Connect with us

From the print

ഗസ്സയിൽ അഭയാർഥി ക്യാമ്പുകൾ തകർത്ത് ഇസ്‌റാഈൽ

1967നു ശേഷം വെസ്റ്റ്ബാങ്കിൽ നടപ്പാക്കുന്ന ഏറ്റവും വലിയ കുടിയിറക്കലും വിനാശകരമായ സൈനികാക്രമണവുമാണ് ഇതെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു.

Published

|

Last Updated

ഗസ്സ | ഈദുൽ ഫിത്വർ ദിനത്തിൽ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ അഭയാർഥി ക്യാമ്പുകൾ തകർക്കുന്നത് തുടർന്ന് ഇസ്‌റാഈൽ. തുൽകറമിലും ജനീനിലുമാണ് കൂടുതൽ ക്യാമ്പുകൾ തകർത്തത്. ഇതോടെ മറ്റു ക്യാമ്പുകളിൽ ഫലസ്തീനികൾ തിങ്ങിഞെരുങ്ങി. ജനീനിലെയും തുൽകറമിലെയും ക്യാമ്പുകളിലേക്ക് മടങ്ങിവരുന്നത് സൈന്യം വിലക്കുകയും ചെയ്തു. 1967നു ശേഷം വെസ്റ്റ്ബാങ്കിൽ നടപ്പാക്കുന്ന ഏറ്റവും വലിയ കുടിയിറക്കലും വിനാശകരമായ സൈനികാക്രമണവുമാണ് ഇതെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു.

തെക്കൻ ഗസ്സാ മുനമ്പിലെ ഖാൻ യൂനുസിന് വടക്കായി അൽ ഖറാറയിൽ ഇസ്‌റാഈൽ ആക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. ഗസ്സയുടെ കിഴക്കൻ പ്രദേശങ്ങളിലും സൈന്യം വെടിയുതിർത്തു.

ഗസ്സാ മുനമ്പിലാകെ കടകളും ബേക്കറികളും അടഞ്ഞുകിടക്കുന്നതിനാൽ ഭക്ഷണമോ, പാചകം ചെയ്യാൻ വസ്തുക്കളോ ലഭിക്കാതെ കഴിയുകയാണ് ഫലസ്തീനികൾ. മാവോ ഗോതമ്പോ പോലും ലഭിക്കുന്നില്ല. ഇസ്‌റാഈൽ ഉപരോധത്തെ തുടർന്ന് ഭക്ഷ്യവസ്തുക്കൾ ലഭിക്കാതായതോടെയാണ് ബേക്കറികൾ അടച്ചുപൂട്ടിയത്.

Latest