Connect with us

International

ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്റാഈൽ; 87 മരണം

ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ ആസ്ഥാനത്തും ആക്രമണം

Published

|

Last Updated

ജെറൂസലം/ ബെയ്‌റൂത്ത് | ഹമാസ് മേധാവി യഹ്‌യ സിൻവാറിന്റെ വധത്തിന് പിന്നാലെ ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്‌റാഈൽ. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 87 പേർ കൊല്ലപ്പെട്ടു. വീടുകളും ബഹുനില കെട്ടിടങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ രണ്ട് ദിവസങ്ങളായി കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കടന്നു.
16 ദിവസമായി ഇസ്‌റാഈൽ സൈന്യം ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് മേഖലയിൽ ഭക്ഷണം, വെള്ളം, മരുന്ന് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണ്. ഇതിന് പുറമെ റോഡ്, വാർത്താവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ബെയ്ത് ലാഹിയയോട് ചേർന്നുള്ള ജബാലിയ, ബെയ്ത് ഹാനൂൻ എന്നീ നഗരങ്ങളിലും ആക്രമണം തുടരുകയാണ്. ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഇസ്‌റാഈൽ അറിയിച്ചു.
മരണം 42,603
ഒരു വർഷത്തിലേറെയായി ഗസ്സയിൽ ഇസ്‌റാഈൽ തുടരുന്ന അധിനിവേശത്തിൽ ഇതുവരെ 42,603 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തോളം പേർക്കാണ് ആക്രമണങ്ങളിൽ പരുക്കേറ്റത്.
അതേസമയം, ലബനാനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിലും ഇസ്‌റാഈൽ വ്യോമാക്രമണം തുടരുകയാണ്. ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലെ ഹിസ്ബുല്ല രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തുൾപ്പെടെ ആക്രമണം നടത്തി. ഇറാൻ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുല്ല വടക്കൻ ഇസ്‌റാഈൽ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണങ്ങളും നടത്തി. ഇത്തരത്തിൽ 160 ഓളം ആക്രമണം നടന്നുവെന്നും ഭൂരിഭാഗം റോക്കറ്റുകളും തകർത്തതായും ഇസ്‌റാഈൽ അറിയിച്ചു. ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്.
ഹിസ്ബുല്ലയുടെ ആയുധസംഭരണ കേന്ദ്രങ്ങളും രഹസ്യാന്വേഷണ വിഭാഗം ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡ് സെന്ററും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈലിന്റെ അവകാശവാദം. തെക്കൻ ലബനാനിലെ നാല് പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ സാധാരണക്കാർക്ക് ഇസ്‌റാഈൽ നിർദേശം നൽകിയിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ നിന്ന് കുടിയിറക്കപ്പെട്ടത്.