International
ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെട്ടു
ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു.
ടെഹ്‌റാന്‍ | ഹമാസ് തലവനും ഫലസ്തീന്‍ മുന്‍ പ്രസിഡന്റുമായ ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഇറാന്‍ ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു.
ഹനിയ താമസിച്ചിരുന്ന കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒരു സുരക്ഷാ ഗാര്‍ഡും കൊലപ്പെട്ടിട്ടുണ്ട്.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെ ഇവിടെയെത്തിയതായിരുന്നു ഹനിയയെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് (ഐ ആര്‍ ജി സി) പ്രസ്താവനയില്‍ അറിയിച്ചു.
‘സഹോദരന്‍, നേതാവ്, പ്രസ്ഥാനത്തിന്റെ തലവന്‍ ഇസ്മാഈല്‍ ഹനിയ സയണിസ്റ്റ് ആക്രമണത്തില്‍ കൊലപ്പെട്ടിരിക്കുന്നു. പുതിയ ഇറാനിയന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷമാണ് അദ്ദേഹത്തെ ചതിച്ചു കൊലപ്പെടുത്തിയത്.’- ഹമാസ് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
എങ്ങനെയാണ് ഹനിയ വധിക്കപ്പെട്ടത് എന്നതിന്റെ വിശദാംശങ്ങള്‍ ഐ ആര്‍ ജി സി പുറത്തുവിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നാണ് ഐ ആര്‍ ജി സി വൃത്തങ്ങള്‍ പറയുന്നത്.