National
"ലക്ഷം' പ്രതീക്ഷയുമായി ദ്വീപ്
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം കുറവാണെങ്കിലും ലക്ഷദ്വീപിൽ ഉയർന്ന ആത്മവിശ്വാസത്തിലാണ് രാഷ്ട്രീയ പാർട്ടികൾ
കൊച്ചി | കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം കുറവാണെങ്കിലും ലക്ഷദ്വീപിൽ ഉയർന്ന ആത്മവിശ്വാസത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. 2019ൽ 85.21, 2014ൽ 86.61 ശതമാനമായിരുന്നു വോട്ടിംഗ് നിലയെങ്കിൽ ഇത്തവണയത് 83.88 ശതമാനമായി. 57,784 വോട്ടർമാരുള്ള ദ്വീപിൽ 24,190 പുരുഷന്മാരും 24,278 സ്ത്രീകളുമടക്കം 48,468 പേരാണ് വോട്ട് ചെയ്തത്. 39 കേന്ദ്രങ്ങളിലായി 55 ബൂത്തുകളിലായിരുന്നു വോട്ടെടുപ്പ്.
ഏറ്റവും കുറവ് പോളിംഗ് മിനിക്കോയ് ദ്വീപിലാണ്- 64 ശതമാനം. കൂടുതൽ ബിത്രയിലും. ഇവിടെ സർവീസ് വോട്ട് ഉൾപ്പടെ പൂർണമായി വോട്ട് രേഖപ്പെടുത്തി. ചെത്ത്‌ലത്ത്- 91, കിൽത്താൻ- 90, കടമത്ത്- 89, ആന്ത്രോത്ത്- 87, കൽപേനി- 83, അമിനി- 89, കവരത്തി- 86, അഗത്തി- 87 എന്നിങ്ങനെയാണ് മറ്റ് ദ്വീപുകളിലെ പോളിംഗ് ശതമാനം.
കോൺഗ്രസ്സ് സ്ഥാനാർഥി ഹംദുല്ല സഈദ്, സിറ്റിംഗ് എം പി. എൻ സി പി (എസ്) സ്ഥാനാർഥി മുഹമ്മദ് ഫൈസൽ, എൻ ഡി എയെ പിന്തുണക്കുന്ന എൻ സി പി അജിത് പവാർ വിഭാഗം സ്ഥാനാർഥി ടി പി യൂസുഫ്, സ്വതന്ത്ര സ്ഥാനാർഥി കോയ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ഇക്കുറിയും വിജയ പ്രതീക്ഷയിലാണ് ഫൈസൽ. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാലായിരത്തിലധികം വോട്ടിന് വിജയിക്കുമെന്ന് കോൺഗ്രസ്സ് നേതൃത്വവും അവകാശപ്പെടുന്നു. കഴിഞ്ഞ തവണ 823 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹംദുല്ല സഈദിനെതിരെ ഫൈസൽ വിജയിച്ചത്.
2019ൽ ജെ ഡി യു 1,342, സി പി എം 420, സി പി ഐ 143 എന്നിങ്ങനെ വോട്ട് നേടിയിരുന്നു. ഇത്തവണ ഈ പാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. ഈ വോട്ടുകൾ എവിടെയെത്തുമെന്നതും നിർണായകമാകും.
ബി ജെ പിക്ക് ആകെ 125 വോട്ടും നോട്ടക്ക് നൂറ് വോട്ടുമാണ് കഴിഞ്ഞ തവണ ലഭിച്ചത്.