National
ഇസ്‌റാഈല്‍-ഹമാസ് യുദ്ധം; സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി
ഫലസ്തീന്‍ ജനതയ്ക്കുവേണ്ടി ഇന്ത്യ മാനുഷിക സഹായം അയച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ന്യൂഡല്‍ഹി| ഇസ്‌റാഈല്‍ – ഹമാസ് യുദ്ധത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാമത് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനോട് നരേന്ദ്രമോദി സംസാരിച്ചിരുന്നു. ഫലസ്തീന്‍ ജനതയ്ക്കുവേണ്ടി ഇന്ത്യ മാനുഷിക സഹായം അയച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. വലിയ ആഗോള നന്മയ്ക്കായി ഗ്ലോബല്‍ സൗത്തിലെ മുഴുവന്‍ രാജ്യങ്ങളും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സാങ്കേതികവിദ്യ ഗ്ലോബല്‍ നോര്‍ത്തും ഗ്ലോബല്‍ സൗത്തും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കരുതെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത്, സാങ്കേതിക വിദ്യ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് കൂടുതല്‍ പ്രചരിപ്പിക്കാനായി അടുത്ത മാസം ഇന്ത്യ ആര്‍ട്ടിഫിഷ്യല്‍ ഗ്ലോബല്‍ പാട്ണര്‍ഷിപ്പ് സമ്മിറ്റ് നടത്തുമെന്നും മോദി പറഞ്ഞു.