Connect with us

gaza

ഇസ്‌റാഈല്‍ നരഹത്യ തുടരുന്നു; എട്ടു ദിവസത്തെ ഉപരോധത്തിനിടെ 200 പേര്‍ കൊല്ലപ്പെട്ടു

സിവിലിയന്‍ കുരുതി ഒഴിവാക്കണമെന്ന യു എന്നിന്റെയും ലോകരാജ്യങ്ങളുടേയും ആഹ്വാനം തള്ളിയാണ് ഇസ്‌റാഈല്‍ ഗസ്സയിലും ലബനാനിലും വ്യാപക നരനായാട്ട് തുടരുന്നത്

Published

|

Last Updated

ബെയ്‌റൂത്ത് | വടക്കന്‍ ഗസ്സയിലും ലബനാനിലും എട്ടു ദിവസങ്ങളായി ഇസ്രായേല്‍ തുടരുന്ന ഉപരോധത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 200 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സിവിലിയന്‍ കുരുതി ഒഴിവാക്കണമെന്ന യു എന്നിന്റെയും ലോകരാജ്യങ്ങളുടേയും ആഹ്വാനം തള്ളിയാണ് ഇസ്‌റാഈല്‍ ഗസ്സയിലും ലബനാനിലും വ്യാപക നരനായാട്ട് തുടരുന്നത്. വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 30 പേരാണ് കൊല്ലപ്പെട്ടത്. ലബനാനിലെ മൈസറ, ദേര്‍ ബലാഹ് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

പത്ത് ദിവസത്തോളമായി ഇവിടേക്കുള്ള സഹായ വസ്തുക്കള്‍ ഇസ്‌റാഈല്‍ പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. ജനങ്ങളെ വടക്കന്‍ ഗസ്സയില്‍നിന്ന് പൂര്‍ണമായി പുറന്തള്ളുകയെന്ന പദ്ധതിയുടെ ഭാഗമാണ് സഹായനിഷേധം. ഇസ്‌റാഈല്‍ ക്രൂരമായ വംശഹത്യ തുടരുകയാണെന്നും എന്നാല്‍ ശക്തമായ ചെറുത്തുനില്‍പ്പ് തുടരുമെന്നും ഹമാസ് വ്യക്തമാക്കി. ബോംബ് വര്‍ഷം തുടരുന്ന പ്രദേശത്തേക്ക് ജീവന്‍ രക്ഷാ ദൗത്യവുമായി വരുന്ന ആംബുലന്‍സുകളെ പോലും ഇസ്‌റാഈല്‍ തടയുകയാണ്.

ദക്ഷിണ ലബനാനിലും ബെയ്‌റൂത്തിലും നിരവധി ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. രണ്ടാഴ്ച പിന്നിട്ടിട്ടും ലബനാനില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്തത് ഇസ്‌റാഈല്‍ കരസേനക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഹിസ്ബുല്ലയുടെ ശക്തമായ പ്രതിരോധത്തിനു മുമ്പില്‍ പതറിയ ഇസ്‌റാഈല്‍ സേന സിവിലിയന്‍ കൂട്ടക്കുരുതി നടത്തുകയാണെന്നാണ് ആരോപണം.