Connect with us

International

ഇസ്‌റാഈല്‍-ഹമാസ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ പ്രതീക്ഷിക്കാം;ജോ ബൈഡന്‍

താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷവും യുദ്ധം തുടരുമെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുന്നത്.

Published

|

Last Updated

വാഷിങ്ടണ്‍| ഇസ്‌റാഈല്‍- ഹമാസ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ബൈഡന്‍. ഗസ്സ വംശഹത്യയില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്‌റാഈല്‍ എംബസിക്ക് മുന്നില്‍ യുഎസ് സൈനികന്‍ സ്വയം തീകൊളുത്തി മരിച്ച് മണിക്കൂറുകള്‍ക്കമാണ് ബൈഡന്റെ പ്രതികരണം.

യുഎസ് എയര്‍ഫോഴ്‌സിലെ സൈനികനാണ് സ്വയം തീകൊളുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തെ യുഎസ് രഹസ്യാന്വേഷണ വിഭാഗം, ഡിസി ഫയര്‍, ഇഎംഎസ് എന്നിവര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന മുദ്രാവാക്യം മുഴക്കിയാണ് സൈനികന്‍ സ്വയം തീകൊളുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ പ്ലാറ്റ്ഫോമായ ട്വിച്ചിലെ ലൈവ് സ്ട്രീമിലാണ് വീഡിയോ ആദ്യം പങ്കുവെച്ചത്.

ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ടിന് എതിരെ അമേരിക്കയിലുടനീളം പ്രതിഷേധം വര്‍ധിച്ചുവരുന്നതിനിടെയാണ് സൈനികന്റെ ആത്മാഹുതി.ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബൈഡന് ഇസ്‌റാഈല്‍-ഹമാസ് യുദ്ധം തുടരുന്നത് രാഷ്ട്രീയപരമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഈജിപ്ത്, ഖത്തര്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുകയാണ്. ഇസ്‌റാഈല്‍ ബന്ദികളാക്കിയ ഫലസ്തീന്‍ പൗരന്മാരെ വിട്ടയക്കാന്‍ ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹമാസ് ഒഴികെ നിരവധി പാര്‍ട്ടികള്‍ പാരീസില്‍ വച്ച് കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്നിരുന്നെന്നും താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള ഉടമ്പടിയുടെ അടിസ്ഥാന രൂപരേഖകള്‍ എങ്ങനെയാകണമെന്ന് ചര്‍ച്ചചെയ്തതായും വൈറ്റ് ഹൗസ് രാജ്യ സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവന്‍ പറഞ്ഞു. താല്‍ക്കാലിക യുദ്ധ വിരാമം യുദ്ധം അവസാനിക്കാനുള്ള മാര്‍ഗമാകുമെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷവും യുദ്ധം തുടരുമെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുന്നത്.

 

 

 

---- facebook comment plugin here -----

Latest