Connect with us

Gaza Update

ഗസ്സയിൽ കരയുദ്ധം തുടങ്ങി ഇസ്റാഈൽ; മരണം അയ്യായിരം കടന്നു; 20 ട്രക്കുകൾ കൂടി എത്തി; പകർച്ചവ്യാധി ഭീഷണിയും

വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചെന്ന് ഇസ്റാഈൽ സേനാ വാക്താവ്

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയിൽ കരയുദ്ധം തുടങ്ങി ഇസ്റാഈൽ. ഹമാസിനെ ലക്ഷ്യമിട്ട് നിയന്ത്രിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്റാഈൽ അവകാശപ്പെട്ടു. അതേസമയം, വ്യോമാക്രമണം തുടരുകയുമാണ്. 24 മണിക്കൂറിനിടെ 182 കുട്ടികളടത്തം 436 പേരാണ് മരിച്ചത്. ഇതോടെ ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയ ശേഷം മരിച്ചവരുടെ എണ്ണം 5087 ആയി ഉയർന്നു.

ജനസാന്ദ്രതയേറിയ ജബലിയ അഭയാർഥി ക്യാമ്പ്, ഗസ്സയിലെ അൽ ഷിഫ, അല്-ഖുദ്സ് ആശുപത്രികൾക്ക് സമീപമുള്ള സ്ഥലങ്ങൾ എന്നിവയുള്പ്പെടെ ഗസ്സയിലെ ജനവാസ മേഖലകളിൽ ഇന്നും ഇസ്റാഈൽ ബോംബാക്രമണം തുടർന്നു. ബോംബാക്രമണത്തില് നൂറുകണക്കിന് പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

അധിനിവേശ വെസ്റ്റ് ബാങ്കിലും ഇന്നലെ രാത്രി ഇസ്റാഈൽ ആക്രമണം ശക്തമാക്കി. നാബ്ലസിൽ നടത്തിയ റെയ്ഡിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹമാസ്

ഇസ്റാഈൽ സേനക്ക് എതിരെ രണ്ട് ഡ്രോൺ ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സം ബ്രിഗേഡ്സ് ടെലിഗ്രാം ആപ്പിൽ അറിയിച്ചു. ഇസ്റാഈൽ വ്യോമസേനയുടെ ഹറ്റ്സെരിം ബേസിലും തസ്ലിം സൈനിക താവളത്തിൽ സ്ഥിതിചെയ്യുന്ന ഇസ്രായേൽ സൈന്യത്തിന്റെ സിനായ് ഡിവിഷൻ ആസ്ഥാനത്തുമാണ് ആക്രമണം നടത്തിയത്.

മാനുഷിക സഹായവുമായി 20 ട്രക്കുകൾ കൂടി ഗസ്സയിൽ

ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി ഇന്ന് 20 ട്രക്കുകൾ കൂടി എത്തി. ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗസ്സയിൽ എത്തിയ ട്രക്കുകളുടെ എണ്ണം 57 ആയി. ശനിയാഴ്ച റഫ അതിർത്തി തുറന്നതിന് ശേഷം ആദ്യ ദിനം ഇരുപത് ട്രക്കുകളും ഇന്നലെ 17 ട്രക്കുകളും ഗസ്സയിൽ പ്രവേശിച്ചിരുന്നു.

പ്രഹര ശേഷി കൂടിയ ബോംബുകൾ ഉപയോഗിച്ചുവെന്ന് ഇ്സറാഈൽ

വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചെന്ന് ഇസ്റാഈൽ സേനാ വാക്താവ് അറിയിച്ചു. ഹമാസിനെതിരെ ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോ​ഗിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ആ​ദ്യമായിട്ടാണ് അയൺ സ്റ്റിം​ഗ് സംവിധാനം യുദ്ധത്തിൽ ഉപയോ​ഗിക്കുന്നത്.

ഗസ്സയിൽ ജനജീവിതം ദുസ്സഹം; പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു

17 ദിവസമായി തുടരുന്ന ഇസ്റാഈൽ ക്രൂരത ഗസ്സയിൽ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ആശുപത്രികൾക്ക് മുകളിൽ പോലും ബോംബുകൾ വീഴുമ്പോൾ ഗസ്സയിൽ ഒരിടവും സുരക്ഷിതമല്ല എന്ന സ്ഥിതിയാണ്. ഇതിനിടയിൽ, വിവിധ പ്രദേശങ്ങളിൽ പകർച്ചവ്യാധികളും പടർന്നുപിടിക്കുന്നുണ്ട്. നിരവധി പേർക്ക് ചിക്കൻ പോക്‌സും ചൊറിയും ബാധിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശുചിത്വമില്ലായ്മയും ശുദ്ധീകരിക്കാത്ത വെള്ളത്തിന്റെ ഉപയോഗവും കാരണം വയറിളക്കം പോലുള്ള അസുഖങ്ങളും പടരുകയാണ്.

ദിനംപ്രതി 166 സുരക്ഷിതമല്ലാത്ത ജനനങ്ങൾ

ഗസ്സ മുനമ്പിൽ 50,000ൽ പരം ഗർഭിണികളും മതിയായ പരിരക്ഷ കിട്ടാതെ ദുരിതമനുഭവിക്കുകയാണ്. പ്രതിദിനം 166 ‘സുരക്ഷിതമല്ലാത്ത ജനനങ്ങള്’ നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അടുത്ത മാസം 5,500 സ്ത്രീകള് പ്രസവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Latest