siraj editorial
മാധ്യമങ്ങളിലെ ഇസ്‌ലാമോഫോബിയ
ഹിന്ദുത്വ സംഘടനകളും മുസ്‌ലിം വിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുന്നവരും നടത്തുന്ന മാധ്യമങ്ങള്‍ മുസ്‌ലിം വാര്‍ത്തകളില്‍ നിഷ്പക്ഷത പുലര്‍ത്താത്തത് മനസ്സിലാക്കാം. അതേസമയം നിഷ്പക്ഷമെന്ന അവകാശവാദത്തോടെ പുറത്തിറങ്ങുന്നവ പോലും പത്രധര്‍മം മറന്ന് അവരെ അനുകരിക്കുന്നതാണ് ഖേദകരം
മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത വ്യാപകമാണ്. മുസ്‌ലിം രാഷ്ട്രങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലായിടങ്ങളിലുമുണ്ട് മാധ്യമങ്ങളില്‍ ഇസ്‌ലാമോഫോബിയ. മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ ആഭിമുഖ്യത്തിലുള്ള സെന്റര്‍ ഫോര്‍ മീഡിയ മോണിറ്ററിംഗ് (സി എഫ് എം എം) ബ്രിട്ടീഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധതയെക്കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. 2018 ഒക്ടോബറിനും 2019 സെപ്തംബറിനുമിടയില്‍ 48,000 ഓണ്‍ലൈന്‍ ലേഖനങ്ങളും 5,500ലധികം ബ്രോഡ്കാസ്റ്റ് ക്ലിപ്പുകളും പരിശോധിച്ചു നടത്തിയ പഠനത്തില്‍ 60 ശതമാനത്തോളം ലേഖനങ്ങളും 47 ശതമാനം ടെലിവിഷന്‍ ക്ലിപ്പുകളും മുസ്‌ലിംകളെ തെറ്റായ രീതിയിലും മോശമായി പെരുമാറുന്നവരായും ചിത്രീകരിച്ചതായി പഠനത്തില്‍ കണ്ടെത്തി. ദ ടൈംസ്, ദ സ്പെക്റ്റേറ്റര്‍, ടെലഗ്രാഫ്, ഡെയ് ലി മെയില്‍ ആസ്‌ത്രേലിയ, മെയില്‍ ഓണ്‍ സണ്‍ഡെ, ക്രിസ്റ്റ്യന്‍ ടുഡേ, ജൂയിഷ് ക്രോണിക്കിള്‍ തുടങ്ങി പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലടക്കമാണ് ഇസ്‌ലാമോഫോബിക് കണ്ടന്റുകള്‍ ധാരാളമുള്ളതായി കാണാനായത്. മുസ്‌ലിംകളെ അപമാനിക്കുന്ന പ്രമുഖ മാധ്യമ വാര്‍ത്തകളുടെ പത്ത് ഉദാഹരണങ്ങളും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ അക്രമ സംഭവങ്ങളുമായോ ഭീകരവാദവുമായോ ബന്ധിപ്പിച്ചാണ് പലപ്പോഴും ഇത്തരം മാധ്യമങ്ങള്‍ ഇസ്‌ലാം മതത്തെ ചിത്രീകരിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളേക്കാളും ദേശീയ തലത്തില്‍ പ്രചാരമുള്ള ഒന്നാംകിട മാധ്യമ സ്ഥാപനങ്ങളാണ് മുസ്‌ലിം വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ടെലിവിഷന്‍ ക്ലിപ്പുകള്‍ എടുത്ത് പ്രചരിപ്പിക്കുന്നതെന്നും ലേഖനങ്ങളില്‍ 60 ശതമാനത്തിലധികവും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സ്, അസ്സോസിയേറ്റഡ് പ്രസ്സ്, എ എഫ് പി എന്നിവയില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയില്‍ 2001 സെപ്തംബര്‍ 11നു നടന്ന ചാവേര്‍ ആക്രമണത്തിനു ശേഷം ഉടലെടുത്ത ഒരു പ്രതിഭാസമായാണ് ഇസ്‌ലാമോഫോബിയ പൊതുവെ കരുതപ്പെടുന്നത്. ഇന്നത്തെ തോതില്‍ വ്യാപകമായ രീതിയിലല്ലെങ്കിലും അതിനു മുമ്പേ തന്നെയുണ്ട് അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഇസ്‌ലാമോഫോബിയ. അഥവാ മുസ്‌ലിംകളെ അപരവത്കരിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍. ജൂത-ക്രിസ്തീയ ലോബികളാണ് മുഖ്യമായും പിന്നില്‍. ഇതിനു പ്രചാരം നല്‍കാനും ഒരു സ്വാഭാവിക പ്രതിഭാസമായി അതിനെ മാറ്റിയെടുക്കാനും വാര്‍ത്താ മാധ്യമങ്ങളെ ഉപകരണമാക്കുകയാണ് അവര്‍. അമേരിക്കന്‍-ഫലസ്തീന്‍ ബുദ്ധിജീവി എഡ്വാര്‍ഡ് സൈദ് “കവറിംഗ് ഇസ്‌ലാം’ എന്ന പുസ്തകത്തില്‍, പാശ്ചാത്യരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇസ്‌ലാമിക വിരുദ്ധത വിശദമായി പ്രതിപാദിക്കുന്നുണ്ട്. നിങ്ങള്‍ ഇസ്‌ലാം എന്ന പദത്തിന്റ അര്‍ഥം ചോദിച്ചു നോക്കുക. തീവ്രവാദികള്‍, ആയുധ ധാരികള്‍, വര്‍ഗീയ ഭ്രാന്തന്മാര്‍ എന്നിങ്ങനെയുള്ള ഉത്തരങ്ങളായിരിക്കും പാശ്ചാത്യരില്‍ നിന്ന് ലഭിക്കുകയെന്നും അത്രമാത്രം ശക്തമായി ഈ വികാരം രൂഢമൂലമായതായും അദ്ദേഹം പറയുന്നു.
