International
ഗസ്സയില്‍ ഒന്നര വര്‍ഷത്തിനിടെ 208 പത്രപ്രവര്‍ത്തകരെ കൊലപ്പെടുത്തി ഇസ്‌റാഈല്‍
ഇന്ന് മാത്രം രണ്ട് പേരെ കൊന്നു

ഗസ്സ | ഗസ്സയിലെ നരനായാട്ട് ലോകത്തെ അറിയിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇസ്‌റാഈലിന്റെ ആക്രമണം തുടരുന്നു. ഇന്ന് മാത്രം രണ്ട് പേരെ കൊലപ്പെടുത്തി. 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇതുവരെ 208 പത്രപ്രവര്‍ത്തകര്‍ക്കാണ് ജോലിക്കിടയിലുൾപ്പെടെ ജീവന്‍ നഷ്ടമായത്. മിക്ക മാധ്യമ പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങള്‍ക്കും ഇസ്‌റാഈല്‍ അധിനിവേശ സേനയുടെ ബോംബാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ഫലസ്തീന്‍ ടുഡേയുടെ ലേഖകനായ മുഹമ്മദ് മന്‍സൂര്‍, അല്‍ ജസീറയുടെ ലേഖകന്‍ ഹൊസാം ഷബാത്ത് എന്നീ മാധ്യമ പ്രവര്‍ത്തകരാണ് ഇന്ന് കൊല്ലപ്പെട്ടത്. തക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസിലെ വീട് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ഫലസ്തീന്‍ ടുഡേ ലേഖകന്‍ മുഹമ്മദ് മന്‍സൂറിനെ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയത്.
വടക്കന്‍ ഗസ്സയില്‍ അല്‍ ജസീറയുടെ ലേഖകന്‍ ഹൊസാം ഷബാത്തിന്റെ കാറിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്‌റാഈല്‍ വ്യോമാക്രമണം നടന്നത്. ബീറ്റ് ലാഹിയയുടെ കിഴക്കന്‍ ഭാഗത്ത് ഹൊസാമിന്റെ വാഹനം ഇടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി കാല്‍നടയാത്രക്കാര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.