Prathivaram
പ്രതിരോധത്തിന്റെ ഇശലുകൾ
മാപ്പിളപ്പാട്ടിന്റെ വസന്തകാലം തൊള്ളായിരത്തി എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയെന്ന് പലരും പറയാറുണ്ട്. പാട്ട് പുസ്തകങ്ങൾക്കപ്പുറം ഏറ്റവും കൂടുതൽ ആളുകൾ കേട്ട് ആസ്വദിച്ചത് ഈ കാലഘട്ടത്തിലെ കലാകാരന്മാർ പാടിയ പാട്ടുകളാണെന്നതാണിതിനു കാരണം. ഒരു സാധാരണ കലാസ്വാദകന്റെ മനസ്സിനെ താലോലിച്ച ജീവിതഗന്ധിയായ വിഷയങ്ങളിലൂടെ അക്കാലത്തെ ഗായകരും അതുകൊണ്ടുതന്നെ അവർക്ക് പ്രിയപ്പെട്ടവരായി മാറി. അടുത്ത കാലത്ത് അങ്ങനെയുള്ള പാട്ടുകാരിൽ ഭൂരിഭാഗവും നമ്മോടു വിടപറഞ്ഞിരിക്കുന്നു. ആ നിരയിലെ അവസാനത്തെ പ്രതിഭയാണ് ഈയിടെ മരണപ്പെട്ട ചെലവൂർ കെ സി അബൂബക്കർ.
മാപ്പിളപ്പാട്ട് രചിച്ചും പാടിയും മാപ്പിളപ്പാട്ട് സംഘത്തെ നയിച്ചും കെ സി തന്റെ സാന്നിധ്യം രേഖപ്പെടുത്തി. ഒട്ടേറെ വിഷയങ്ങൾ അദ്ദേഹത്തിന്റെ രചനയിലൂടെ പാട്ടുകളായി പുറത്തിറങ്ങിയിട്ടുണ്ട്. കാലികമായ വിഷയങ്ങൾ ഒരു നിമിഷ കവിയെപ്പോലെ വേദിയിൽ നിന്നു പോലും എഴുതി അവതരിപ്പിക്കുന്ന മാസ്മരിക വിദ്യ അദ്ദേഹത്തിനറിയാമായിരുന്നു. ഈ വൈദഗ്ധ്യം ഇന്നും ആസ്വാദകർക്കിടയിൽ ചർച്ചയാണ്. അഹദായ തമ്പുരാൻ ആദ്യം പടച്ചുള്ള അമ്പിയ രാജ മുഹമ്മദ്, കാത്തിട് റഹ്്മാനെ മാപ്പരുളുന്നോനെ /ആലം പതിനൊന്നായിരം പോറ്റിവളർത്തും റഹ്മാനെ, ആസിയബി മർയം കൂടി അണയും മണവാട്ടി ചൂടി, അമ്പിയാക്കളിൽ താജൊളി വായ, ആലി മൂപ്പന്റവറാൻ കെട്ടി ചതിച്ചത് കേൾക്കിൻ,…മുത്തായ ഫാതിമ്മാന്റെ നിക്കാഹിന്റന്ന്, അവളല്ല ഫാത്വിമ, ഇവളാണ് ഫാത്വിമ ആറ്റൽ നബിയുടെ മോളാണ് ഫാത്വിമ, വെളിയങ്കോട്ടുന്നൂരിലെ, അമ്മോശൻ കാക്ക, സുന്ദരിയും ബീവി സുലൈഖ… തുടങ്ങി അദ്ദേഹം എഴുതുകയും പാടുകയും ചെയ്ത പാട്ടുകളെല്ലാം ഒരു കാലത്തെ സൂപ്പർ ഹിറ്റുകളാണ്. പാട്ടെഴുത്ത് എന്നതിനെ വളരെ ഗൗരവമായിത്തന്നെ അദ്ദേഹം കണ്ടു. ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾ അതുവഴി നമുക്ക് പാട്ടായി ലഭിക്കുകയും ചെയ്തു. ഇന്നും മുഖ്യധാരാ ചരിത്രം രേഖപ്പെടുത്താതെ പോയ മാനാത്തു വീട്ടിൽ കുഞ്ഞിമരക്കാറിന്റെ ജീവിതം അങ്ങനെയാണ് കെ സി എഴുതി കെ എം കെ വെള്ളയിൽ പാടുന്നത്. മലയാളത്തിന് പുറമെ ഉറുദു, ഹിന്ദി, ഭാഷകളിലും പാട്ടെഴുതിയിട്ടുണ്ട്.
സാരെ അമ്പിയാ സെ നൂർ
പ്യാരെ പൈതമ്പർ മഹ്‌മൂദ് എന്നിവ പ്രസിദ്ധമായ ഉറുദു രചനകളാണ്. ഇന്ദിരാ ഗാന്ധിയുടെ കോഴിക്കോട് സന്ദർശനത്തോടനുബന്ധിച്ച് അവരെ സ്റ്റേജിലിരുത്തി ആലപിച്ച അനുമോദന ഗാനം, ഇന്ദിര ആവശ്യപ്പെട്ടപ്പോൾ അയച്ചുകൊടുത്തതിന് മറുപടിയായി ഇന്ദിരയുടെ കൈപ്പടയിൽ തന്നെ മറുപടി ലഭിച്ചത് ശ്രദ്ധേയമാണ്.
“കനകം വിളയുന്ന വയനാടെ,
കാടുകൾ തിങ്ങിയ മലനാടെ
കാട്ടാന കാട്ടികളും ഇന്നാട്ടിലെ
കാട്ടു മനുഷ്യരുമിന്നെവിടെ?
ആദ്യമിലെത്തുന്നതടിവാരം
അവിടുന്ന് കുത്തനെ മലവാരം
അടിമുടി പേടി വിടാത്തചുരത്തിലെ അന്നത്തെ കാടുകൾ ഇന്നെവിടെ? എന്ന ഗാനം പരിസ്ഥിതിയുടെ ചൂഷണത്തിനെതിരെയുള്ള പ്രതികരണമായിരുന്നു.
ലോറിത്തൊഴിലാളികളുടെ ജീവിതം വിഷയമാക്കി അദ്ദേഹം അവതരിപ്പിച്ച പാട്ടുകളും വേറിട്ട അനുഭവമായിരുന്നു. ആക്ഷേപഹാസ്യത്തിലൂടെ ചുറ്റുമുള്ള സമൂഹത്തിന്റെ വിഷയങ്ങളിൽ ഇശലുകളിലൂടെ പ്രതിരോധം തീർക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. നൂറുകണക്കിന് കേസറ്റുകൾ പുറത്തിറക്കിയും പുതിയ തലമുറക്കു പ്രചോദനം നൽകിയും തന്റെ ദൗത്യം നിർവഹിച്ച കെ സി എന്നും നിലപാടുകളിൽ ഉറച്ചു നിന്ന കലാകാരനാണ്. കലാസൃഷ്ടികളുടെ ദൗത്യം സമൂഹത്തിന്റെ നന്മയാണെന്ന് തിരിച്ചറിയുകയും അതിന്നായി ജീവിതം സമർപ്പിക്കുകയും ചെയ്ത കെ സിയുടെ പാട്ടുകൾ കാലത്തെ അതിജീവിച്ചു നമ്മുടെ ഇടയിൽ നിലനിൽക്കുമെന്നതിൽ സംശയമില്ല.
.