Connect with us

From the print

സൈനിക താവളങ്ങൾ തകർത്ത് ഇസ്‌റാഈൽ

അസദിന്റെ പതനത്തിന് ശേഷം ഇസ്റാഈൽ നടത്തിയത് 310 വ്യോമാക്രമണങ്ങൾ

Published

|

Last Updated

ദമസ്‌കസ് | വിമത വിഭാഗമായ ഹയാത്ത് തഹ്‌രീർ അൽ ശാമിന്റെ നിയന്ത്രണത്തിലുള്ള സിറിയയിലെ സൈനിക താവളങ്ങളിൽ വ്യാപക ആക്രമണം നടത്തി ഇസ്‌റാഈൽ. ആയുധങ്ങൾ ശത്രുക്കൾ കൈക്കലാക്കുന്നത് തടയാനാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈൽ വാദം. ദമസ്‌കസിലെ മൂന്ന് വിമാനത്താവളങ്ങളും തന്ത്രപ്രധാന സൈനിക താവളങ്ങളും ഡസൻ കണക്കിന് ഹെലികോപ്റ്ററുകളും ഫൈറ്റർ ജെറ്റുകളുമുപയോഗിച്ചാണ് ആക്രമിച്ചത്. വടക്കുപടിഞ്ഞാറൻ തീരത്ത് അൽലദ്ഖിയ തുറമുഖത്ത് ആക്രമണത്തിൽ കപ്പലുകൾ തീപ്പിടിച്ച് കടലിൽ മുങ്ങി. സിറിയൻ നാവിക സേനാ കപ്പലുകളാണ് തകർക്കപ്പെട്ടത്. 310 വ്യോമാക്രമണങ്ങൾ ഇസ്‌റാഈൽ നടത്തിയതായി ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പറഞ്ഞു.

ആക്രമണത്തെ തുർക്കിയ, ഈജിപ്ത്, ഖത്വർ, സഊദി അറേബ്യ രാജ്യങ്ങൾ അപലപിച്ചു. ഇസ്‌റാഈൽ സൈനിക നടപടി സിറിയയിൽ സുരക്ഷ പുനഃസ്ഥാപിക്കാനുള്ള നീക്കത്തെ തകർക്കുമെന്ന് സഊദി പറഞ്ഞു. നിലവിലെ സാഹചര്യം മുതലെടുത്ത് സിറിയൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്‌റാഈൽ ശ്രമവും സിറിയയുടെ പരമാധികാരം ലംഘിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് ഖത്വറും വ്യക്തമാക്കി. ഇസ്‌റാഈലിന്റെ അധിനിവേശ മനോഭാവം കൂടുതൽ വ്യക്തമായതായി തുർക്കിയ വിദേശകാര്യ മന്ത്രാലയവും പറഞ്ഞു.

എന്നാൽ, ഇസ്‌റാഈൽ നടപടിയെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പിന്തുണച്ചു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്‌റാഈലിന് നിയമപരമായ അവകാശമുണ്ടെന്ന് ആക്രമണത്തെ പിന്തുണച്ച് ലാമി പ്രതികരിച്ചു. ഐ എസിന്റെയും അൽ ഖ്വയ്ദയുടെയും സാന്നിധ്യമുള്ള സിറിയയിൽ ഇസ്‌റാഈലിന് സുരക്ഷാ ആശങ്കകളുണ്ടാകാം. ഇസ്‌റാഈൽ അധികൃതരുമായി സംസാരിച്ചതായും ബ്രിട്ടീഷ് പാർലിമെന്റിൽ എം പി ബ്രെൻഡർ ഒഹറായുടെ ചോദ്യത്തിന് മറുപടിയായി ലാമി പറഞ്ഞു.

അതിനിടെ, 1973ലെ യുദ്ധത്തെ തുടർന്ന് നിലവിൽ വന്ന സിറിയയിലെ സൈനികരഹിത കേന്ദ്രത്തിലേക്ക് ഇസ്‌റാഈൽ ട്രൂപ്പുകൾ നീങ്ങിയിട്ടുണ്ട്. അതിർത്തി സുരക്ഷ നടപ്പാക്കാനുള്ള താത്കാലിക നടപടിയാണിതെന്ന് സൈന്യം വ്യക്തമാക്കി. എന്നാൽ ബഫർ സോണിന് കിഴക്ക് ഏതാനും കിലോമീറ്ററുകൾ മാറി ഖത്വാന നഗരത്തിൽ ഇസ്‌റാഈൽ സൈന്യം എത്തിയതായും റിപോർട്ട് ഉണ്ട്.

അതിനിടെ, സിറിയയിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങിയതായാണ് റിപോർട്ട്. ബശ്ശാർ അൽ അസദിനെ അട്ടിമറിച്ചതിന് ശേഷം, തലസ്ഥാനത്തെ ബേങ്കുകൾ ഇന്നലെ തുറന്നുപ്രവർത്തിച്ചു. കടകളും തുറന്നുപ്രവർത്തിച്ചു. വാഹനങ്ങളും വ്യാപകമായി നിരത്തിലിറങ്ങിത്തുടങ്ങി. ശുചീകരണ തൊഴിലാളികൾ തെരുവുകളിൽ ശുചീകരണ പ്രവൃത്തി നടത്തുകയും നിർമാണ തൊഴിലാളികൾ തകർന്ന റൗണ്ട് എബൗട്ടുകൾ നന്നാക്കുകയും ചെയ്തു.

Latest