International
ഗസ്സയില്‍ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാന്‍ ഇസ്‌റാഈല്‍ ലക്ഷ്യമിട്ടെന്ന് ഐക്യരാഷ്ട്ര സഭ
മാതൃ-ശിശു ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും പ്രത്യുത്പാദന ആരോഗ്യ കേന്ദ്രവും നശിപ്പിച്ചത് വംശഹത്യ തന്നെയെന്ന് അന്വേഷണ റിപോര്‍ട്ട്

ജനീവ | ഗസ്സയില്‍ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാന്‍ ഇസ്‌റാഈല്‍ ലക്ഷ്യമിട്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപോര്‍ട്ട്. ആക്രമണത്തിനിടെ മാതൃ- ശിശു ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും പ്രത്യുത്പാദന ആരോഗ്യ കേന്ദ്രവും നശിപ്പിച്ച ഇസ്റാഈല്‍ നടപടി വംശഹത്യ തന്നെയെന്നാണ് ഐക്യരാഷ്ട്രസഭാ അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിലുള്ളത്. ആക്രമണത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു.
ഗസ്സയിലെ പ്രധാന ഫെര്‍ട്ടിലിറ്റി സെന്റര്‍ ഇസ്റാഈല്‍ മനഃപൂര്‍വം തകര്‍ത്തു. ഗര്‍ഭധാരണം, പ്രസവം, നവജാത ശിശു പരിചരണം തുടങ്ങിയവക്കുള്ള മരുന്നുകള്‍ ഗസ്സയിലേക്കെത്തിക്കുന്നത് തടഞ്ഞുവെന്നും ജനീവ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഗസ്സയിലെ പ്രസവ സംബന്ധ ആശുപത്രിക്കു പുറമെ അല്‍ ബസ്മ ഐ വി എഫ് സെന്ററാണ് ഇസ്റാഈല്‍ സൈന്യം തകര്‍ത്തത്. 2023 ഡിസംബറിലാണ് അല്‍ ബസ്മ സെന്ററിനു നേരെ ഷെല്‍ ആക്രമണമുണ്ടായത്. പ്രതിമാസം 2,000 മുതല്‍ 3,000 വരെ രോഗികള്‍ക്ക് സേവനം നല്‍കുന്ന ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന 4,000ത്തോളം ഭ്രൂണങ്ങളും നശിപ്പിച്ചു. സൈനികാവശ്യങ്ങള്‍ക്കായി ഹമാസ് ഈ കെട്ടിടം ഉപയോഗിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ ഇതിന് തക്ക തെളിവുകളൊന്നും ഇസ്റാഈലിന് കാണിക്കാനായിട്ടില്ലെന്ന് റിപോര്‍ട്ട് പറയുന്നു. ഗസ്സയില്‍ പുതിയ ജനനങ്ങള്‍ തടയുന്നതിനുള്ള നടപടിയാണിത്. ഇത് വംശഹത്യ തന്നെയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സൈനിക നടപടിയുടെ ഭാഗമായി ഫലസ്തീന്‍ വനിതകളെയും പെണ്‍കുട്ടികളെയും ലൈംഗികാതിക്രമത്തിന് ഇരയാക്കി. ബലാത്സംഗം, നിര്‍ബന്ധിത നഗ്‌നതാ പ്രദര്‍ശനം തുടങ്ങിയവയാണ് നടത്തിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. നിരവധി വനിതകള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇസ്റാഈല്‍ തടവറയില്‍ വെച്ച് സൈനികര്‍ നിര്‍ബന്ധിച്ച് ഉള്‍വസ്ത്രം അഴിപ്പിക്കുകയും ജനനേന്ദ്രിയത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തതായി പേര് വെളിപ്പെടുത്താത്ത ഗസ്സയില്‍ നിന്നുള്ള പുരുഷ നഴ്സും മൊഴി നല്‍കി.
അതേസമയം, അസംബന്ധമായ അവകാശ വാദങ്ങളാണ് റിപോര്‍ട്ടിലേതെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രവര്‍ത്തനം ഇസ്റാഈല്‍ വിരുദ്ധമാണ്. അപ്രസക്തമായ ഈ സംഘടന ഭീകരതയെ പിന്തുണക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.