From the print
ഖാൻ യൂനുസിൽ നിന്ന് ഇസ്റാഈലിന്റെ സൈനിക പിന്മാറ്റം
വ്യോമാക്രമണത്തിന് കുറവില്ല
ഗസ്സ | തുടർച്ചയായ 22 ദിവസത്തെ ആക്രമണങ്ങൾക്കു ശേഷം കിഴക്കൻ ഖാൻ യൂനുസിൽ നിന്ന് ഇസ്റാഈൽ സൈന്യം പിൻവാങ്ങി. വലിയ ആൾനാശവും ദുരിതവും വിതച്ച് ഖാൻ യൂനുസിനെ തരിശുഭൂമി പോലെയാക്കിയാണ് സൈന്യത്തിന്റെ പിന്മാറ്റം.
എന്നാൽ, സൈന്യത്തെ പിൻവലിച്ചെങ്കിലും വ്യോമാക്രമണങ്ങളിൽ ഒരു കുറവും ഉണ്ടായിട്ടില്ല. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും പലായന മാർഗങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്ന സമാന നീക്കമാണ് ഇസ്റാഈൽ ഇവിടെയും നടത്തുന്നത്. സൈന്യം പിൻവാങ്ങിയെന്ന് ആശ്വസിച്ച് തിരിച്ചെത്തുന്ന ഫലസ്തീനികൾക്കു നേരെ വ്യോമാക്രമണം നടത്തുകയാണ് ഇസ്റാഈലെന്ന് വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തു. ദാർ അൽ ബലാഹിലും ഖാൻ യൂനുസിലുമുള്ള സൈനിക നീക്കം അവസാനിപ്പിച്ചുവെന്ന് ഇസ്റാഈൽ സൈന്യത്തിന്റെ 98ാം ഡിവിഷൻ അറിയിച്ചു.
ഗസ്സക്കൊപ്പം വെസ്റ്റ് ബാങ്കും
അതിനിടെ, ഗസ്സയിലുടനീളവും അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ഇന്നലെയും ഇസ്റാഈൽ സൈന്യം രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ഗസ്സയിലെ എമിറാത്തി ആശുപത്രിയിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇന്ധനവും കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിനു നേരെ മിസൈൽ ആക്രമണം നടന്നതായി മനുഷ്യാവകാശ സംഘടനയായ അമേരിക്കൻ നിയർ ഈസ്റ്റ് റെഫ്യൂജി എയ്ഡ് (അനേറ) പറഞ്ഞു. മധ്യ ഗസ്സയിലെ മഗാസി അഭയാർഥി ക്യാമ്പിൽ ഉൾപ്പെട്ട വീടിനു നേരെ ഇസ്റാഈൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജബലിയയിൽ ഷെല്ലാക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
നിസ്കാരം തടഞ്ഞു
വെള്ളിയാഴ്ച നിസ്കാരത്തിനായി അൽ അഖ്സാ പള്ളിയിലെത്തിയവരെ ഇസ്റാഈൽ സൈന്യവും ജൂത കൈയേറ്റക്കാരും തടഞ്ഞെന്നും റിപോർട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ ഇസ്റാഈൽ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ സംഘടനയുടെ ജെനിൻ കമാൻഡർ വിസാം അയ്മൻ ഹസം കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസം ബ്രിഗേഡ്സ് സ്ഥിരീകരിച്ചു.