ ബലത്തിലാണ്. ഒരു പരസ്യം മതിയാകാത്തിടത്ത് ഒന്നിലേറെ പരസ്യങ്ങള്‍. മത്സരം കൊഴുക്കുമ്പോള്‍ മറ്റാരും ഇറക്കാത്ത ഉത്പന്നങ്ങള്‍ എങ്ങനെ വിപണിയില്‍ എത്തിക്കാം എന്ന് കമ്പനികള്‍ ആലോചിക്കും. വാര്‍ത്തയും അങ്ങനെത്തന്നെ. തങ്ങളുടേത് മാത്രമായ വാര്‍ത്തകള്‍ എങ്ങനെ സൃഷ്ടിക്കാം/ കണ്ടെത്താം എന്നിടത്തേക്ക് മാധ്യമ മുതലാളിമാരുടെ ചിന്ത തിരിയും. അപ്പോഴാണ് എക്സ്‌ക്ലൂസീവുകള്‍ പിറക്കുന്നത്. വിപണിയാണ് പലപ്പോഴും എക്സ്‌ക്ലൂസീവിനെ നിര്‍ണയിക്കുന്നതും നിര്‍മിക്കുന്നതും. ഏറ്റവും കൗശലക്കാരനായ കച്ചവടക്കാരന്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്നു. മലയാളത്തിലെ ഏതാണ്ടെല്ലാ ദൃശ്യ-അച്ചടി മാധ്യമങ്ങളും ഈ വഴി തിരഞ്ഞെടുത്തു കഴിഞ്ഞു. വാര്‍ത്തയെ തന്നെ വിനോദമാക്കി മാറ്റിയ മാധ്യമങ്ങളുമുണ്ട് മലയാളത്തില്‍. ഒറ്റപ്പെട്ട കുതറലുകള്‍ മാത്രമാണ് ഇപ്പോള്‍ കാണാനാകുന്നത്. അതുതന്നെ എത്ര കാലം എന്ന് കാത്തിരുന്നറിയേണ്ടിയിരിക്കുന്നു.

മത്സരത്തില്‍ മേല്‍കൈ നേടാനുള്ള മറ്റൊരു വഴി സ്വന്തം ‘ഓഡിയന്‍സിനെ’ കണ്ടെത്തുക എന്നതാണ്. അത് പല തലങ്ങളില്‍ നിര്‍വഹിക്കപ്പെടുന്നതാണ്; വാര്‍ത്തകളിലൂടെ മാത്രമല്ല. കൈരളി ടി വിയില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പട്ടുറുമാല്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഓര്‍ക്കുക. മുസ്ലിം കമ്മ്യൂണിറ്റിയെ സംബോധന ചെയ്യാനുള്ള ശ്രമമായിരുന്നു അത് (മുസ്ലിം നിയോജകമണ്ഡലത്തെ ഇങ്ങനെയാണോ ആകര്‍ഷിക്കേണ്ടത് എന്ന ചോദ്യം മാറ്റിവെക്കുന്നു). ലക്ഷ്യം നിറവേറ്റപ്പെടുകയോ മറ്റു ചാനലുകള്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലേക്ക് വരികയോ ചെയ്തതോടെ കൈരളി പട്ടുറുമാലില്‍ നിന്ന് പിന്‍വാങ്ങി. ശബരിമലയില്‍ നടതുറക്കുന്നതും അടക്കുന്നതും ലൈവായി കാണിക്കുന്നത് ജനം ടി വി മാത്രമല്ല. കൈരളിയില്‍ പോലും ശബരിമല വാര്‍ത്തകള്‍ക്ക് മാത്രമായി പ്രത്യേക നേരമുണ്ട്. അത് സന്നിധാനത്ത് നടക്കുന്ന