International
ലബനാനിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി സമ്മതിച്ച് ഇസ്റാഈൽ
തെക്കൻ അതിർത്തി ഗ്രാമത്തിൽ നുഴഞ്ഞുകയറിയ ഇസ്റാഈലി സൈനികരുമായി തങ്ങളുടെ പോരാളികൾ ഏറ്റുമുട്ടുകയാണെന്ന് ഹിസ്ബുല്ല
ജറുസലേം | ലബനാനിൽ ഹിസ്ബുല്ല പോരാളികളുമായുണ്ടായ പോരാട്ടത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി സമ്മതിച്ച് ഇസ്റാഈൽ. ക്യാപ്റ്റൻ ഈറ്റൻ ഇറ്റ്സാക്ക് ഓസ്റ്ററാണ് കൊല്ലപ്പെട്ടതെന്ന് ഇസ്റാഈൽ സൈന്യം അറിയിച്ചു. ഇതുംസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒന്നും സൈന്യം നൽകിയില്ല. ലബനാനിൽ ഇസ്റാഈൽ തിരിച്ചടി നേരിടുന്നതായി ഇതാദ്യമായാണ് സൈന്യം സമ്മതിക്കുന്നത്.
അതേസമയം, തെക്കൻ അതിർത്തി ഗ്രാമത്തിൽ നുഴഞ്ഞുകയറിയ ഇസ്റാഈലി സൈനികരുമായി തങ്ങളുടെ പോരാളികൾ ഏറ്റുമുട്ടുകയാണെന്ന് ഹിസ്ബുല്ല അറിയിച്ചു. വടക്കുകിഴക്കൻ അതിർത്തി ഗ്രാമമായ അഡെയ്‌സെയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ഇസ്റാഈൽ സൈനികർ പിൻവാങ്ങാൻ നിർബന്ധിതരായതായി സംഘം പറഞ്ഞു.
ഇസ്റാഈൽ സൈന്യം രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി രേഖ ലംഘിച്ചതായും ലെബനൻ സൈന്യം പറഞ്ഞു. ഇസ്റാഈൽ സൈന്യം ഏകദേശം 400 മീറ്റർ ബ്ലൂ ലൈൻ ലംഘിച്ച് ലെബനീസ് പ്രദേശത്തേക്ക് കടന്നുകയറി. പിന്നീട് കുറച്ച് സമയത്തിന് ശേഷം പിൻവാങ്ങിയെന്നും ലബനൻ സൈന്യം എക്സ് പോസ്റ്റിൽ അറിയിച്ചു.
അതിർത്തിയുടെ കിഴക്കൻ ഭാഗത്തുള്ള മറൂൺ അൽ-റാസ് ഗ്രാമത്തിൽ ഇസ്റാഈൽ ടാങ്കറുകളെ ലക്ഷ്യമിട്ട് ലബനാൻ ആക്രമണം നടത്തി. നേരത്തെ, ഇതേ പ്രദേശത്ത് ഇസ്റാഈൽ സൈനികർക്ക് നേരെ പതിയിരുന്ന് ആക്രമണം നടത്തിയതായും ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു.
നേരത്തെ, തെക്കൻ ലെബനനിലെ പ്രദേശങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്റാഈൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കൻ ലെബനനിലെ 20 ലധികം ഗ്രാമങ്ങൾക്കും പ്രദേശങ്ങൾക്കുമായിരുന്നു മുന്നറിയിപ്പ്.