International
പൈശാചിക ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്‌റാഈല്‍; ഖാന്‍ യൂനിസില്‍ 21 പേരെ വെടിവച്ചു കൊന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 107 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 142 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഗസ്സ | ഫലസ്തീന്‍ ജനതക്കെതിരായ അതിനിഷ്ഠൂരവും പൈശാചികവുമായ കടന്നാക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്‌റാഈല്‍. ഖാന്‍ യൂനിസിലെ നസര്‍ ആശുപത്രിക്കു പുറത്ത് ഇസ്‌റാഈല്‍ തോക്കുധാരികള്‍ ഒളിഞ്ഞിരുന്നു നടത്തിയ വെടിവെപ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 107 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 142 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ഇടപെടല്‍ അവിശ്രമം തുടരുമെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
ഗസ്സയിലെ 2.3 ദശലക്ഷം വരുന്ന ജനങ്ങളില്‍ പകുതിയോളം റഫയില്‍ അഭയം തേടിയിരിക്കുകയാണെന്നും അവര്‍ക്ക് വീടുകളും പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുകയാണെന്നും യു എന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിനു ശേഷം ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 27,947 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 67,459 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.