International
ക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍: ഗസ്സയില്‍ കുടുംബത്തിലെ 12 പേരെ കൊലപ്പെടുത്തി
24 മണിക്കൂറിനിടെ 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി | വടക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികളടക്കം കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു. ജബാലിയയിലെ ഖല്ലാ കുടുംബമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആശുപത്രിയിലേക്കും സ്‌കൂളിലേക്കും നടത്തിയ ആക്രമണത്തില്‍ എട്ട് പേരും കൊല്ലപ്പെട്ടു. ഗസ്സയില്‍ 24 മണിക്കൂറിനിടെ 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരം.
ഇതോടെ, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനു ശേഷം ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45,235 ആയി. 1,07,580 പേര്‍ക്കാണ് ഇതുവരെ പരുക്കേറ്റത്.
വടക്കന്‍ ഗസ്സ നഗരമായ ബൈത്ത് ലാഹിയയുടെ പടിഞ്ഞാന്‍ പ്രദേശങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തു. ഇവിടെ ആള്‍നാശമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല. വ്യോമാക്രമണത്തില്‍ റാഫയുടെ വടക്കുകിഴക്ക് ഖിര്‍ബെത് അല്‍ അദാസില്‍ രണ്ട് പേരും വടക്ക് ബൈത്ത് ലാഹിയയിലെ കമാല്‍ അദ്വാന്‍ ആശുപത്രിക്ക് സമീപം രണ്ട് പേരും കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഖാന്‍ യൂനുസിന് കിഴക്ക് അബാസന്‍ അല്‍ കബീറ പട്ടണത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 25 ഫലസ്തീനികളെ ഇസ്‌റാഈല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് കുട്ടികളും മുന്‍ തടവുകാരും ഉള്‍പ്പെടുമെന്നാണ് റിപോര്‍ട്ട്. നബ്ലസ്, ജെനിന്‍, ബെത്ലഹേം, തുല്‍ക്കറം, കിഴക്കന്‍ ജറൂസലം എന്നീ അധിനിവിഷ്ട ഗവര്‍ണറേറ്റുകളിലാണ് അറസ്റ്റ് നടന്നത്.