Connect with us

Articles

ഇസ്‌ലാമോഫോബിയ: ഈ ഭ്രാന്തിനെ മറികടക്കാന്‍ നമ്മളെന്ത് ചെയ്യും?

ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും ഗുജറാത്ത് കലാപം അരങ്ങേറിയപ്പോഴും രാജ്യത്തെ മുസ്‌ലിംകള്‍ അനുഭവിച്ചിട്ടുള്ളതിനേക്കാള്‍ വലിയ ഭീതിയാണ് ഓരോ ദിവസവും മുസ്‌ലിംകള്‍ ഇന്ത്യയില്‍ ഇന്ന് അനുഭവിക്കുന്നത്. മുസ്‌ലിമിന്റെ ഭക്ഷണം, വസ്ത്രം, വൈവാഹികം, കുടുംബം, പ്രണയം, വിദ്യാഭ്യാസം, ആചാരങ്ങള്‍ തുടങ്ങി എല്ലാത്തിനും എതിരില്‍ ഇന്ത്യയിലെ തീവ്ര ഹിന്ദുത്വം കേട്ടാല്‍ പൊള്ളുന്ന നുണകളും ഭീതിപ്പെടുത്തുന്ന വ്യവഹാരങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഭയം വിതച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്തി രണ്ടാംതരം പൗരന്മാരുടെ അപാര്‍തീഡ് ഉണ്ടാക്കുക എന്നതാണ് ഇവര്‍ ചെയ്യുന്നത്.

Published

|

Last Updated

ഇസ്ലാമോഫോബിയ (ഇസ്ലാംപേടി) ഏറ്റവും ഭീതിതമായ രീതിയില്‍ വളരുന്ന ഒരിടമായി ഇന്ത്യ മാറി എന്ന വിഖ്യാത അമേരിക്കന്‍ ചിന്തകനും ഭാഷാ ശാസ്ത്രത്തിലും ചരിത്രത്തിലും രാഷ്ട്രീയ മീമാംസയിലും ഏറ്റവും ശ്രദ്ധേയനായ പണ്ഡിതനുമായ നോം ചോംസ്‌കിയുടെ പ്രസ്താവന വരുന്ന സമയം തന്നെ ഇന്ത്യ എന്ന മതേതരരാജ്യം ഏറ്റവും കൂടുതല്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഒരു വേളയാണ്. ഇസ്ലാമോഫോബിയ ലോകാടിസ്ഥാനത്തില്‍ വ്യാപിക്കുകയും കൃത്യമായ മാനവികവിരുദ്ധ രാഷ്ട്രീയ വ്യവഹാരങ്ങളുടെ കാതലാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ‘ലോകത്തേറ്റവും വലിയ ജനാധിപത്യ മതേതര രാജ്യം ഒരു ഹിന്ദുവംശ രാഷ്ട്രമായി മാറുന്നു’ എന്ന ആശങ്കയാണ് നോം ചോംസ്‌കി ഉയര്‍ത്തുന്നത്.

കുരിശുയുദ്ധങ്ങളുടെ കാലം മുതല്‍ക്കേ മുസ്ലിംവിരുദ്ധത ആഗോള രാഷ്ട്രീയത്തിന്റെ ഭാഗമാണ്. കോളനിവത്കരണ കാലത്ത് അതേ മുസ്ലിം വിദ്വേഷം കൂടുതല്‍ പ്രകടമായ തലത്തിലേക്കെത്തി. ബ്രിട്ടനും പോര്‍ച്ചുഗലും ഇറ്റലിയുമൊക്കെ കോളനിയാക്കി വെച്ച, മുസ്ലിംകള്‍ ധാരാളമായുള്ള നാടുകളില്‍ കടുത്ത മുസ്ലിം പേടിയും വിദ്വേഷവും അവര്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. പിറന്ന നാടിനെ കോളനിവത്കരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കോളനികളില്‍ നടന്ന സ്വദേശി മുന്നേറ്റങ്ങളില്‍ മുസ്ലിംകള്‍ എല്ലായിടത്തും സജീവമായിരുന്നു. അതുകൊണ്ടുതന്നെ മുസ്ലിംവിരുദ്ധത സൃഷ്ടിച്ചും ഇസ്ലാംപേടി പ്രചരിപ്പിച്ചും കോളനികളിലെ സ്വാതന്ത്ര്യ സമരങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഇത് വിജയകരമായി സാധിച്ചെടുത്തു. 1920കളിലെ ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ ഇതിന് ബ്രിട്ടീഷുകാര്‍ക്ക് എളുപ്പപ്പണി ചെയ്തു.

