Connect with us

Kuwait

പ്രലോഭനത്തിന്റെ മാര്‍ഗം ഇസ്ലാം അംഗീകരിക്കുന്നില്ല: സുലൈമാന്‍ മുസ്ലിയാര്‍

Published

|

Last Updated

കുവൈത്ത് | ആദര്‍ശ പ്രചാരണത്തിന് പ്രലോഭനത്തിന്റെയോ ഭീഷണിയുടെയോ മാര്‍ഗം സ്വീകരിക്കുന്നത് മാനവികമല്ലെന്നും അത്തരം നിലപാടുകളെ ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. വ്യക്തികളിലും സമൂഹത്തിലും സമൂലമായ ധാര്‍മിക മാറ്റങ്ങള്‍ സൃഷ്ടിച്ചാണ് വിശുദ്ധ ഇസ്ലാം പടര്‍ന്നു പന്തലിച്ചതെന്നും എക്കാലത്തെയും എല്ലാ മനുഷ്യരുടെയും എല്ലാതരം ജീവല്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായതു കൊണ്ടാണ് ജനങ്ങള്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ഐ സി എഫ് സംഘടിപ്പിച്ച ഗ്രാന്റ് മീലാദ് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഇരുട്ടുനീക്കി വെളിച്ചത്തിലേക്കു വഴിനടത്തിയ തിരു പ്രവാചകരുടെ ഓര്‍മകള്‍ കൂടുതല്‍ സജീവമാക്കേണ്ട സന്ദര്‍ഭമാണ് ഇപ്പോഴുള്ളതെന്നും ഖുര്‍ആനില്‍ സ്രഷ്ടാവ് തുടങ്ങിവെച്ചതും മുന്‍ഗാമികളിലൂടെ കൈമാറി ലഭിച്ചതുമായ സുകൃതമാണ് നബി കീര്‍ത്തനമെന്നും സുലൈമാന്‍ മുസ്ലിയാര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സ് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അല്ലാഹു മനുഷ്യര്‍ക്കായി സംവിധാനിച്ച എല്ലാ നന്മകളും പ്രയോഗവത്കരിച്ച് കാണിച്ചുതന്ന നേതാവായിരുന്നു മുഹമ്മദ് നബി (സ) യെന്നും ആ ജീവിതത്തിന്റെ മനോഹാരിത ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കലാണ് നബിദിനാഘോഷങ്ങളുടെ പൊരുളെന്നും കാന്തപുരം പറഞ്ഞു.

കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മദ്ഹ് പ്രഭാഷണം നടത്തി. കുവൈത്ത് ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ പൊന്മുണ്ടം പ്രാര്‍ഥന നടത്തി. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍കരീം ഹാജി മേമുണ്ട, അബ്ദുല്ല വടകര, അലവി സഖാഫി തെഞ്ചേരി, അബൂമുഹമ്മദ് പ്രസംഗിച്ചു.

 

Latest