From the print
തെക്കന്‍ ഗസ്സയില്‍ ആക്രമണം കടുപ്പിച്ച് ഇസ്റാഈല്‍; വീണ്ടും ആശുപത്രികള്‍ക്ക് നേരെ
ആരോഗ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇസ്‌റാഈല്‍ സൈനികര്‍ മരുന്ന് മോഷ്ടിച്ചെന്ന് വെളിപ്പെടുത്തല്‍.
ഗസ്സാ സിറ്റി | വടക്കന്‍ ഗസ്സയിലെ നശീകരണം ഏറെക്കുറെ പൂര്‍ത്തിയാക്കിയതിന് ശേഷം തെക്കന്‍ ഗസ്സയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ അതിക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഇസ്റാഈല്‍ സൈന്യം ഖാന്‍ യൂനുസിലെ സുപ്രധാന നഗരം വളഞ്ഞു. ഖാന്‍ യൂനുസിലെ പടിഞ്ഞാറന്‍ മേഖലയില്‍ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് സൈന്യം. മെഡിറ്ററേനിയന്‍ തീരത്തെ അല്‍ മവാസി ജില്ല പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് സൈന്യം. ഇവിടെ നിന്ന് ജനങ്ങളെ പൂര്‍ണമായും തുരത്താനും ജനവാസ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കാനും തുടങ്ങിയതോടെ ആയിരങ്ങളാണ് അഭയം തേടി സുരക്ഷിതയിടങ്ങളിലേക്ക് പോകുന്നത്. ഇസ്റാഈലിന്റെ അധിനിവേശ ആക്രമണത്തില്‍ പരുക്കേറ്റവരടക്കം ആയിരങ്ങള്‍ക്ക് അഭയ കേന്ദ്രമായ ആശുപത്രികള്‍ ലക്ഷ്യംവെച്ചാണ് സൈന്യം മുന്നോട്ടുപോകുന്നത്. മനുഷ്യത്വം മരവിച്ച സൈന്യം അല്‍ ഖൈര്‍ ആശുപത്രിയില്‍ ബോംബിട്ടു. രോഗികളെ ശുശ്രൂഷിക്കുകയായിരുന്ന നിരവധി ജീവനക്കാരെ സൈന്യം അറസ്റ്റ് ചെയ്തു. സമീപത്തെ നാസര്‍, അല്‍ അമല്‍ ആശുപത്രികള്‍ക്ക് നേരെയും ആക്രമണം രൂക്ഷമാണ്. ആശുപത്രികളില്‍ നിന്ന് സൈന്യം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും പിടിച്ചെടുത്തതായും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ഇതോടെ നിരവധി രോഗികള്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. ഗസ്സയിലെ ആശുപത്രികളെ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നതിനെതിരെ ലോകരാജ്യങ്ങളും വിവിധ അന്താരാഷ്ട്ര സംഘടനകളും ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടും ഇത്തരം ആക്രമണങ്ങള്‍ ഇസ്റാഈല്‍ തുടരുകയാണ്.
വടക്കന്‍ ഗസ്സയിലെ മിക്ക ആശുപത്രികളും ബോംബിട്ട് തകര്‍ത്ത സൈന്യം ഖാന്‍ യൂനുസിലും സമാന ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് വലിയ മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ആശുപത്രിയിലെ ആക്രമണങ്ങളെ കുറിച്ച് ഇസ്‌റാഈല്‍ സൈന്യം പ്രതികരിച്ചില്ല.
200 മരണം
ഖാന്‍ യൂനുസിലും സമീപ നഗരങ്ങളിലും ഇസ്റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 190 പേരാണ്. 340 പേര്‍ക്ക് പരുക്കേറ്റു. ഖാന്‍ യൂനുസിലെ ആശുപത്രികള്‍ക്ക് പുറമെ ആംബുലന്‍സുകള്‍, സ്‌കൂളുകള്‍, അഭയാര്‍ഥി ക്യാമ്പുകള്‍ എന്നിവക്ക് നേരെയും ആക്രമണം തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഖാന്‍ യൂനുസില്‍ ആക്രമണം ശക്തമാക്കിയതോടെ ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ നടക്കുന്ന ഇസ്റാഈല്‍ നരനായാട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25,295 ആയി.
ക്രൂരത മൃതദേഹങ്ങളോടും
മൃതദേഹങ്ങളോടും നിരായുധരോടും മനുഷ്യത്വവിരുദ്ധ സമീപനം സ്വീകരിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ഇസ്റാഈല്‍ സൈന്യം ഖാന്‍ യൂനുസിലും തങ്ങളുടെ നിഷ്ഠൂരമായ നടപടികള്‍ ആവര്‍ത്തിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും പരുക്കേറ്റവരെയും ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച ആംബുലന്‍സുകള്‍ സൈന്യം തടഞ്ഞു. റോഡിലും മറ്റുമായി നിരവധി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്.