Connect with us

From the print

ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്റാഈൽ; 89 മരണം

അഭയാർഥി ക്യാന്പുകളിൽ വ്യോമാക്രമണം

Published

|

Last Updated

ജറൂസലം | വടക്കൻ ഗസ്സയിൽ വീണ്ടും ഇസ്‌റാഈൽ കൂട്ടക്കൊല. ബെയ്ത് ലാഹിയ പട്ടണത്തിൽ നടന്ന ബോംബാക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടു. ഇസ്‌റാഈൽ സൈന്യം വളഞ്ഞ പ്രദേശത്തേക്ക് ചെല്ലാൻ ആരോഗ്യ പ്രവർത്തകർക്കോ സന്നദ്ധ പ്രവർത്തകർക്കോ സാധിക്കുന്നില്ല. അതിനാൽ യഥാർഥ മരണസംഖ്യ പുറത്തുവന്നിട്ടില്ല. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപോർട്ട്.
കുടിയിറക്കപ്പെട്ട കുടുംബങ്ങൾ താമസിച്ചിരുന്ന ബഹുനില കെട്ടിടം ബോംബാക്രമണത്തിൽ പൂർണമായും തകർന്നുവെന്ന് ഗസ്സ സർക്കാർ മാധ്യമ വിഭാഗം അറിയിച്ചു. അതിനിടെ, ഇന്നലെ പുലർച്ചെ നുസൈറാത്ത്, ബൂരീജ് അഭയാർഥി ക്യാമ്പുകൾക്ക് നേരെ നടന്ന വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു.
ബെയ്ത് ലാഹിയ കൂട്ടക്കൊലയിൽ 30 ശതമാനം ഇരകളും കുട്ടികളാണെന്ന് ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ മുനീറുൽ ബുർഷ് പറഞ്ഞു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. നാൽപ്പത് ദിവസമായി വടക്കൻ ഗസ്സ ഇസ്‌റാഈൽ വളഞ്ഞിരിക്കുകയാണ്. ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്ന് യു എൻ സംഘം കണ്ടെത്തിയതിന് പിറകേയും കൂട്ടക്കൊല തുടരുകയാണ് ഇസ്‌റാഈൽ. ബെയ്ത് ലാഹിയയിൽ കഴിഞ്ഞ മാസവും കൂട്ടക്കൊല നടന്നിരുന്നു. അന്ന് 93 പേരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ശാതി അഭയാർഥി ക്യാമ്പിനോട് ചേർന്ന അബൂ അസ്സി സ്‌കൂൾ ആക്രമിച്ച് പത്ത് ഫലസ്തീൻകാരെ വധിച്ചിരുന്നു. യു എൻ നടത്തിയ അഭയാർഥി ക്യാമ്പായിരുന്നു സ്‌കൂൾ. ബെയ്ത് ലാഹിയ, ബെയ്ത് ഹാനൂൻ, ജബാലിയ പട്ടണങ്ങൾ ഇസ്‌റാഈൽ സേന നിരന്തരം ലക്ഷ്യം വെക്കുന്നുണ്ട്. ഇവിടെ ഹമാസ് ആയുധധാരികൾ ഒളിച്ചു കഴിയുന്നുവെന്നാണ് ഇസ്‌റാഈലിന്റെ അവകാശവാദം.
ഒരു വർഷത്തിലേറെയായി തുടരുന്ന ഇസ്റാഈൽ അധിനിവേശത്തിനിടെ ഗസ്സയിൽ മരണം 43,846 ആയി. 1,03,740 പേർക്കാണ് ആക്രമണങ്ങളിൽ പരുക്കേറ്റത്.

Latest