Connect with us

Ongoing News

ഒളിംപിക്‌സില്‍ ഇസ്‌റാഈല്‍ താരത്തോട് മത്സരിച്ചില്ല; അള്‍ജീരിയല്‍ ജുഡോ താരത്തിന് വിലക്ക്

ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്താലാണ് ഇസ്‌റാഈല്‍ താരത്തെ അദ്ദേഹം ബഹിഷ്‌കരിച്ചത്.

Published

|

Last Updated

ന്യൂയോര്‍ക്ക് | ടോക്യോ ഒളിംപിക്‌സില്‍ ഇസ്‌റാഈല്‍ താരത്തോട് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയ അള്‍ജീരിയന്‍ ജുഡോ താരം ഫെത്തി നൂറിനും കോച്ചിനും പത്ത് വര്‍ഷത്തെ വിലക്ക്. അന്താരാഷ്ട്ര ജുഡോ ഫെഡറേഷന്‍ (ഐ ജെ എഫ്) ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്താലാണ് ഇസ്‌റാഈല്‍ താരത്തെ അദ്ദേഹം ബഹിഷ്‌കരിച്ചത്.

73 കിലോ വിഭാഗം ജുഡോയില്‍ സുഡാന്‍ താരത്തെ തോല്‍പ്പിച്ച ഫെത്തിക്ക്, അടുത്ത റൗണ്ടിലെ എതിരാളി ഇസ്‌റാഈലിന്റെ തോഹര്‍ ബുത്ബുല്‍ ആയിരുന്നു. എന്നാല്‍, ഫലസ്തീന്‍ ജനതയോടുള്ള ഇസ്‌റാഈല്‍ അതിക്രമം കാരണം ബുത്ബുലുമായി മത്സരിക്കാനില്ലെന്ന് ഫെത്തി നിലപാട് അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഫെത്തിയുടെയും കോച്ച് അമര്‍ ബെനിഖ്‌ലെഫിന്റെയും അക്രഡിറ്റേഷന്‍ അള്‍ജീരിയന്‍ ഒളിംപിക് കമ്മിറ്റി പിന്‍വലിക്കുകയും ഇരുവരെയും നാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. അന്ന് ഐ ജെ എഫ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ 2031 ജൂലൈ 23 വരെ ഐ ജെ എഫ് പരിപാടികളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇരുവരെയും വിലക്കുകയും ചെയ്തു.

അതേസമയം, ഇരുവര്‍ക്കും കായിക ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ പോകാം. ഫെത്തി നൂറിന്‍ നേരത്തേയും ഇസ്‌റാഈല്‍ താരവുമായുള്ള മത്സരം ഉപേക്ഷിച്ചിരുന്നു. ഇതുകാരണം 2019ലെ ടോക്യോ ലോക ചാംപ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായിരുന്നു.

Latest