Connect with us

cpm party congress@ kannur

ബി ജെ പിയെ ഒറ്റപ്പെടുത്തല്‍ മുഖ്യ ലക്ഷ്യം: സീതാറാം യെച്ചൂരി

മതേതര സെമിനാറിലേക്ക് വിളിച്ചിട്ടും കോണ്‍ഗ്രസുകാര്‍ വരുന്നില്ല

Published

|

Last Updated

കണ്ണൂര്‍ | ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കലും ദേശീയ രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്തലുമാണ് സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് കരട് രാഷ്ട്രീയ പ്രമേയത്തിന്റെ ഉള്ളടക്കമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെ പിയെ പുറത്താക്കാന്‍ വിശാല മതേതര ഐക്യം വേണം. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിക്കില്ല. യു പി എ രൂപവത്ക്കരിച്ചതും തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു. ബി ജെ പിയുമായി ഒരിക്കലും സി പി എം സന്ധി ചെയ്തിട്ടില്ല. ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ സി പി എം മുന്നിട്ടിറങ്ങുമെന്നും പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയ ചര്‍ച്ച സംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.

ഹിന്ദുത്വത്തെ നേരിടാന്‍ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് വേണം. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവിനാണ് ബി ജെ പി ശ്രമിക്കുന്നത്. ഹിജാബും ഹാലാലുമൊക്കെയാണ് അവരുടെ ആയുധം.

മതേതര സഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടെന്നോ, ഇല്ലെന്നോ പറഞ്ഞിട്ടില്ല. സി പി എം നടത്തുന്ന മതേതര സെമിനാറിലേക്ക് വിളിച്ചിട്ടും കോണ്‍ഗ്രസുകാര്‍ വരുന്നില്ല. മണി ശങ്കര്‍ അയ്യറും ശശി തരൂരും ക്ഷണം നിരസിച്ചു. അത്തരക്കാരെ എങ്ങനെ മതേതര മുന്നണിയിലേക്ക് ക്ഷണിക്കും. സില്‍വര്‍ലൈന്‍ വിഷയത്തില്‍ കേന്ദ്ര, കേരള നേതാക്കള്‍ക്കിടിയില്‍ അഭിപ്രായ വിത്യാസമില്ല. സര്‍ക്കാറിന്റെ ഭരണപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടറാലില്ല.

ഇന്ധന വില വര്‍ധനവാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. പെട്രോളിയത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എല്ലാ അധിക നികുതിയും പിന്‍വലിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സെസും സര്‍ചാര്‍ജും പിന്‍വലിക്കണം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സമ്പന്നന്‍മാരില്‍ നിന്ന് അധിക നികുതി പിന്‍വലിക്കണം.

കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച തുടരുകയാണ്. 12 പ്രതിനിധികള്‍ ഇതുവരെ സംസാരിച്ചു. രാഷ്ട്രീയ പ്രമേയത്തില്‍ ഇതുവരെ 4001 ഭേദഗതി നിര്‍ദേശങ്ങള്‍ വന്നു. കരട് രാഷ്ട്രീയ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നാളെ പൂര്‍ത്തിയാക്കും.

 

 

 

Latest