സമീപ കാലങ്ങളില്‍ പാശ്ചാത്യര്‍ക്കിടയില്‍ ഇസ്‌ലാമിനു ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയും ഇതര മതങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്കു കടന്നു വരുന്നവരുടെ എണ്ണത്തില്‍ കണ്ടുവരുന്ന വര്‍ധനവുമാണ് പൂര്‍വോപരി ഇസ്‌ലാമോഫോബിയ അവിടങ്ങളില്‍ ശക്തിപ്പെടാന്‍ കാരണം. അഭ്യസ്ഥവിദ്യരും സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമാണ് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരില്‍ നല്ലൊരു പങ്കും. പടിഞ്ഞാറന്‍ സമൂഹത്തില്‍ ഇസ്‌ലാമിനെ ഭീതിദവും വികൃതവുമാക്കി കാണിക്കുക, മറ്റു മതസ്ഥര്‍ ഇസ്‌ലാം ആശ്ലേഷിക്കുന്ന സ്ഥിതിവിശേഷം ഇല്ലാതാക്കുക, മുസ്‌ലിംകളെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ നിന്ന് അകറ്റി നിര്‍ത്തുക തുടങ്ങിയവയാണ് അവരുടെ ലക്ഷ്യം. ഒരു ജനവിഭാഗത്തെ നശിപ്പിക്കാന്‍ സൈനിക, ആയുധ ബലത്തേക്കാള്‍ സമൂഹത്തില്‍ അവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് കൂടുതല്‍ സഹായകമെന്ന ബോധ്യമാണ് ഇതിനു പിന്നില്‍.
ഇന്ത്യയിലും ശക്തമാണിന്ന് മാധ്യമങ്ങളിലെ ഇസ്‌ലാമോഫോബിയ. ലവ് ജിഹാദും യു പി എസ് സി, കൊവിഡ്, മെഡിക്കല്‍ ജിഹാദുകളുമെല്ലാം അങ്ങനെ ഉടലെടുത്തതാണല്ലോ. അക്രമ സംഭവങ്ങളും വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റങ്ങളും അഫ്ഗാനില്‍ നിന്നും താലിബാനില്‍ നിന്നുമാണെങ്കില്‍ തീവ്രവാദവും ഭീകരതയുമൊക്കെയാണ് ദേശീയ മാധ്യമങ്ങള്‍ക്കെങ്കില്‍, അത് ഹിന്ദുത്വരില്‍ നിന്നാകുമ്പോള്‍ “ആള്‍ക്കൂട്ട ആക്രമണം’ മാത്രമായി മാറും. ഒരു കുറ്റകൃത്യ കേസിലെ പ്രതികള്‍ മുസ്‌ലിംകളെങ്കില്‍ പേരുകള്‍ വ്യക്തമായി നല്‍കുന്ന മാധ്യമങ്ങള്‍, മറ്റു മതസ്ഥരെങ്കില്‍ പേര് പറയാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കൊവിഡ്-19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ശക്തമായ നീക്കമാണ് മാധ്യമങ്ങളും സംഘ്പരിവാര്‍ സംഘടനകളും നടത്തിയത്. ഇതിനെതിരെ 57 രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ ഐ സി) ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുടെ വ്യാപനം തടയാനും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നരേന്ദ്ര മോദി സര്‍ക്കാറിനോട് അവര്‍ ആവശ്യപ്പെടുകയുണ്ടായി. മുസ്‌ലിംകളെ പാക്കിസ്ഥാന്‍ അനുഭാവികളും അവരോട് കൂറുള്ളവരും ആയി മുദ്രകുത്തുന്ന വാര്‍ത്തകളും ലേഖനങ്ങളും സര്‍വ സാധാരണമാണ്. കേവലം കായിക വിനോദ ചിന്താഗതിയില്‍ കാണുകയും വിലയിരുത്തുകയും ചെയ്യേണ്ട ക്രിക്കറ്റ് തുടങ്ങിയ സ്‌പോർട്സ് മത്സരങ്ങളെ പോലും വര്‍ഗീയമായാണ് ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെ ഹിന്ദു-മുസ്‌ലിം യുദ്ധമായി ചിത്രീകരിക്കുന്ന മാധ്യമങ്ങള്‍ പോലുമുണ്ട് രാജ്യത്ത്. ഹിന്ദുത്വ സംഘടനകളും മുസ്‌ലിം വിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുന്നവരും നടത്തുന്ന മാധ്യമങ്ങള്‍ മുസ്‌ലിം വാര്‍ത്തകളില്‍ നിഷ്പക്ഷത പുലര്‍ത്താത്തത് മനസ്സിലാക്കാം. അതേസമയം നിഷ്പക്ഷമെന്ന അവകാശവാദത്തോടെയും ദേശീയ മാധ്യമമെന്ന ലേബളിലും പുറത്തിറങ്ങുന്നവ പോലും പത്രധര്‍മം മറന്ന് അവരെ അനുകരിക്കുന്നതാണ് ഖേദകരം.