International
ബെയ്‌റൂത്തില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്‌റാഈല്‍; മൂന്ന് ലെബനന്‍ സൈനികര്‍ കൊല്ലപ്പെട്ടു
സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ വ്യോമാക്രമണത്തില്‍ ഒരു സിറിയന്‍ സൈനികനും കൊല്ലപ്പെട്ടു.
ബെയ്‌റൂത്ത് | ബെയ്‌റൂത്തില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്‌റാഈല്‍. ആക്രമണത്തില്‍ ആറ് കെട്ടിടങ്ങള്‍ തകര്‍ന്നു.മൂന്ന് ലെബനന്‍ സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേറ്റതായും ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ വ്യോമാക്രമണത്തില്‍ ഒരു സിറിയന്‍ സൈനികനും കൊല്ലപ്പെട്ടു. ലബനനു നേരെ ആക്രമണം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ രാത്രിയില്‍ ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ നടത്തിയതെന്നാണ് റിപോര്‍ട്ട്.
ബെയ്‌റൂത്തിലും തൈര്‍ പ്രദേശത്തും 3 മണിക്കൂറിനിടെ 17 തവണയാണ് സൈന്യം ബോംബ് ആക്രമണം നടത്തിയത്. വടക്കന്‍ ഗസ്സയിലും കനത്ത വ്യോമാക്രമണം തുടരുകയാണ്.മേഖലയിലെ 200ഓളം ഫലസ്തീന്‍ യുവാക്കളെയാണ് ഇസ്‌റാഈല്‍ തടവിലാക്കിയത്.
ഇസ്‌റാഈലിന്റെ വടക്കന്‍ ഗസ ഉപരോധം 20ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ 770ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് ഗസ്സ സര്‍ക്കാര്‍ മിഡീയ ഓഫീസ് അറിയിക്കുന്നത്. ഗസ്സയില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 42,847 പേര്‍ കൊല്ലപ്പെടുകയും 100,544 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.