International
ഗസ്സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് 63 പേരെ
യു എന്‍ അഭയാര്‍ഥി ക്യാമ്പിലും ബോംബാക്രമണം; ആകെ മരണം 45,0000 കവിഞ്ഞു
ഗസ്സ | ഫലസ്തീനിനെതിരെ നരനായാട്ട് തുടര്‍ന്ന് ഇസ്‌റാഈല്‍ അധിനിവേശ സേന. 24 മണിക്കൂറിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 63 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 203 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തെക്കന്‍ ഖാന്‍ യൂനിസിലെ യു എന്‍ നടത്തുന്ന അഹ്മദ് ബിന്‍ അബ്ദുള്‍ അസീസ് സ്‌കൂളിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്‌റാഈല്‍ ബോംബാക്രമണം നടത്തി. കുട്ടികളടക്കം 20 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്.
വടക്കന്‍ ബെയ്ത്ത് ഹനൂനിലെ മറ്റൊരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അല്‍ ജസീറ ക്യാമറാമാന്‍ അഹമ്മദ് അല്‍-ലൂഹിനും അഞ്ച് രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടും.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സക്കെതിരായ ഇസ്‌റാഈല്‍ യുദ്ധത്തില്‍ കുറഞ്ഞത് 45,028 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 106,962 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
അതിനിടെ, സിറിയന്‍ പ്രസിഡൻ്റ് ബഷാര്‍ അല്‍ അസദിനെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് സിറിയയില്‍ കൂടുതല്‍ ഭൂമി ഇസ്‌റാഈല്‍ പിടിച്ചെടുത്തു. അധിനിവേശ സിറിയന്‍ ഗോലന്‍ കുന്നുകളിലെ ഇസ്‌റാഈലി കുടിയേറ്റക്കാരുടെ ജനസംഖ്യ ഇരട്ടിയാക്കാനുള്ള പദ്ധതികളും ഇസ്‌റാഈൽ സര്‍ക്കാര്‍ പ്രഖ്യാപിച്ചിു. ഇതോടെ സിറിയക്കെതിരെയും ആക്രമണം ഇരട്ടിയാക്കി.