ആചാരാനുഷ്ഠാനങ്ങളോടുള്ള സി പി എമ്മിന്റെ ആഭിമുഖ്യമായി വായിക്കുന്നത് അബദ്ധമാകും. വാര്‍ത്തയോട് അവശ്യം പുലര്‍ത്തേണ്ട നീതിയായി അതിനെ സാമാന്യവത്കരിക്കുന്നതും സത്യസന്ധമാകില്ല. അയ്യപ്പഭക്തരെ ഒപ്പം നിര്‍ത്താനുള്ള റേറ്റിംഗ് താത്പര്യം കൂടി അതിലുണ്ട്. അത് തെറ്റല്ല. വാര്‍ത്താ വിപണിയിലെ മത്സരത്തില്‍ ഇതൊക്കെ വേണ്ടിവരും. അതേസമയം എല്ലാ വാര്‍ത്തകളും ഫോട്ടോകളും ഇങ്ങനെ ആകണം എന്നില്ല. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ധരിച്ച ബാലുശ്ശേരി സ്്കൂളിലെ കുട്ടികളുടെ ഫോട്ടോ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ അത് വെറുമൊരു വാര്‍ത്താ ചിത്രമല്ലെന്നും പാര്‍ട്ടിയുടെ ‘നിലപാട്’ തന്നെയാണ് എന്നും വിവേചിച്ചറിയുന്നിടത്താണ് വായനക്കാരന്റെ/ പ്രേക്ഷകന്റെ ബൗദ്ധികനിലവാരം പ്രകടമാകുന്നത്. ആ ‘നിലപാടി’നെ സംവാദാത്മകമായി സമീപിക്കാന്‍ കഴിയുമ്പോഴാണ് നമ്മള്‍ നല്ലൊരു വായനക്കാരനോ പ്രേക്ഷകനോ ആകുന്നത്. മലയാളികളും അവര്‍ക്കിടയിലെ നാനാവിധ സംഘാടനങ്ങളും ഈ സംവാദാത്മകത പൊതുവില്‍ പങ്കിടുന്നുണ്ട്. അതുകൊണ്ടാണല്ലോ ഇക്കാലത്ത് ഏതെങ്കിലും മാധ്യമസ്ഥാപനം ബഹിഷ്‌കരിക്കണമെന്ന് ഒരു സംഘടനയും ആഹ്വാനം ചെയ്യാത്തത്. ഏഷ്യാനെറ്റ് ന്യൂസിന്റെ രാത്രി ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന നാളുകളിലും ആ ചാനലിനോട് പൂര്‍ണമായി പുറംതിരിഞ്ഞുനിന്നിട്ടില്ല സി പി എം. സംസാരിക്കാനുള്ള വാതില്‍ തുറന്നിട്ടുതന്നെയാണ് സി പി എം ആ തീരുമാനം കൈക്കൊണ്ടത്. സംഘ്പരിവാറിനോട് കടുത്ത വിരോധം ഉണ്ടായിരിക്കെത്തന്നെ ജനം ടി വിയില്‍ ഇടതുപ്രതിനിധികള്‍ ചര്‍ച്ചക്കിരിക്കാറുണ്ട്. ജമാഅത്തെ ഇസ്ലാമിയോട് അതിനിശിതമായ വിമര്‍ശങ്ങള്‍ തുടരവേ തന്നെ മീഡിയാവണ്ണില്‍ സുന്നി സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാറുണ്ട്. മാധ്യമങ്ങളോട് പൊതുവില്‍ ഉണ്ടാകേണ്ട സംവാദ മര്യാദ പാലിച്ചുകൊണ്ടാണ് ഇങ്ങനെ ചെയ്യാറുള്ളത്.

