Connect with us

International

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്‌റാഈല്‍ കനത്ത വ്യോമാക്രമണം നടത്തി

ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്‌റല്ലയെ കൊലപ്പെടുത്തുക ലക്ഷ്യം

Published

|

Last Updated

ടെല്‍ അവീവ് | ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്‌റല്ലയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്‌റാഈല്‍ കനത്ത വ്യോമാക്രമണം നടത്തി. കുറഞ്ഞത് ഒമ്പതു പേരെങ്കിലും മരിക്കുകയും 90-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വ്യോമാക്രമണം നടത്തിയ സമയത്ത് നസ്‌റല്ല ഹിസ്ബുല്ലയുടെ ആസ്ഥാനത്ത് ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വ്യോമാക്രമണത്തില്‍ നസ്റല്ല കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്‌റാഈല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഇതുവരെ ഇസ്‌റാഈല്‍ ലെബനനില്‍ തുടര്‍ന്ന വ്യോമാക്രമണങ്ങള്‍ക്കു പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസു. കര ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഇസ്‌റാഈല്‍ ഇതിലൂടെ നല്‍കുന്നത്.

തെക്കന്‍ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ഇസ്‌റാഈല്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ജനസാന്ദ്രതയുള്ള പ്രദേശമായ ദഹിയേയില്‍ ഒന്നിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചു. ഹിസ്ബുല്ലയുടെ മിസൈല്‍ ആയുധശേഖരത്തിന്റെ പകുതിയോളം ഇല്ലാതാക്കിയെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ടു. ഇസ്‌റാഈലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് അമേരിക്കയും ഫ്രാന്‍സും മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും ഇസ്‌റാഈല്‍ വഴങ്ങിയില്ല.

 

 

Latest