International
പോളിയോ വാക്സിനേഷന് മൂന്ന് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ച് ഇസ്റാഈലും ഹമാസും
ഞായറാഴ്ചയാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഗസ്സയിൽ പോളിയോ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുന്നത്.
യുണൈറ്റഡ് നാഷൻസ് | ഗസ്സയിൽ പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ നടത്തുന്നതിന് മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് സമ്മതിച്ച് ഇസ്റാറഈലും ഹമാസും. മൂന്ന് സോണുകളായി തിരിച്ചാണ് വെടിനിർത്തൽ നടപ്പാക്കുക.
ആദ്യത്തെ മൂന്ന് ദിവസം സെൻട്രൽ ഗസ്സയിലും അടുത്ത മൂന്ന് ദിവസം കിഴക്കൻ ഗസ്സയിലും പിന്നീടുള്ള മൂന്ന് ദിവസം വടക്കൻ ഗസ്സയിലും വെടിനിർത്തൽ നടപ്പാക്കുമെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥൻ അറിയിച്ചു. രാവിലെ ആറ് മുതൽ ഉച്ചക്ക് മൂന്ന് വരെയാണ് ഇരുവിഭാഗവും ആക്രമണങ്ങൾ നിർത്തിവെക്കുക. ആവശ്യമെങ്കിൽ വെടിനിർത്തൽ നാലാം ദിവസത്തേക്ക് നീട്ടുവാനും ഹമാസും ഇസ്റാഈലും സമ്മതിച്ചിട്ടുണ്ടെന്നും ഡബ്ല്യൂ എച്ച് ഒ പ്രതിനിധി പറഞ്ഞു.
ഞായറാഴ്ചയാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഗസ്സയിൽ പോളിയോ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുന്നത്. ഗസ്സയിലെ 6,40,000ൽ പരം കുട്ടികൾക്ക് വാക്സിൻ ലഭ്യമാക്കാനാണ് ശ്രമം. കഴിഞ്ഞ 23ന് ഗസ്സയിൽ ഒരു കുട്ടിക്ക് പോളിയോ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് യുഎൻ നടപടി. കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഗസ്സയിൽ പോളിയോ രോഗം സ്ഥിരീകരിക്കുന്നത്.