കോളനിവത്കരണാനന്തരം ആഗോള രാഷ്ട്രീയത്തിന്റെ ശ്രദ്ധ ദ്വിധ്രുവങ്ങളായ അമേരിക്കയുടെയും സോവിയറ്റ് യൂനിയന്റെയും താത്പര്യങ്ങളില്‍ കുടുങ്ങിക്കിടന്നെങ്കിലും ലോകത്ത് പലയിടങ്ങളിലും വലിയ മുസ്ലിം വംശഹത്യകള്‍ അരങ്ങേറി. സോവിയറ്റ് അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന വംശഹത്യകള്‍ ഉണ്ടായത്. മുതലാളിത്തം, കമ്മ്യൂണിസം എന്നിത്യാദി വേര്‍തിരിവുകളില്‍ മുസ്ലിംവിരുദ്ധത ഒരു ചോദ്യമേയായില്ല. സോവിയറ്റിന്റെ തകര്‍ച്ചയോടെ ആഗോള രാഷ്ട്രീയത്തില്‍ അനിവാര്യമെന്നോണം മറ്റൊരു അപരനെ പടിഞ്ഞാറിലെ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി. ഇസ്ലാം! അഫ്ഗാന്‍ മലനിരകളിലെ, അമേരിക്ക അടക്കമുള്ള പടിഞ്ഞാറന്‍ സഖ്യസേന ആയുധവും അര്‍ഥവും കൊടുത്ത് വളര്‍ത്തിയ മുജാഹിദീനുകളെ കാണിച്ച് ‘മുസ്ലിം അപരിഷ്‌കൃത’ ചിത്രം സംവിധാനിക്കപ്പെട്ടു.

മാധ്യമങ്ങളും സിനിമ അടക്കമുള്ള പോപ്പുലര്‍ കള്‍ച്ചറും പടിഞ്ഞാറും കിഴക്കിലെ അപരിഷ്‌കൃത ഇസ്ലാമും തമ്മിലുള്ള മുഖാമുഖയുദ്ധം അതിഗംഭീരമായി പൊലിപ്പിച്ചുനടന്നു. 9/11ഓടെ ‘ഇസ്ലാംപേടി’ രൂക്ഷമായിത്തീര്‍ന്നു. അമേരിക്ക മുന്നില്‍ നിന്ന് നടത്തിയ ഭീകരതക്കെതിരെയുള്ള യുദ്ധം ഇറാഖിലും അഫ്ഗാനിലും നൂറ്റാണ്ടിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ രാഷ്ട്രീയ അസ്ഥിരത കൊണ്ടുവന്നപ്പോള്‍ പാശ്ചാത്യ നാടുകളില്‍ തലപ്പാവ് ധരിച്ച സിഖുകാരെ വരെ ഭീകരവാദി മുസ്ലിം എന്ന ആക്രോശത്തോടെ ആക്രമിക്കുന്നത് പതിവ് സംഭവമായി തീര്‍ന്നു. അറബി ലിപി, അറബി ഭാഷ, മുസ്ലിംകളുടെ താടി, തലപ്പാവ്, ഹിജാബ് തുടങ്ങിയ അടയാളങ്ങളും പള്ളികളും മദ്റസകളും തുടങ്ങി മുഴുവന്‍ ഇസ്ലാം അടയാളങ്ങളും അപരവത്കരിക്കപ്പെട്ടു. ഇസ്ലാമോഫോബിയ എന്ന സാമൂഹിക വിപത്ത് ലോകം തിരിച്ചറിയുകയും ബഹുസ്വര സമൂഹങ്ങളില്‍ ഇതിനെതിരെ വലിയ രാഷ്ട്രീയ-സാമൂഹിക മുന്നേറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

