Connect with us

from print

ഗസ്സയില്‍ അന്നം മുട്ടിച്ച് ഇസ്‌റാഈലിന്റെ കൊടും ക്രൂരത

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെ റമസാനില്‍ ഗസ്സയിലേക്കുള്ള സഹായ വിതരണം തടഞ്ഞു

Published

|

Last Updated

തെല്‍ അവീവ്/ കൈറോ | റമസാനില്‍ ഗസ്സയിലേക്കുള്ള സഹായ വിതരണം തടഞ്ഞ് ഇസ്റാഈല്‍. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്റാഈല്‍ നടപടി. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള യു എസ് നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇസ്റാഈല്‍ മുന്നറിയിപ്പ് നല്‍കി.

വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിക്കാനാണ് ഇസ്റാഈല്‍ ശ്രമമെന്ന് ആരോപിച്ച് ഹമാസും രംഗത്തെത്തി. സഹായ വിതരണം തടയാനുള്ള തീരുമാനം ബ്ലാക്ക് മെയിലിംഗും യുദ്ധക്കുറ്റവുമാണെന്ന് ഹമാസ് നേതൃത്വം പറഞ്ഞു. പതിനഞ്ച് മാസം നീണ്ടുനിന്ന ഇസ്റാഈല്‍ അധിനിവേശത്തിന് താത്കാലിക വിരാമമിട്ട് കഴിഞ്ഞ ജനുവരിയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍, ബന്ദിമോചന കരാറിന്റെ ആദ്യഘട്ടം ശനിയാഴ്ച അവസാനിച്ചിരുന്നു. രണ്ടാംഘട്ട ചര്‍ച്ച എങ്ങുമെത്താത്ത അവസ്ഥയിലാണ് സഹായം തടഞ്ഞ് ഗസ്സയെ വീണ്ടും വരിഞ്ഞുമുറുക്കുന്നത്.

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം കഴിഞ്ഞതിന് പിന്നാലെ റമസാനില്‍ താത്കാലിക വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കണമെന്ന നിര്‍ദേശം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെക്കുകയായിരുന്നു. യു എസിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് നിര്‍ദേശം വെച്ചത്. ഇക്കാര്യം ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അംഗീകരിക്കുകയും ചെയ്തു. നിര്‍ദേശം ഹമാസ് അംഗീകരിച്ചാല്‍ റമസാന്‍ മാസത്തിലും ഏപ്രില്‍ 20ന് ജൂത വിശേഷദിനം വരെയും വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടാകുമെന്നാണ് ഇസ്റാഈല്‍ നിലപാട്.

പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ദികളില്‍ പകുതി പേരെ ഹമാസ് ആദ്യ ദിനം തന്നെ വിട്ടയക്കണമെന്നാണ് വ്യവസ്ഥ. ശേഷിക്കുന്നവരെ സ്ഥിരം വെടിനിര്‍ത്തലിന് ധാരണയിലെത്തുമ്പോള്‍ വിട്ടയക്കണം. എന്നാല്‍, നിര്‍ദേശം ഹമാസ് തള്ളുകയായിരുന്നു. സ്ഥിരം വെടിനിര്‍ത്തലിനുള്ള രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് പകരം 42 ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഹമാസ് നിലപാട്. സ്ഥിരം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയും സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ ഇസ്റാഈല്‍ തയ്യാറാകുകയും ചെയ്താല്‍ മുഴുവന്‍ ബന്ദികളെയും ഒറ്റത്തവണയായി മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചു. അധിനിവേശം പൂര്‍ണമായി അവസാനിക്കാതെ ബന്ദികളെ മുഴുവന്‍ വിട്ടയക്കണമെന്ന നിര്‍ദേശം ഈജിപ്തും തള്ളി.

കരാര്‍ പ്രകാരം ചര്‍ച്ച ഫലപ്രദമല്ലെങ്കില്‍ ആദ്യ ഘട്ടത്തിന് ശേഷം ആക്രമണം പുനരാരംഭിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു. സഹായം തടഞ്ഞ ഇസ്റാഈല്‍ നടപടിയോട് പ്രതികരിക്കാന്‍ യു എസ് തയ്യാറായിട്ടില്ല. ആദ്യഘട്ട കരാറിന്റെ ഭാഗമായി എട്ട് മൃതദേഹങ്ങളും 25 ബന്ദികളെയുമാണ് ഹമാസ് കൈമാറിയത്. രണ്ടായിരത്തോളം ഫലസ്തീന്‍ തടവുകാരെ ഇസ്റാഈല്‍ മോചിപ്പിച്ചു.

 

Latest