പക്ഷേ, ഈ സംവാദാത്മകത സംഘടനകളോടും സമുദായങ്ങളോടും മാധ്യമങ്ങള്‍ തിരിച്ചു പ്രകടിപ്പിക്കാറുണ്ടോ? ഇല്ല എന്നുമാത്രമല്ല, ഇസ്ലാം/മുസ്ലിം വിരുദ്ധ മുന്‍വിധികളാല്‍ ‘സമ്പന്നമാണ്’ പല മലയാള മാധ്യമങ്ങളും. മുസ്ലിം സൗഹൃദമാകാന്‍ താത്പര്യപ്പെടുന്ന മാധ്യമ സ്ഥാപനങ്ങള്‍ പോലും ഇസ്ലാമിനോട് സംവാദാത്മകമായെങ്കിലും സൗഹൃദപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന യാഥാര്‍ഥ്യവും മുന്നിലുണ്ട്. ഒരു കമ്മ്യൂണിറ്റി എന്ന നിലക്ക് മുസ്ലിം സമൂഹത്തെ സംബോധന ചെയ്യുമ്പോഴും ഒരു വിശ്വാസ പ്രത്യയശാസ്ത്രം എന്ന നിലയില്‍ ഇസ്ലാമിനെ സമീപിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയാറില്ല. എന്ന് മാത്രമല്ല, ഇസ്ലാംവിരുദ്ധമായ ആഖ്യാനങ്ങള്‍ക്കും സംഭവങ്ങള്‍ക്കും അര്‍ഹിക്കുന്നതിലേറെ ദൃശ്യത നല്‍കാന്‍ ശ്രമിക്കാറുമുണ്ട്. അതില്‍ പുരോഗമനപക്ഷത്ത് നില്‍ക്കുന്ന ചില ആളുകള്‍ പോലും വീണുപോകുന്നു! ‘ഉസ്താദ് തുപ്പിയ വെള്ളമാണെന്ന് പറഞ്ഞ് പോളിയോ മരുന്ന് കൊടുത്തു’ എന്ന ട്രോള്‍ ചിത്രം (ഒരു മുസ്ലിം സ്ത്രീ, കുഞ്ഞിനെയുമായി നില്‍ക്കുന്ന ചിത്രം) ‘ബുദ്ധിപൂര്‍വമായ നീക്കം’ എന്ന മേല്‍ക്കുറിപ്പോടെ റെജി ലൂക്കോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് (രണ്ട് ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം പിന്‍വലിച്ചു). റെജി ലൂക്കോസ് ഇടതുനിരീക്ഷകന്‍ എന്ന വിലാസത്തില്‍ ചാനലുകളില്‍ സി പി എമ്മിന് വേണ്ടി സംസാരിക്കുന്ന ആളാണ്, പുരോഗമനവാദിയാണ്. അദ്ദേഹത്തിന് പോലും ഇസ്ലാമിനെ/മുസ്ലിമിനെ പ്രതിയുള്ള മുന്‍വിധികളില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ല. ആ ട്രോള്‍ പങ്കിടുന്ന ജനാധിപത്യവിരുദ്ധതയും വംശീയ അധിക്ഷേപവും അദ്ദേഹത്തിന് മനസ്സിലാകാഞ്ഞിട്ടാകുമോ? ഒന്ന്, വാക്സീനേഷന്‍ പോലുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ നിന്ന് ഇസ്ലാം മുസ്ലിംകളെ വിലക്കുന്നു. രണ്ട്, ഉസ്താദുമാര്‍ വെള്ളത്തില്‍ തുപ്പാറുണ്ട് (ഒരു ബിരിയാണി ദൃശ്യം പങ്കിട്ട് ഈ തെറ്റായ പ്രചാരണം തുടങ്ങിവെച്ചത് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ്, പിന്നാലെ അത് ഏറ്റെടുത്തത് ചില തീവ്രക്രിസ്ത്യന്‍ ഗ്രൂപ്പുകളും). മൂന്ന്, ഉസ്താദുമാര്‍ തുപ്പിയ ഭക്ഷണം/വെള്ളം മറുചോദ്യങ്ങളില്ലാതെ അകത്താക്കുന്നവരാണ് മുസ്ലിംകള്‍. ഈ മൂന്ന് വിചിത്ര നുണകളെങ്കിലും പറഞ്ഞുവെക്കുന്ന ആ ട്രോള്‍ ചിത്രം കണ്ടിട്ട് റെജിലൂക്കോസ് ‘ചിരിച്ചു ചിരിച്ച്’ മറിഞ്ഞെങ്കില്‍ പരിഹസിക്കുന്നത് ഇസ്ലാമിനെ/ മുസ്ലിംകളെ മാത്രമല്ല, അദ്ദേഹം നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഇടതുരാഷ്ട്രീയത്തെ കൂടിയാണ്.

