Connect with us

Kerala

ഗസ്സയിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതി: നാളെ സംസ്ഥാന വ്യാപകമായി സിപിഎം സമരപരിപാടികള്‍, ഡല്‍ഹിയിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും

അമേരിക്കക്കും ഇസ്‌റാഈലിനും ഒപ്പം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഎം ആവശ്യപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം |  ഗസ്സയിലെ ഇസ്‌റഈല്‍ കൂട്ടക്കുരുതിയില്‍ പതിഷേധിച്ചു സംസ്ഥാന വ്യാപകമായി ഞായറാഴ്ച സമര പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അമേരിക്കക്കും ഇസ്‌റാഈലിനും ഒപ്പം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി ഞായറാഴ്ച ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുഴുവന്‍ ഘടകങ്ങളും മുന്നോട്ടുവരണം. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതുമായി ഐക്യപ്പെടണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഗസ്സ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന തെറ്റായ നടപടികള്‍ക്കെതിരെ ഡല്‍ഹിയില്‍ ഞായറാഴ്ച 11 ന് പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സത്യഗ്രഹ സമരം നടത്തും.

ഇസ്‌റാഈലുമായി നയതന്ത്രബന്ധം പോലും ഇന്ത്യക്കില്ലായിരുന്നു. യുഎന്നില്‍ പലസ്തീനുവേണ്ടി ശക്തമായ നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതില്‍നിന്നും വ്യത്യസ്തമായി സാമ്രാജ്യത്വ ഗൂഢാലോചനയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുപിടിക്കുന്നതെന്നും സര്‍ക്കാരെന്നും സിപിഎം കുറ്റപ്പെടുത്തി.

 

അതേ സമയം, ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സിപിഎമ്മിന്റെ ധര്‍ണ്ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കേന്ദ്ര കമ്മറ്റി ആസ്ഥാനമായ എകെജി ഭവന് മുന്നിലാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ 1 മണിവരെയാണ് ധര്‍ണ്ണ. എകെജി ഭവന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും.