Connect with us

Articles

ഇസ്‌ലാമിക് ബേങ്കിംഗ്: ഈ വളര്‍ച്ച കണ്ടില്ലെന്ന് നടിക്കരുത്‌

1975ല്‍ യു എ ഇയില്‍ ആദ്യ ഇസ്‌ലാമിക് ബേങ്ക് വന്നതിനു ശേഷം അത്ഭുതകരമായ വളര്‍ച്ചയാണ് ഉണ്ടായത്. 2023ലെ ഇസ്‌ലാമിക് ഫിനാന്‍സ് ഡെവലപ്മെന്റ് ഇന്‍ഡിക്കേറ്റര്‍ പ്രകാരം ഇസ്‌ലാമിക് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിലെ ആസ്തികളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ യു എ ഇ നാലാം സ്ഥാനത്ത് എത്തിയെന്നും, യു എ ഇയിലെ മൊത്തം ബേങ്കിംഗ് ക്രെഡിറ്റിന്റെ ഏകദേശം 22 ശതമാനവും ഇസ്‌ലാമിക് ബേങ്കുകളാണ് എന്നും വ്യത്യസ്ത ഏജന്‍സികള്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടുകള്‍ പുറത്തുവിടുകയുണ്ടായി.

Published

|

Last Updated

ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് വളരെയേറെ പ്രതീക്ഷയും ആവേശവും നല്‍കുന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1975ല്‍ യു എ ഇയില്‍ ആദ്യ ഇസ്‌ലാമിക് ബേങ്ക് വന്നതിനു ശേഷം ഇന്നുവരെയും അത്ഭുതകരമായ വളര്‍ച്ചയാണ് ഉണ്ടാകുന്നത് എന്ന വാര്‍ത്തക്ക് പുറമെ 2023ലെ ഇസ്‌ലാമിക് ഫിനാന്‍സ് ഡെവലപ്മെന്റ്ഇന്‍ഡിക്കേറ്റര്‍ പ്രകാരം ഇസ്‌ലാമിക് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിലെ ആസ്തികളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ യു എ ഇ നാലാം സ്ഥാനത്ത് എത്തിയെന്നും, യു എ ഇയിലെ മൊത്തം ബേങ്കിംഗ് ക്രെഡിറ്റിന്റെ ഏകദേശം 22 ശതമാനവും ഇസ്‌ലാമിക് ബേങ്കുകളാണ് എന്നും വ്യത്യസ്ത ഏജന്‍സികള്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടുകള്‍ പുറത്തുവിടുകയുണ്ടായി. കൂടാതെ, ഈ വര്‍ഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ ഇസ്‌ലാമിക ബേങ്കിലുള്ള നിക്ഷേപം 152.3 ബില്യണ്‍ ദിര്‍ഹത്തിലെത്തിയതായും യു എ ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ലോകത്തിന്റെയും മനുഷ്യരാശിയുടെയും ജീവവായു എന്ന് വിളിക്കപ്പെടുന്ന സാമ്പത്തിക സംവിധാനത്തിന് ലോകത്ത് രണ്ട് രീതികള്‍ മാത്രമേ നിലവിലുള്ളൂ- ഒന്ന് സാമ്പ്രദായിക പലിശാധിഷ്ഠിത രീതി, മറ്റൊന്ന് പലിശയില്ലാത്ത ഇസ്‌ലാമിക രീതി. ഇതില്‍ ആദ്യത്തെ സംവിധാനം ഒന്നിനു പിറകെ മറ്റൊന്നായി പരാജയവും മാന്ദ്യവും സമ്മാനിക്കുമ്പോള്‍ ഇസ്‌ലാമിക സംവിധാനം നാള്‍ക്കുനാള്‍ വളര്‍ച്ച പ്രാപിക്കുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. യു എ ഇയില്‍ നിന്ന് വരുന്ന കണക്കുകളും വ്യക്തമാക്കുന്നത് മറ്റൊന്നല്ല.

ഇന്ന് ലഭ്യമായ ഏത് ഡാറ്റയനുസരിച്ചും ഇസ്‌ലാമിക് ബേങ്കുകളുടെ വളര്‍ച്ച ഓരോ വര്‍ഷവും പത്ത് ശതമാനത്തിലധികമാണ്. ചില വര്‍ഷങ്ങളില്‍ 22 ശതമാനം വരെ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ സാമ്പ്രദായിക ബേങ്കുകളുടെ വളര്‍ച്ച വെറും രണ്ട് ശതമാനം മാത്രമാണെന്ന് മനസ്സിലാക്കണം. അഥവാ ഇസ്‌ലാമിക സംവിധാനം പാരമ്പര്യ സംവിധാനത്തെ അതിജയിച്ച് ലോകം കീഴടക്കുമെന്ന് സാരം. ഇന്ന് ഇസ്‌ലാമിക് ഫിനാന്‍സ് രംഗം കൈയടക്കി വെച്ചിരിക്കുന്ന ആസ്തി അഞ്ച് ട്രില്യണോളം ഡോളറാണ് (5,000,000,000,000 ഡോളര്‍). ലോകത്തെ പകുതിയിലധികം രാഷ്ട്രങ്ങളിലും ഇസ്‌ലാമിക് ബേങ്ക് പൂര്‍ണാര്‍ഥത്തിലോ ഭാഗികമായോ പ്രവര്‍ത്തിക്കുന്നുണ്ട്. 600ലധികം ബേങ്കുകള്‍ ഇങ്ങനെയുണ്ടെന്നാണ് കണക്ക്. നൂറുകണക്കിന് മ്യൂച്ചല്‍ ഫണ്ടുകളും ധാരാളം സ്റ്റോക് മാര്‍ക്കറ്റ് ഇന്‍ഡക്‌സുകളും പ്രവര്‍ത്തിക്കുന്നു.

ഇവയില്‍ എടുത്തുപറയേണ്ടത് പാശ്ചാത്യ രാഷ്ട്രങ്ങള്‍ കാണിച്ച സമീപനമാണ്. 2014ല്‍ ബ്രിട്ടന്‍ ഭരണകൂടം തന്നെ ഔദ്യോഗികമായി 200 മില്യണ്‍ ഡോളറിന്റെ ഇസ്‌ലാമിക് ബോണ്ടുകള്‍ മാര്‍ക്കറ്റിലിറക്കി. ഹോങ്കോംഗും ലക്‌സംബര്‍ഗും ഇതേ പാത പിന്നീട് പിന്തുടര്‍ന്നു. റീട്ടെയ്്ല്‍ രംഗത്തും അല്ലാതെയും ധാരാളം ഇസ്‌ലാമിക് ബേങ്കുകള്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് ഫണ്ട് നല്‍കിയത് ഇസ്‌ലാമിക സംവിധാനമായിരുന്നു. 2004ല്‍ സ്ഥാപിതമായ ഇസ്‌ലാമിക് ബേങ്ക് ഓഫ് ബ്രിട്ടനില്‍ പകുതിയിലധികം കസ്റ്റമേഴ്‌സും അമുസ്‌ലിംകളാണ് എന്നത് ഇതിന്റെ സ്വീകാര്യതയാണ് വെളിപ്പെടുത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, എച്ച് എസ്, ബി സി, റൊസേറ്റ മര്‍ച്ചന്റ്ബേങ്ക്, ബാര്‍ക്ലെയ്‌സ് ക്യാപിറ്റല്‍ തുടങ്ങിയ പത്തിലധികം ബേങ്കുകളില്‍ പൂര്‍ണമായും ഇസ്‌ലാമിക് ബേങ്കിംഗ് രീതിയോ അല്ലെങ്കില്‍ ഇസ്‌ലാമിക് ബേങ്കിംഗ് വിന്‍ഡോയോ യു കെ യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുപത്തിയഞ്ചിലധികം ഇസ്‌ലാമിക് ഫിനാന്‍സ് സ്ഥാപനങ്ങള്‍ അമേരിക്കയിലും പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്. അമേരിക്കന്‍ ഇസ്‌ലാമിക് ഫിനാന്‍സ് ഹൗസ്, യൂനിവേഴ്‌സിറ്റി ബേങ്ക്, ഹാര്‍വാര്‍ഡ് ഇസ്‌ലാമിക് ഫിനാന്‍സ് ഹൗസ് തുടങ്ങിയവയാണ് അതില്‍ പ്രധാനം. കൂടാതെ അമേരിക്കന്‍ ബേങ്കുകളായ പല സ്ഥാപനങ്ങളും ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളില്‍ ഇസ്‌ലാമിക് ഫിനാന്‍സ് സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബേങ്ക് അതില്‍ പ്രധാനിയാണ്. അമേരിക്കന്‍ സ്റ്റോക് മാര്‍ക്കറ്റിലും ഇസ്‌ലാമിക് ഫിനാന്‍സ് പ്രോഡക്റ്റുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചിരിക്കുന്നു. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രാഷ്ട്രങ്ങളിലും ഇസ്‌ലാമിക് ഫിനാന്‍സ് ചെറുതല്ലാത്ത രൂപത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്‌ലാമിക് ഫിനാന്‍സിന് വാതില്‍ തുറക്കാനായി ഫ്രാന്‍സ് വ്യത്യസ്ത നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. പല ഇസ്‌ലാമിക് ബേങ്കുകളും തങ്ങളുടെ വിന്‍ഡോ ഇവിടെ തുറന്നു പ്രവര്‍ത്തിക്കും. നാഷണല്‍ ബേങ്ക് ഓഫ് കുവൈത്ത്, തിജാറത്ത് ബേങ്ക്, ഖത്വര്‍ നാഷനല്‍ ബാങ്ക് തുടങ്ങിയവ അതില്‍ പെടുന്നു. ജര്‍മനിയും ധാരാളം നിയമനിര്‍മാണങ്ങള്‍ ഈ വഴിക്ക് നടത്തിയിട്ടുണ്ട്. ഇറാന്‍ ബേങ്കുകളായ സെപഹ് പ്രത്യേക വിന്‍ഡോകള്‍ ജര്‍മനിയില്‍ സ്ഥാപിച്ചിരിക്കുന്നു. ഇസ്‌ലാമിക് ഫിനാന്‍സ് രാജ്യത്ത് കൂടുതല്‍ പ്രോത്സാഹിപ്പിക്കാനായി ഐറിഷ് 2010ല്‍ നികുതി ചട്ടങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയുണ്ടായി. 2011ല്‍ രണ്ട് ബില്യണ്‍ ഡോളര്‍ സുകുകുകള്‍ ഐറിഷ് സ്റ്റോക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു. സ്വിറ്റ്‌സര്‍ലാന്‍ഡ് 2006ല്‍ തന്നെ ഇസ്‌ലാമിക് ബേങ്കിന് ലൈസന്‍സ് കൊടുത്ത രാഷ്ട്രമാണ്. നമ്മുടെ അയല്‍ രാഷ്ട്രമായ ശ്രീലങ്ക ബഹുദൂരം മുന്നിലാണ് ഇവ്വിഷയത്തില്‍. സിങ്കപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇസ്‌ലാമിക് ഫിനാന്‍സ് രംഗത്ത് ആഗോള ശക്തികളായി നിലനില്‍ക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനങ്ങളോട് ഇന്ത്യ കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നതാണ്. ലോകത്ത് മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഒട്ടുമിക്ക മുസ്‌ലിംകളും ബേങ്കിംഗ് സംവിധാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള കാരണം പലിശാധിഷ്ഠിതമാണെന്നുള്ളത് കൊണ്ടാണെന്ന് സുവിദിതമായിരിക്കെ, ഇത്രയും വലിയൊരു ജനസഞ്ചയത്തിന് ആവശ്യമായ സംവിധാനം സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ അത്ഭുതമുണ്ട്. മുസ്‌ലിം ജനസംഖ്യ നാമമാത്രമായ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ കാണിക്കുന്ന ഉത്സാഹം പോലും ഇന്ത്യക്കില്ല. വിദേശ ഫണ്ടുകള്‍ ധാരാളം ഇന്ത്യയിലേക്കൊഴുകണമെന്ന് കരുതുന്ന ഇന്ത്യ ഇസ്‌ലാമിക് ഫിനാന്‍സിന് വാതില്‍ തുറന്നു നല്‍കുകയാണ് വേണ്ടത്. സമ്പന്ന മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് കൂടുതല്‍ പണമൊഴുകാന്‍ ഇത് നിമിത്തമാകുമെന്ന് തീര്‍ച്ചയാണ്. പലിശരഹിതമായ സംവിധാനങ്ങള്‍ മാത്രം അന്വേഷിച്ചു നടക്കുന്ന അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഒട്ടുമിക്ക നിക്ഷേപകര്‍ക്കും പണമിറക്കാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനാകുന്നത് ഇവിടെയും അത്തരം പലിശ രഹിത സംവിധാനം നിലവില്‍ വരുമ്പോള്‍ മാത്രമാണ്.

തല തിരിഞ്ഞ നടപടികളാല്‍ താളം തെറ്റി കൂപ്പുകുത്തിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഊര്‍ജം നല്‍കാന്‍ ഇസ്‌ലാമിക് ഫിനാന്‍സ് ഇന്ത്യയില്‍ നടപ്പാക്കുന്നതു മൂലമാകും. ധാരാളം തൊഴില്‍ സൃഷ്ടിക്കാനും ഇത് കാരണമാകുന്നു. ചെറുകിട കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായിരിക്കും കൂടുതല്‍ പ്രയോജനകരം. ഇന്ത്യയിലെ ഭൂരിഭാഗം മുസ്‌ലിംകളും സ്വയം തൊഴില്‍ കണ്ടെത്തുന്നവരാണെന്നും ഔദ്യോഗിക സാമ്പത്തിക രംഗത്ത് പ്രധിനിധ്യമില്ലാത്തവരാണെന്നും കണ്ടെത്തിയ സച്ചാര്‍ കമ്മിറ്റി ഒരു അധ്യായം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: മുസ്‌ലിംകളുടെ മറ്റെല്ലാ മേഖലകളിലെ വികസനത്തിനും വളരെ അനിവാര്യമായത് സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക എന്നത് തന്നെയാണ്. അതില്ലാത്ത പക്ഷം ഇനിയും സമഗ്ര പുരോഗതി അപ്രാപ്യമായിരിക്കും (പേജ് 136). ഇതിനോട് ചേര്‍ത്തു വായിക്കേണ്ട മറ്റൊരു വസ്തുതയാണ്, പത്ത് വര്‍ഷം മുമ്പുള്ള കണക്കനുസരിച്ച് മുസ്‌ലിംകളുടെ പേരില്‍ ബേങ്കുകളില്‍ കെട്ടിക്കിടക്കുന്ന പലിശ. ഒന്നര ട്രില്ല്യന്‍ ഡോളര്‍ അഥവാ 65,57,000 കോടി രൂപ. കേരളത്തില്‍ മാത്രം ഇത് 40,000 കോടി രൂപയാണ്. ഇത്രയും വലിയ തുക വിശ്വാസത്തിന്റെ പേരില്‍ മാത്രമാണ് മുസ്‌ലിംകള്‍ വാങ്ങാതിരിക്കുന്നത് എന്നത് പലിശയോട് മുസ്‌ലിം സമൂഹം കാണിക്കുന്ന അകല്‍ച്ച വ്യക്തമാക്കുന്നു.

2008ല്‍ അന്നത്തെ റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഡയറക്ടറും പിന്നീട് ഗവര്‍ണറുമായ രഘുറാം രാജന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കിയ വിശദമായൊരു റിപോര്‍ട്ട് ഇപ്പോഴും വേണ്ടത്ര ചര്‍ച്ചകള്‍ക്ക് വിധേയമാക്കാതെ പൂഴ്ത്തിയിരിപ്പുണ്ട്. ഇസ്‌ലാമിക് ഫിനാന്‍സ് സംവിധാനം ഇന്ത്യയില്‍ നടപ്പാക്കുകയാണ് ദരിദ്ര ജനകോടികളെ മുഖ്യധാരാ സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള വഴിയെന്ന് വിശദമായി വ്യക്തമാക്കിയ ഈ റിപോര്‍ട്ട് മന്‍മോഹന്‍ സിംഗ് സര്‍ക്കാറും മോദി സര്‍ക്കാറും രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളാല്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതിനു പകരം പിന്നീട് കൊണ്ടുവന്ന ജന്‍ ധന്‍ യോജനയാകട്ടെ വിപരീതഫലം നല്‍കുകയും ചെയ്തു. രാജ്യത്തെ എല്ലാവര്‍ക്കും ബേങ്ക് അക്കൗണ്ട് എന്ന രസകരമായ ആശയമാണ് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. സാധാരണ ക്യാഷ് ഇടപാടുകളെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുകയും ചെയ്തു. കോര്‍പറേറ്റുകള്‍ക്ക് പൂര്‍ണമായും ഓശാന പാടാന്‍ മാത്രമായിരുന്നു ഈ ശ്രമങ്ങളൊക്കെയും. ആനന്ദ് സിന്‍ഹ കമ്മിറ്റി 2006 ജൂലൈയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലും ഇന്ത്യയില്‍ ഇസ്‌ലാമിക് ഫിനാന്‍സ് നടപ്പാക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഈ റിപോര്‍ട്ടും സര്‍ക്കാര്‍ മൂടിവെക്കുകയാണ് ചെയ്തത്.

ധിഷണാ ശക്തിയും ആര്‍ജവവുമുള്ള ഒരു സര്‍ക്കാറാണ് ഇന്ത്യയില്‍ ഇസ്‌ലാമിക് ഫിനാന്‍സ് നടപ്പാക്കാന്‍ വേണ്ടത്. പിന്നെ പൗരന്മാരോടുള്ള സ്‌നേഹവും. അത്തരം ഭരണകൂടങ്ങള്‍ക്കേ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കൂ. അറേബ്യന്‍ രാഷ്ട്രങ്ങള്‍ ഇടക്കിടെ സന്ദര്‍ശിച്ച് ബന്ധം ഊഷ്മളമാക്കുന്ന പ്രധാനമന്ത്രിക്ക് ഇത്തരം കാര്യങ്ങളില്‍ കാലിടറുന്നത് ഒരു തമാശയായി മാത്രം കാണുന്നതില്‍ അര്‍ഥമില്ല. കാരണം കോടിക്കണക്കിനു മനുഷ്യരെ ബാധിക്കുന്ന വിഷയമാണിത്. ലോകത്തെ എല്ലാ സാമ്പത്തിക ശക്തികള്‍ക്കും സമ്പന്ന രാഷ്ട്രങ്ങള്‍ക്കും മനസ്സിലായ ഈ സത്യം സര്‍ക്കാര്‍ തിരസ്‌കരിച്ച് നടക്കുന്നുവെങ്കില്‍ വന്‍ തിരിച്ചടിയായിരിക്കും ഫലം. അതോടൊപ്പം ഒരു കാര്യം ഉറപ്പിച്ചു പറയാം; എത്ര പുറംതിരിഞ്ഞിരുന്നാലും ജനങ്ങള്‍ക്ക് അത്യാവശ്യമായ ഈ സംവിധാനം ഇന്ത്യ സ്വീകരിക്കേണ്ടി വരും-തീര്‍ച്ച.

Latest