Connect with us

Kasargod

ഉറവ വറ്റാത്ത സ്നേഹവുമായി ഇസ്മാഈൽ ഹാജി

ചുട്ടു പൊള്ളുന്ന ചൂടിൽ ശുദ്ധജലവുമായി മുൻപ്രവാസി

Published

|

Last Updated

തൃക്കരിപ്പൂർ | കടുത്ത വേനലിന്റെ ചുട്ടു പൊള്ളുന്ന ചൂടിൽ ശുദ്ധജലക്ഷാമം മൂലം പൊറുതിമുട്ടുന്ന തൃക്കരിപ്പൂരിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ഇസ്മാഈൽ ഹാജി പൂവളപ്പ് ഒരു അനുഗ്രഹമാണ്. കഴിഞ്ഞ അഞ്ച് വർഷമായി സൗജന്യമായി ശുദ്ധജലം വിതരണം ചെയ്തുകൊണ്ട് പ്രദേശവാസികളുടെ അടിയന്തര പ്രാധാന്യമുള്ള പ്രശ്നത്തിൽ തണലായി മാറുകയാണ് ഈ നന്മ ദേഹം. തൃക്കരിപ്പൂർ പഞ്ചായത്ത് കുടിവെള്ളം എത്തിക്കുന്നതിനു മുമ്പ് തന്നെ ശുദ്ധജല വിതരണം താറുമാറായി കിടക്കുന്ന പ്രദേശങ്ങളിൽ ഇസ്മാഈൽ ഹാജി തന്റെ പതിവ് സേവനം ആരംഭിച്ചിരുന്നു. ആരിൽ നിന്നും പണം സ്വീകരിക്കാതെ സ്വന്തം നിലയിലും സുഹൃത്തായ റശീദ് ഹാജിയുടെ സഹായത്താലുമാണ് ഈ നിസ്വാർഥ സേവനം ചെയ്യുന്നത്.

ഇസ്മാഈൽ ഹാജിയുടെ പാത പിന്തുടർന്ന റശീദ് ഹാജിയാണ് വാഹനവും ചിലവും എല്ലാം വഹിക്കുന്നത്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോഴാണ് പ്രദേശത്തെ കുടിവെള്ള പ്രശ്നം ഇസ്മായിൽ ഹാജി നേരിട്ട് അറിയുന്നത്. അങ്ങനെയാണ് കുടിവെള്ള വിതരണം സ്വന്തം ചിലവിൽ നടത്താൻ തീരുമാനിച്ചത്.

പഞ്ചായത്തിന്റെ പടിഞ്ഞാറ് മേഖലകളായ പൂവളപ്പ്, വയലോടി, മധുരംകൈ ഉടുമ്പുംതല തുടങ്ങിയ പ്രദേശങ്ങളിലാണ് വേനൽകാലത്ത് കടുത്ത ശുദ്ധജലക്ഷാമം നേരിടുന്നത്. ഈ പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും വേണ്ടവിധത്തിൽ ലഭ്യമാകാതെ വന്നതോടെയാണ് ഇദ്ദേഹം ഈ രംഗത്തെ സജീവ സാന്നിദ്ധ്യമായി മാറിയത്.

എല്ലാ ദിവസവും രാവിലെ ആറര മുതൽ ഈ ഗ്രാമങ്ങളിൽ ശുദ്ധജലവുമായി ഇരുവരും ഓടി നടക്കുകയാണ്. പാവപ്പെട്ടവനോ പണക്കാരനോ എന്ന് നോക്കാതെ നടത്തുന്ന സേവനത്തിനു ഇന്ന് നാട് ഈ നല്ല മനസ്സിന് മുന്നിൽ കൈകൾ കൂപ്പുകയാണ്. ഗൾഫിൽ 43 വർഷം ഡ്രൈവറായി സേവനമനുഷ്ഠിച്ചതിനു ശേഷമാണ് ഇസ്മാഈഈൽ ഹാജി പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. ഗൾഫിലുള്ള കാലത്തും അറബി കല്യാണങ്ങളുടെ ആഹാരസാധനങ്ങൾ പാവപ്പെട്ടവർക്ക് നേരിട്ട് എത്തിച്ചും സാമൂഹികസേവനം നൽകിയിരുന്നു. സ്കൂൾ തുറക്കുന്ന വേളയിൽ കുട്ടികളെ റോഡ് മുറിച്ചു കടത്താനും ഗതാഗതം നിയന്ത്രിക്കാനും ഹാജി ഉണ്ടാവും. പൊതു സേവനം നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഈ 67കാരന് മരണം വരെ ഇത്തരം കർമങ്ങളിൽ സക്രിയനാകാനാണ് തീരുമാനം.

Latest