ഇത്തരം മുന്‍വിധികളും തെറ്റിദ്ധാരണകളും വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കൊവിഡ് വാക്സീന്‍ എടുത്തവരുടെ ശതമാനക്കണക്കില്‍ മലപ്പുറം ജില്ല പിറകിലാണ് എന്ന് വരുകില്‍ അത് മതപരമായ കാരണങ്ങളാലാണ് എന്ന തീര്‍പ്പിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ മാത്രമുള്ള മുന്‍വിധികളുടെ നടുത്തളത്തിലിരുന്നാണ് ഇസ്ലാമിനെയും മുസ്ലിംകളെയും ഉപദേശിച്ചു നന്നാക്കാനും വിമര്‍ശിച്ചു വെടക്കാക്കാനും ചില മാധ്യമങ്ങളും ബുദ്ധിജീവികളും തുനിഞ്ഞിറങ്ങുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ടൗണ്‍ ഹാളില്‍ എസ് എസ് എഫ് വേദിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ ഒരു പ്രഭാഷണത്തെ മാധ്യമങ്ങള്‍ എങ്ങനെയാണു വെളിച്ചപ്പെടുത്തിയത് എന്നോര്‍ക്കുന്നത് ഇന്നേരത്ത് സംഗതമാകും. സ്ത്രീകള്‍ക്ക് മാത്രമേ പ്രസവിക്കാന്‍ കഴിയൂ എന്ന പ്രസ്താവനയെ സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ എന്ന് തലതിരിച്ചിട്ടു ചില ചാനലുകള്‍. ഇസ്ലാമിന്റെ സ്ത്രീ സങ്കല്‍പ്പം അങ്ങനെ ആയിരിക്കണമെന്നും കാന്തപുരത്തെപ്പോലൊരു മുസ്ലിം പണ്ഡിതന്‍ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നുമുള്ള പൊതുബോധത്തിന്റെ പങ്ക് പറ്റുകയായിരുന്നു അന്ന് ചാനലുകള്‍ ചെയ്തത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനകളോ പ്രസ്ഥാന നിലപാടുകളോ വിമര്‍ശിക്കപ്പെടുന്നതില്‍ അസഹിഷ്ണുതയില്ല. പക്ഷേ ആ വിമര്‍ശനത്തിന് വേണ്ടി ഉപയോഗിക്കുന്ന ടൂളുകള്‍ ഇസ്ലാം / മുസ്ലിം വിരുദ്ധതയുടേതാണെങ്കില്‍ അത് സോദ്ദേശ്യ വിമര്‍ശനമായി സ്വീകരിക്കപ്പെടില്ല, ദുഷ്ടലാക്കോടെയുള്ള അധിക്ഷേപമായേ ഗണിക്കപ്പെടുകയുള്ളൂ.

ഒരു മതവിശ്വാസി സമൂഹത്തെ അഭിമുഖീകരിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട മര്യാദ മുസ്ലിം സമുദായ പരിസരത്തെത്തുമ്പോള്‍ ചില മാധ്യമങ്ങള്‍ മറന്നുപോകുന്നത് എന്തുകൊണ്ടാകും? 