International
വെസ്റ്റ് ബാങ്കിൽ ഇസ്‌റാഈൽ നരനായാട്ട് തുടരുന്നു. പത്ത് ഫലസ്തീനികൾ കൊല്ലപ്പെട്ടു
വീടുകയറി സൈനിക അതിക്രമം • പ്രതിരോധിച്ചവർക്കു നേരെ നിറയൊഴിച്ചു • നൂറോളം പേർക്ക് പരുക്ക്
വെസ്റ്റ് ബാങ്ക് | വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ ഇസ്‌റാഈൽ സൈന്യം നടത്തിയ റെയ്ഡിനിടെ വ്യാപക ആക്രമണം. നാബ്‌ലസിൽ നടന്ന സൈനിക നരനായാട്ടിൽ പത്ത് പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും മരണ സംഖ്യ വർധിച്ചേക്കുമെന്നും ഫലസ്തീൻ വൃത്തങ്ങൾ വ്യക്തമാക്കി.
കെട്ടിച്ചമച്ച കുറ്റം ചുമത്തി സാധാരണക്കാരെയും നിരപരാധികളെയും പിടികൂടാനുള്ള സൈനിക നീക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നിയമവിരുദ്ധമായ ഇസ്‌റാഈൽ അതിക്രമം ചെറുത്ത യുവാക്കൾക്ക് നേരെ പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സൈന്യത്തിനു നേരെ ഫലസ്തീനികൾ നിറയൊഴിച്ചെന്നും ആക്രമണങ്ങൾ അഴിച്ചുവിട്ടെന്നും ആരോപിച്ചാണ് ഇസ്‌റാഈൽ നടപടി.
എന്നാൽ, ആക്രമണത്തിൽ സൈന്യത്തിന് പരുക്കേറ്റിട്ടില്ലെന്നും ഇസ്‌റാഈൽ വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ആയുധധാരികളാണെന്നാണ് ഇസ്‌റാഈലിന്റെ വാദം. വീട് വളഞ്ഞ് തങ്ങളുടെ രണ്ട് പ്രവർത്തകരെയും ഒപ്പമുണ്ടായിരുന്ന ഒരാളെയും ഇസ്‌റാഈൽ സൈന്യം വകവരുത്തിയെന്ന് ഫലസ്തീൻ സായുധ വിഭാഗം വെളിപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, കൊല്ലപ്പെട്ടവരിൽ 14കാരനും 72കാരനായ വൃദ്ധനും ഉൾപ്പെടെ മൂന്ന് സാധാരണക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
102 പേർക്കാണ് പരുക്കേറ്റത്. ഇവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 82 പേർക്കും വെടിയേറ്റിട്ടുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നാബ്‌ലസ് നഗരത്തിലേക്കുള്ള മുഴുവൻ പാതകളും ബ്ലോക്ക് ചെയ്താണ് വീടുകയറിയുള്ള ആക്രമണങ്ങൾ ആരംഭിച്ചത്. ഇതോടെ പുറത്തു പോകാൻ പോലും സാധിക്കാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണക്കാർ വലഞ്ഞു.
സൈനിക നടപടിയിൽ പ്രതിഷേധിച്ച് റാമല്ലയിലും നാബ്‌ലസിലും ഫലസ്തീൻ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചു. കടകളടച്ച് മുഴുവൻ വ്യാപാരികളോടും പ്രതിഷേധത്തിന്റെ ഭാഗമാകാൻ അവർ ആവശ്യപ്പെട്ടു.
സായുധ സംഘങ്ങളെ പ്രകോപിപ്പിച്ചും സാധാരണക്കാരെ ഭയപ്പെടുത്തിയും ഇസ്‌റാഈൽ സൈന്യം അടുത്തിടെ അഭയാർഥി ക്യാമ്പുകളിലുൾപ്പെടെ വ്യാപകമായ അതിക്രമങ്ങളാണ് സൈന്യം നടത്തുന്നത്. രണ്ട് മാസത്തിനിടെ സൈനിക റെയ്ഡിൽ 61 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ 13 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
ഇസ്‌റാഈലിനെതിരെ ഫലസ്തീൻ സായുധ സംഘം നടത്തിയ ആക്രമണത്തിൽ പത്ത് ഇസ്‌റാഈലുകാരും യുക്രൈൻ ടൂറിസ്റ്റും ഇക്കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ വർഷം ഇസ്‌റാഈൽ നടത്തിയ ആക്രമണങ്ങളിൽ 30 കുട്ടികളടക്കം 171 പേരാണ് കൊല്ലപ്പെട്ടത്.