ബ്രിട്ടനിലെ റണ്ണിമേഡ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇസ്ലാമോഫോബിയയെ കുറിച്ചൊരു പഠനം തയ്യാറാക്കപ്പെടുകയും അന്നത്തെ ഹോം സെക്രട്ടറിയായിരുന്ന ജാക് സ്ട്രൗ അത് പ്രകാശനം ചെയ്യുകയും ചെയ്തു. സസ്സെക്‌സ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഗോര്‍ഡന്‍ കോണ്‍വെ ആയിരുന്നു ബ്രിട്ടീഷ് മുസ്ലിംകളെ എങ്ങനെയെല്ലാം ഇസ്ലാമോഫോബിയ ബാധിച്ചു എന്ന പഠനത്തിന് ചുക്കാന്‍ പിടിച്ചത്. സാമൂഹികമായി മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്തുകയും അപരവത്കരിക്കുകയും ചെയ്യുന്ന സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളാണ് അപരിഷ്‌കൃതം എന്ന് ഈ പഠനത്തെ തുടര്‍ന്നുള്ള സംവാദങ്ങള്‍ ചൂണ്ടിക്കാട്ടി. നാസികള്‍ ഭീതിതമായി വളര്‍ത്തിയെടുക്കുകയും ജൂത കൂട്ടക്കൊലയിലേക്ക് നയിക്കുകയും ചെയ്ത സെമിറ്റിക്വിരുദ്ധതയുടെ ആധുനിക രൂപമാണ് ഇസ്ലാമോഫോബിയ എന്ന് വിലയിരുത്തപ്പെട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും തീവ്ര വലതുപക്ഷം ഇപ്പോഴും പല നാടുകളിലും ഇസ്ലാമോഫോബിയ വിറ്റുതന്നെയാണ് രാഷ്ട്രീയം നോക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി പാശ്ചാത്യ ലോകത്തെ വിദ്വേഷ രാഷ്ട്രീയക്കാര്‍ പറഞ്ഞുപരത്തിയതും പലപ്പോഴും അവര്‍ക്ക് തന്നെ കാലഹരണപ്പെട്ടു എന്ന് തോന്നുന്നതുമായ കാര്യങ്ങളാണ് ഇന്ത്യയില്‍ തീവ്ര വലതുപക്ഷം പറയുന്നത് എന്നത് രസകരമായ ഒരു വസ്തുതയാണ്. തീവ്രവാദം, സ്ത്രീ സ്വാതന്ത്ര്യം, ദേശ സുരക്ഷ തുടങ്ങിയ വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലും ഇസ്ലാംപേടി വിറ്റുപോകുന്നത്. ഹിന്ദുത്വ നേതാക്കള്‍ പ്രസംഗിക്കുന്നതും പ്രചരിപ്പിക്കുന്നതും കാലങ്ങളായി മുസ്ലിംകള്‍ കേട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങളും വസ്തുതാവിരുദ്ധമാണെന്ന് പലവുരു തെളിയിക്കപ്പെട്ടതായ കാര്യങ്ങളായതുകൊണ്ടുതന്നെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടാന്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ ഇത്തരം നുണകളും വ്യാജ വ്യവഹാരങ്ങളും കേട്ടും കണ്ടുമിരിക്കുന്ന ജനതയുടെ വലിയൊരു ഭാഗം ഇതൊക്കെ വിശ്വസിക്കുകയും മുസ്ലിംകളെ വെറുക്കാന്‍ തുടങ്ങുകയും ചെയ്യുന്നിടത്താണ് അരക്ഷിതാവസ്ഥ ഉണ്ടാകുന്നത്.