2021 ഡിസംബര്‍ 12ന് ഒരു പത്രത്തില്‍ വന്ന ഒമിക്രോണ്‍ വാര്‍ത്തയില്‍ നിന്നൊരു ഭാഗം: ‘രാജ്യത്താകെ അഞ്ച് സംസ്ഥാനങ്ങളിലായി 32 കേസുകളായി. ഇതില്‍ 17 പേരും മഹാരാഷ്ട്രയിലാണ്. ടാന്‍സാനിയയില്‍ നിന്നെത്തിയ മുസ്ലിം പുരോഹിതനാണ് (49) ധാരാവിയില്‍ ഒമിക്രോണ്‍ ബാധിച്ചത്. മുംബൈയിലെ മറ്റു രണ്ട് പേര്‍ യു കെയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയവരാണ്.’ 32 പേരില്‍ ആരുടെയും മതം വാര്‍ത്തയില്‍ കാണില്ല. മഹാരാഷ്ട്രയിലെ 16 ഒമിക്രോണ്‍ ബാധിതര്‍ക്കും മതമില്ല. പക്ഷേ പതിനേഴാമന് -പുരോഹിതന്- വാര്‍ത്തയില്‍ മതമുണ്ട്! ഡല്‍ഹിയിലെ തബ്്‌ലീഗ് സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ക്ക് കൊവിഡ് ബാധിച്ചതിനെ കുറിച്ചുള്ള വാര്‍ത്തയില്‍ തബ്്‌ലീഗ് വൈറസ് എന്നും കൊറോണ ജിഹാദ് എന്നും മലയാള മാധ്യമങ്ങളില്‍ കടന്നുകൂടിയത് യാദൃച്ഛികമോ കൈയബദ്ധമോ ആയി തള്ളിക്കളയാമോ? മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന 2005ല്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെയുണ്ട്: ‘സിംഗപ്പൂരില്‍ നിന്നുള്ള ഒരു മടക്കയാത്രയില്‍ ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറോളം പിടിച്ചുനിര്‍ത്തി. ബാഗുകള്‍ അഴിച്ചുകുടഞ്ഞു. ‘യൂ പീപ്പിള്‍ ആര്‍ മേക്കിംഗ് സോ മച്ച് ട്രബിള്‍’ എന്നാണവര്‍ കാരണം പറഞ്ഞത്. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം നടന്ന വര്‍ഷമായിരുന്നു അത്’. (ടെലിവിഷന്‍ ജേണലിസ്റ്റ് എന്ന നിലയില്‍ ഒരു സ്ത്രീയുടെ ജീവിതം- പച്ചക്കുതിര മാസിക, മാര്‍ച്ച് 2005). വ്യക്തി ജീവിതത്തില്‍ മതം പ്രാക്ടീസ് ചെയ്യാത്ത ഒരു മാധ്യമ പ്രവര്‍ത്തക പേരിലെ മതം കൊണ്ട് മറ്റാര്‍ക്കും ബാധകമല്ലാത്ത കഠിന പരിശോധനകളിലൂടെ കടന്നു പോകേണ്ടി വരുന്നുണ്ട് ഇന്ത്യനവസ്ഥയില്‍. അപ്പോള്‍ പിന്നെ മതചിഹ്നങ്ങള്‍ വേഷത്തിലും ശരീരത്തിലും കൊണ്ടുനടക്കുന്ന വിശ്വാസിമുസ്ലിമിന്റെ നിലയെന്താകും? അയാള്‍ ഓരോ ദിവസവും എന്തെന്തു പരീക്ഷണങ്ങളെയും പരിശോധനകളെയുമാണ് നേരിടേണ്ടി വരുന്നത്? മുസ്ലിംകളെ കുറിച്ചുള്ള വാര്‍ത്തകളെഴുതുമ്പോള്‍/ സ്റ്റോറികള്‍ തയ്യാറാക്കുമ്പോള്‍ ‘കുഴപ്പക്കാരായ മുസ്ലിംകളെ’ തന്നെയല്ലേ മലയാള മാധ്യമങ്ങളും 2022ലും മനക്കണ്ണില്‍ കാണുന്നത്? സമുദായം ഏതുതരം പരിശോധനക്കാണ് ഇനിയും നിങ്ങള്‍ക്കു മുമ്പില്‍ നിന്നുതരേണ്ടത്?

കര്‍ണാടക ഉഡുപ്പിയിലെ ഹിജാബ് വിലക്ക് പരിശോധിക്കൂ. ഒരു പൊതുസ്ഥാപനത്തില്‍ മതചിഹ്നം ഉപയോഗിക്കുന്നതിലുള്ള മതേതര ഉത്കണ്ഠ അല്ല അവിടുത്തെ പ്രശ്നം. അങ്ങനെ ഒരുത്കണ്ഠയും ഭരണഘടനക്കോ മതേതരത്വത്തിനോ ഉണ്ടാകേണ്ടതില്ല. കൃത്യമായ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായി സംഭവിച്ചതാണ് ആ ഹിജാബ് വിലക്ക്. ഈ ലേഖനം തയ്യാറാക്കുമ്പോള്‍ കര്‍ണാടകയില്‍ നിന്ന് മറ്റൊരു വാര്‍ത്ത എത്തിയിരിക്കുന്നു. കര്‍ണാടകയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളജുകളിലും യൂനിഫോം നിര്‍ബന്ധമാക്കിയതാണ് വാര്‍ത്ത. ഉത്തരവ് ഉടനെ നടപ്പാക്കണമെന്നാണ് കോളജുകള്‍ക്ക് പ്രീ യൂനിവേഴ്സിറ്റി ബോര്‍ഡ് ഡയറക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. യൂനിഫോം ഏതെന്ന് സര്‍ക്കാറിനു കീഴിലുള്ള കോളജ് ഡെവലപ്മെന്റ് ബോര്‍ഡ് തീരുമാനിക്കും, അഥവാ സര്‍ക്കാര്‍ തന്നെ തീരുമാനിക്കും. ആ യൂനിഫോമില്‍ ഹിജാബ് അനുവദിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കര്‍ണാടക ഭരിക്കുന്നത് ബി ജെ പി സര്‍ക്കാറാണ്. ആര്‍ എസ് എസിന്റെ രാഷ്ട്രീയ സംഘാടനമാണ് ബി ജെ പി. ആര്‍ എസ് എസ് മുസ്ലിംകളോടെങ്ങനെ എന്നതിന് ചരിത്രത്തിലും വര്‍ത്തമാനത്തിലും ഉത്തരമുണ്ട്. ഉഡുപ്പിയിലെ ഹിജാബ് വിലക്ക് സംസ്ഥാന വ്യാപകമാക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവ്. യൂനിഫോം കോഡ് ഇല്ലെങ്കില്‍ തുല്യതയും സമത്വവും ക്രമസമാധാനവും അപകടപ്പെടുമെന്നാണ് ഉത്തരവിലുള്ളത്. നേരേ ചൊവ്വേ പറഞ്ഞാല്‍ ഹിജാബ് ഒരു ക്രമസമാധാന പ്രശ്നം ആണെന്ന്! ഉഡുപ്പിയിലെ ഹിജാബ് വിലക്ക് ഉഡുപ്പി കോളജ് അധികൃതരുടെ മാത്രം ആലോചന അല്ലെന്നും അത് ഒരജന്‍ഡയുടെ ഭാഗമായി നടപ്പാക്കപ്പെട്ടതാണെന്നും വ്യക്തം.

കര്‍ണാടകയിലെ സര്‍ക്കാര്‍ പ്രീ യൂനിവേഴ്സിറ്റി, കോളജുകളില്‍ പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികളുടെ മുന്നില്‍ രണ്ട് വഴികളുണ്ട്. ഒന്ന്, സര്‍ക്കാര്‍ പറയുന്നതുകേട്ട് ഹിജാബഴിച്ച് പഠനം തുടരുക. രണ്ട്, പഠനം ഉപേക്ഷിച്ച് വീട്ടിലിരിക്കുക. അടുത്ത അധ്യയന വര്‍ഷം ഏതെങ്കിലും സ്വകാര്യ കോളജില്‍ ചേര്‍ന്ന് കോഴ്സ് പൂര്‍ത്തിയാക്കുക. ദരിദ്ര കുടുംബങ്ങളിലെ മുസ്ലിം കുട്ടികള്‍ക്ക് അത് എളുപ്പമാകില്ല. ഫലം അവര്‍ വിദ്യാഭ്യാസത്തില്‍ നിന്ന് പുറന്തള്ളപ്പെടുമെന്നതാണ്. സംഘ്പരിവാരം അതാണാഗ്രഹിക്കുന്നത്. മുസ്ലിംകളിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങളെ അവര്‍ അങ്ങേയറ്റം ആശങ്കയോടെയാണ് കാണുന്നത്. കര്‍ണാടകയില്‍ മാത്രമല്ല, ഇന്ത്യയില്‍ എല്ലായിടത്തും അവരുടെ മുസ്ലിം വിഭാവന അങ്ങനെയാണ്. വിദ്യാഭ്യാസമില്ലാത്ത, അവകാശങ്ങളെ കുറിച്ച് ബോധവാന്മാരല്ലാത്ത, രാഷ്ട്രീയ അവബോധമില്ലാത്ത, സാമ്പത്തിക സുസ്ഥിരതയില്ലാത്ത അടിമജീവിതം നയിക്കുന്ന മുസ്ലിംകളെയാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്. നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് അതെങ്ങനെ സാധ്യമാക്കാം എന്ന ആലോചനയില്‍ നിന്നാണ് മുത്വലാഖ് നിയമം മുതല്‍ ഹിജാബ് നിയന്ത്രണം വരെ ഉണ്ടാകുന്നത്! മുത്വലാഖില്‍ മുസ്ലിം സ്ത്രീയുടെ അവകാശ സംരക്ഷണത്തിനായി കരഞ്ഞുവിളിച്ച സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ ഉഡുപ്പിയിലെത്തുമ്പോള്‍ മുസ്ലിം പെണ്‍കുട്ടികളുടെ തലമറക്കാനുള്ള അവകാശം നിഷേധിച്ചതില്‍ കൈയടിച്ചര്‍മാദിക്കുന്നത് കാണുന്നില്ലേ? അതാണ് ഫാസിസം. ആടിന്റെയും കുറുക്കന്റെയും വേഷം മാറിമാറിയണിഞ്ഞ് കാഴ്ചക്കാരെ ഭ്രമിപ്പിക്കാന്‍ കഴിയുന്ന ഒടിവിദ്യ വശമുണ്ടവര്‍ക്ക്. മതേതര, ജനാധിപത്യ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്നു പ്രതീക്ഷിക്കുന്ന മാധ്യമങ്ങള്‍ സംഘ്പരിവാരത്തിന്റെ സദ്യ ഉണ്ണാനിരിക്കുന്നത് ഈ ഒടിവിദ്യയില്‍ വീണുപോകുന്നതുകൊണ്ടാണ്.

ഒരു പ്രതിഷേധത്തെ വാര്‍ത്തയാക്കുന്നു എന്നതിനപ്പുറത്ത് ആ പെണ്‍കുട്ടികളോട് ഐക്യപ്പെടാന്‍ ജനാധിപത്യ മനുഷ്യര്‍ക്കെന്ന പോലെ ആ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന മാധ്യമങ്ങള്‍ക്കും കഴിയേണ്ടതാണ്. ഭരണഘടനാപരമായ ഒരവകാശം, ജനാധിപത്യ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം എങ്ങനെയാണ് തട്ടിയെടുക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള ഏറ്റവും പുതിയ (ആദ്യത്തേതോ അവസാനത്തേതോ അല്ല) സന്ദര്‍ഭം എന്ന തലത്തില്‍ കൂടി വായിക്കപ്പെടേണ്ടതുണ്ട് കര്‍ണാടകയിലെ സംഭവ വികാസങ്ങള്‍. വിശ്വാസി മുസ്ലിംകളെ പൊതുധാരയില്‍ നിന്ന് പുറന്തള്ളാനുള്ള ആസൂത്രിത നീക്കങ്ങളാണ് ഇപ്പോള്‍ വേഗമാര്‍ജിച്ചിരിക്കുന്നത്. മുസ്ലിം മുന്‍വിധികളില്‍ തളച്ചിടപ്പെട്ട