പതിറ്റാണ്ടുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന വര്‍ഗീയ കലാപങ്ങള്‍ എന്നതുമാറി ദൈനംദിന വാര്‍ത്തകളായി മാറിയ ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും കൊലകളുടെയും ആധിക്യമാണ് ഈ അരക്ഷിത ബോധത്തിന്റെ പ്രധാന കാരണം. ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും ഗുജറാത്ത് കലാപം അരങ്ങേറിയപ്പോഴും രാജ്യത്തെ മുസ്ലിംകള്‍ അനുഭവിച്ചിട്ടുള്ളതിനേക്കാള്‍ വലിയ ഭീതിയാണ് ഓരോ ദിവസവും മുസ്ലിംകള്‍ ഇന്ത്യയില്‍ ഇന്ന് അനുഭവിക്കുന്നത്. മുസ്ലിമിന്റെ ഭക്ഷണം, വസ്ത്രം, വൈവാഹികം, കുടുംബം, പ്രണയം, വിദ്യാഭ്യാസം, ആചാരങ്ങള്‍ തുടങ്ങി എല്ലാത്തിനും എതിരില്‍ ഇന്ത്യയിലെ തീവ്ര ഹിന്ദുത്വം കേട്ടാല്‍ പൊള്ളുന്ന നുണകളും ഭീതിപ്പെടുത്തുന്ന വ്യവഹാരങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഭയം വിതച്ച് ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി രണ്ടാംതര പൗരന്മാരുടെ അപാര്‍തീഡ് ഉണ്ടാക്കുക എന്നതാണ് ഇവര്‍ ചെയ്യുന്നത്. പെഹ്‌ലുഖാനും ഹഫീസ് ജുനൈദും തബ്രീസും തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വിധേയരായി കൊല്ലപ്പെട്ടവരുടെ കഥ ഇസ്ലാമോഫോബിയ ബാധിച്ച മനുഷ്യരുടെ മനസ്സില്‍ യാതൊരു അനക്കവും ഉണ്ടാക്കുന്നില്ല. രാജസ്ഥാനിലെ അല്‍വാറില്‍ മുസ്ലിമായ ഒരു കുടിയേറ്റ തൊഴിലാളിയെ മഴുകൊണ്ട് വെട്ടിയും കുത്തിയും പരുക്കേല്‍പ്പിച്ച് തീകൊളുത്തിയ സംഭവം ഓര്‍ക്കുന്നുണ്ടോ? ഇത്രമേല്‍ ക്രൂരമായ ഈ ചെയ്തി അയാള്‍ തന്നെ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു. അയാളുടെ വിചാരണ നടന്ന കോടതി ഹിന്ദുത്വ ഭീകരര്‍ കൈയേറി. അയാള്‍ പുറത്തെത്തിയപ്പോള്‍ വലിയ സ്വീകരണങ്ങളുമുണ്ടായി. എന്തുകൊണ്ടായിരിക്കും ഇത്തരം അരുംകൊലകള്‍ ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്. ഇസ്ലാമോഫോബിയ ഒരു സമൂഹത്തെ മൊത്തത്തില്‍ ഗ്രസിക്കുന്ന ഒരു മാനസിക വിഭ്രാന്തിയാണ്. അത് ഒരു വ്യക്തിയുടെ ഭ്രാന്തായി ഒതുങ്ങുന്നില്ല എന്ന് സാരം.