മാധ്യമങ്ങള്‍ക്ക് പക്ഷേ അമ്മട്ടില്‍ വിഷയത്തെ സംബോധന ചെയ്യാന്‍ കഴിയുന്നില്ല. ഇത് ഉഡുപ്പിയിലെ പ്രശ്നമോ ഉടുപ്പിലെ പ്രശ്നമോ അല്ല, ഒരു മതസമൂഹം എന്ന നിലക്ക് മുസ്ലിംകളോട് സംഘ്പരിവാര്‍ പുലര്‍ത്തിവരുന്ന കടുത്ത വിദ്വേഷമാണ് ഹിജാബിലെത്തിനില്‍ക്കുന്നത്. അതിനിയും മനസ്സിലാകാത്തവരുണ്ടോ? മുസ്ലിം സ്ത്രീകളെ സൈബറിടത്തില്‍ വില്‍പ്പനക്ക് വെച്ചപ്പോഴും മലയാള മാധ്യമങ്ങള്‍ മിക്കതും നിശ്ശബ്ദമായിരുന്നു! മുസ്ലിംകള്‍ ഇതൊക്കെ അര്‍ഹിക്കുന്നു എന്ന തീര്‍പ്പിലാണോ, അല്ലെങ്കില്‍ സംഘ്പരിവാറിനോട് കലഹിക്കാന്‍ മാത്രമുള്ള രാഷ്ട്രീയ കരുത്ത് മാധ്യമങ്ങള്‍ക്കില്ല എന്നതു കൊണ്ടാകുമോ? രണ്ടായാലും അത് നല്‍കുന്ന സൂചന ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമല്ല. മാധ്യമങ്ങളൊന്നാകെ മുസ്ലിം വിരുദ്ധമാണ് എന്നല്ല ഇത്രയും എഴുതിയതിന്റെ താത്പര്യം. ഒരു പൗരസമൂഹം എന്ന നിലയിലെങ്കിലും മുസ്ലിം സമൂഹം ഇക്കാലത്ത് കൂടുതല്‍ മാധ്യമപരിഗണന അര്‍ഹിക്കുന്നുണ്ട്. ഇസ്ലാം/ മുസ്ലിം വിരുദ്ധ മുന്‍വിധികളില്‍ നിന്ന് പുറത്തുകടന്നുകൊണ്ടാണ് ആ ചേര്‍ന്നുനില്‍പ്പ് സാക്ഷാത്കരിക്കപ്പെടേണ്ടത്. മുസ്ലിമിനോടെന്ന പോലെ ഇസ്ലാമിനോട് സംവാദത്തിലേര്‍പ്പെടാനും അവര്‍ക്ക് സാധിക്കേണ്ടതാണ്.

മതബോധ്യങ്ങള്‍ക്കനുസൃതമായി ജീവിക്കണമെങ്കില്‍ ഭരണകൂടത്തിന്, അവരെ നിയന്ത്രിക്കുന്ന ശക്തികള്‍ക്ക് കപ്പം കൊടുക്കേണ്ടി വരുന്നതിനേക്കാള്‍ എന്ത് അപമാനമാണ് ഒരു സമുദായത്തിന് ഭവിക്കാനുള്ളത്? തലയിലെ തട്ടം അഴിച്ചിട്ടുവരൂ എന്ന ഉഗ്രശാസന അംഗീകരിക്കേണ്ടി വരുന്നത് ഭരണകൂടത്തിന് കപ്പം കൊടുക്കലല്ലാതെ മറ്റെന്താണ്? അധികാരാവകാശങ്ങളില്ലാത്ത ന്യൂനപക്ഷം എന്ന അപകടകരമായ വിഭാവനയെ കണ്ടില്ലെന്നു നടിക്കുകയും തട്ടത്തിന്റെ പേരിലുള്ള ഒരു സമരമായി മാത്രം ഉഡുപ്പിയിലെ പെണ്‍കുട്ടികള്‍ വാര്‍ത്തയാകുകയും ചെയ്യുമ്പോള്‍ വിജയിക്കുന്നത് സംഘ്പരിവാറും തോല്‍ക്കുന്നത് ഭരണഘടനയുമാണ്. ഭരണഘടനാ മൂല്യങ്ങള്‍ അവമതിക്കപ്പെടുന്ന നാളുകളില്‍ ‘വിപണിക്കൊപ്പിച്ച്’ ജീവിക്കാന്‍ മുസ്ലിമിനെ പാകപ്പെടുത്താനല്ല, ഇസ്ലാമികമായി ജീവിക്കാനുള്ള അവകാശങ്ങളില്‍ മുസ്ലിമിനൊപ്പം നില്‍ക്കാനാരുണ്ട് എന്നതു തന്നെയാണ് മുഖ്യമായ രാഷ്ട്രീയ ചോദ്യം.

 

 

---- facebook comment plugin here -----

Latest