ഹരിദ്വാറില്‍ മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തുകൊണ്ട് ധരം സന്‍സദ് സംഘടിപ്പിക്കപ്പെടുന്നു. പരാതികള്‍ ഉയരുമ്പോഴും പോലീസ് അടക്കമുള്ള സംവിധാനങ്ങള്‍ വരെയും വിദ്വേഷ പ്രസംഗകരോടൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ കാണുന്നത്. സ്വന്തം രാജ്യത്തെ സഹപൗരന്മാര്‍ക്കെതിരെ സാമ്പത്തിക ഉപരോധം അടക്കമുള്ള കാര്യങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന, മുസ്ലിം വംശഹത്യക്ക് പ്രേരണ നല്‍കുന്ന ഒരു പരിപാടി പകല്‍വെളിച്ചത്തില്‍ നടത്താന്‍ കഴിയുന്ന ‘നോര്‍മല്‍സി’ ഇന്ത്യയില്‍ ആഴത്തില്‍ വേരോടിക്കഴിഞ്ഞ ഇസ്ലാമോഫോബിയയുടെ ഫലമാണ്. അവിടെ സ്റ്റേറ്റ് അതെല്ലാം ആസ്വദിക്കുന്ന കാഴ്ചക്കാരാണ്. അതേസമയം, ഛത്തീസ്ഗഢിലെ റായ്പൂരില്‍ സമാനമായ വിദ്വേഷ സമ്മേളനം നടന്നെങ്കിലും അവിടെ വെറുപ്പ് പ്രസംഗിച്ചവരെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഓടിച്ചിട്ടുപിടിച്ചു. മുസ്ലിം സ്ത്രീകളെ ലേലത്തില്‍ വെച്ച സുള്ളി ഡീല്‍സിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ കേന്ദ്രത്തിന് കീഴിലുള്ള ഡല്‍ഹി പോലീസിന് യാതൊരു താത്പര്യവുമില്ലായിരുന്നല്ലോ. സുള്ളി ഡീല്‍സിന്റെ രണ്ടാം പതിപ്പായ ബുള്ളി ഭായ് വന്നപ്പോഴും ഡല്‍ഹി പോലീസ് ഇരുന്നുറങ്ങി. പക്ഷേ, ബി ജെ പിവിരുദ്ധ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയുടെ മുംബൈ പോലീസ് ഈ സ്ത്രീവിരുദ്ധ-മുസ്ലിംവിരുദ്ധ ആപ്പുകള്‍ക്ക് പിന്നിലെ ഹിന്ദുത്വ ഭീകരരെ രാജ്യം മുഴുവന്‍ നടന്ന് അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഡല്‍ഹി പോലീസ് ഉണര്‍ന്നത്.

ഇപ്പോള്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുവന്‍ ബി ജെ പി ഉയര്‍ത്തുന്നതും ഇതേ മുസ്ലിംവിരുദ്ധ രാഷ്ട്രീയം തന്നെയാണ്. കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ ‘മുസ്ലിം സര്‍വകലാശാല’ ഉണ്ടാക്കുമെന്ന് പറഞ്ഞിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം യോഗി വലിയ വായില്‍ ‘ആശങ്ക’പ്പെടുന്നത്. സി എ എ വിരുദ്ധ സമരകാലത്തെ യോഗി പോലീസിന്റെ ചെയ്തികളും അത്തരത്തില്‍ മുസ്ലിംകളെ ഭീകരവത്കരിക്കുന്നതായിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തില്‍ ബഹുജന പങ്കാളിത്തം ഉണ്ടാകുന്നത് തടയാന്‍ അത്തരത്തില്‍ എല്ലാവിധ മുസ്‌ലിംപേടിയും പ്രചരിപ്പിക്കപ്പെട്ടിരുന്നു. അല്ലെങ്കിലും പൗരത്വ ഭേദഗതി നിയമം തന്നെ മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള പദ്ധതിയാണല്ലോ. നാസികള്‍ ജൂതന്മാരോട് ചെയ്തത് മുഴത്തിനുമുഴം നടപ്പാക്കാനാണ് ഹിന്ദുത്വം കരുനീക്കുന്നത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിവാദം തന്നെ നോക്കൂ. ഹിജാബ് എന്താണ്? കര്‍ണാടകയിലെ മുസ്ലിം പെണ്‍കുട്ടികളുടെ ആവശ്യമെന്താണ്? എന്നുതുടങ്ങിയ വിഷയങ്ങളിലെല്ലാം വസ്തുതകള്‍ ഒട്ടുമില്ലാത്ത കാര്യങ്ങളാണ് ഹിന്ദുത്വര്‍ പ്രചരിപ്പിക്കുന്നത്. ശിരോവസ്ത്രം, മുഖമക്കന, നിഖാബ് തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതികളെല്ലാം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് എന്നൊക്കെയാണ് പ്രചാരണം. ഹിജാബില്‍ നിന്നും പര്‍ദ്ദയില്‍ നിന്നും മുസ്ലിം സ്ത്രീകളെ മോചിപ്പിക്കുകയാണ് എന്ന മട്ടിലുള്ള മുത്വലാഖ് മോഡല്‍ പ്രസ്താവനകള്‍ ഒന്നുമല്ല ഇപ്പോള്‍ സംഘ്പരിവാരവും ഹിന്ദുത്വ വാദികളും പറയുന്നത്. മുസ്ലിം അടയാളങ്ങളെ എല്ലാ അര്‍ഥത്തിലും ഇതുപോലെ ഭീകരവത്കരിച്ചു കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തില്‍ ഒരു അപരസ്വത്വം (ചമശേീിമഹ ഛവേലൃ) നിര്‍മിക്കപ്പെട്ടുകഴിഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് നേരെ, ഇന്ത്യയുടെ ചരിത്രം മുന്‍നിര്‍ത്തി ഇപ്പോള്‍ ലോകാടിസ്ഥാനത്തില്‍ ലഭിക്കുന്ന ശ്രദ്ധ പതുക്കെ നേര്‍ത്തു നേര്‍ത്തില്ലാതാകും. അപ്പോള്‍ മ്യാന്‍മറിലെ റോഹിംഗ്യക്കാരുടെയും ചൈനയിലെ ഉയ്ഗൂര്‍ മുസ്ലിംകളുടെയും സ്ഥിതിയാകും ഇന്ത്യയിലെ മുസ്ലിംകള്‍ക്കും.

ഇത്തരത്തില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് തീരെ ചെറുതല്ല. പലപ്പോഴും മുസ്ലിംകളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലും മറ്റു വാര്‍ത്താധിഷ്ഠിത പരിപാടികളിലും മുസ്ലിംകളുടെ പ്രതിനിധാനത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ പിശുക്കു കാണിക്കുന്നുണ്ട്. പാശ്ചാത്യ നാടുകളിലെ ഇസ്ലാമോഫോബിയ സംബന്ധിച്ച പഠനങ്ങളില്‍ മുസ്ലിം പ്രതിനിധാനത്തിലെ കുറവും കുറ്റങ്ങളും ഏറ്റവും ഗൗരവതരമായ വിഷയമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഹിജാബ് വിഷയത്തില്‍ തന്നെ മലയാളം അടക്കമുള്ള ചാനലുകളില്‍ വന്നിരിക്കുന്ന പാനലിസ്റ്റുകളുടെ വിശേഷണങ്ങളിലേ മാറ്റമുള്ളൂ; പറയുന്നത് പലപ്പോഴും കടുത്ത മുസ്ലിംവിരുദ്ധതയാണ്. ഈ ജാഗ്രതക്കുറവിന് നമ്മുടെ സമൂഹം വലിയ വില നല്‍കേണ്ടി വരും എന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കുമോ? ഇസ്ലാമോഫോബിയ എന്നത് ഒരു യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കാന്‍ മതനിരപേക്ഷ വാദികള്‍ തയ്യാറാകുക എന്നതാണ് ഈ സാമൂഹിക അനീതിക്കെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട നടപടി. ബഹുസ്വര സംസ്‌കാരത്തിനോടുള്ള തീവ്ര ചിന്താഗതിക്കാരുടെ ഈ വെറുപ്പിനെ ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയം കൊണ്ടുമാത്രമേ മറികടക്കാന്‍ കഴിയൂ. കാരണം, പുറത്താക്കലുകളും അപരവത്കരിക്കലുമാണ് വിദ്വേഷ രാഷ്ട്രീയം ചെയ്യുന്നത്. അതേസമയം, ഇസ്ലാമോഫോബിയയെ ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ള വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി പലപ്പോഴും കൂടുതല്‍ ധ്രുവീകരണങ്ങളിലേക്കാണ് വഴിതുറക്കുന്നത്.

ഇസ്ലാമിസ്റ്റ് സംഘടനകളെ വിമര്‍ശിക്കുന്നതും ഇസ്ലാമിനെ വിമര്‍ശിക്കുന്നതും ഒന്നല്ല. എന്നാല്‍ ഇത്തരം വിമര്‍ശങ്ങള്‍ നേരെ മതത്തിനു നേരേയുള്ള ആക്രമണങ്ങളാണ് എന്ന രീതിയിലാണ് വ്യവഹാരങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് ഇസ്ലാമിന് കൂടുതല്‍ ഭാരമായിത്തീരും. മുസ്ലിംകള്‍ ഇരകളാകുന്ന വേളകളിലെല്ലാം മുസ്ലിംകളുടെ മാത്രം പ്രശ്നം എന്ന നിലക്ക് വിഷയങ്ങളെ സമീപിക്കുകയും തദ് വിഷയത്തില്‍ മുസ്ലിംകളോട് അനുതാപമുള്ള ആളുകളുടെ ജാതി-മത-സാമൂഹിക-രാഷ്ട്രീയ വിലാസങ്ങള്‍ തിരഞ്ഞുപിടിച്ച് അവരെയൊക്കെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ പരിപാടികളാണ് പലപ്പോഴും ഇത്തരക്കാര്‍ സംഘടിപ്പിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയത്തില്‍ കക്ഷി ചേരാത്തവരെ ഇസ്ലാമോഫോബ്, അപ്പോളജെറ്റിക്കല്‍ മുസ്ലിം തുടങ്ങിയ വിശേഷണങ്ങള്‍ വളരെ ലളിതമായി ചാര്‍ത്തിക്കൊടുക്കുന്ന ഈ പരിപാടി തീവ്ര ഇസ്ലാമിസ്റ്റുകളുടെ തക്ഫീരി സിദ്ധാന്തങ്ങളുടെ തുടര്‍ച്ചയാണ് എന്നുപറയേണ്ടി വരും. സ്വത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും കാതല്‍ തന്നെ ഇരവാദമാണെന്ന തെറ്റിദ്ധാരണയും ഇക്കൂട്ടരെ വഴിതെറ്റിച്ചുകഴിഞ്ഞു. ‘ഭയം’ മുസ്ലിംകളെ ഇത്രമേല്‍ വേട്ടയാടുന്നതിലേക്ക് വാതില്‍ തുറന്നതും ഈ തെറ്റാണ്. അതേസമയം, തിരഞ്ഞെടുപ്പ് താത്പര്യങ്ങള്‍ അടക്കം മുന്‍നിര്‍ത്തി ധ്രുവീകരണ ലക്ഷ്യത്തോടെ മുസ്ലിംകള്‍ക്കിടയിലെ ന്യൂനാല്‍ ന്യൂനപക്ഷമായ തീവ്രചിന്താഗതിക്കാരെ മുന്‍നിര്‍ത്തി സമൂഹത്തില്‍ ഇസ്ലാംപേടി ഉത്പാദിപ്പിക്കുന്നതും അനുവദിക്കാന്‍ കഴിയുന്നതല്ല. ചുരുക്കത്തില്‍ ഇസ്ലാമോഫോബിയ ഏറെ സങ്കീര്‍ണമായ ഒരു സാമൂഹിക-രാഷ്ട്രീയ പ്രശ്നമാണ്. അത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ ജനാധിപത്യ-മതേതര-ബഹുസ്വര വിശ്വാസികള്‍ക്ക് കഴിയുമോ എന്നതാണ് ഏറ്റവും ഗൗരവമുള്ള ചോദ്യം തന്നെ.

 

 

Latest