Connect with us

Web Special

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധച്ചൂടില്‍ തിളച്ച് ഇസ്‌റാഈല്‍; ശബ്ദമുയരുന്നത് കോടതിയെ നോക്കുകുത്തിയാക്കുന്നതിനെതിരെ

വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈലി അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന ഫലസ്തീനികളുടെ നിയമ നടപടിക്കുള്ള അപൂര്‍വവും പരിമിതവുമായ സ്രോതസ്സും ന്യൂനപക്ഷങ്ങളുടെ പ്രധാന സംരക്ഷകനുമായി പലപ്പോഴും സുപ്രീം കോടതി നിലകൊണ്ടിട്ടുണ്ട്.

Published

|

Last Updated

തുടര്‍ച്ചയായ പത്താം ആഴ്ചയും പ്രതിഷേധത്തിരയില്‍ തിളച്ചുമറിയുകയാണ് ഇസ്‌റാഈല്‍. ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധ റാലിയില്‍ അഞ്ച് ലക്ഷം പേരാണ് പങ്കെടുത്തത്. ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലിയാണിത്. ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അറിയാം.

ആഭ്യന്തര സംഘര്‍ഷ ഭീതി

സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നിയന്ത്രിക്കാന്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന തീവ്രവലതുപക്ഷ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. നിയമനിര്‍മാണം തടയാനുള്ള അധികാരം ജഡ്ജിമാര്‍ക്ക് നല്‍കുന്ന നിയമം 1992ല്‍ ഇസ്‌റാഈല്‍ പാര്‍ലിമെന്റ് പാസ്സാക്കിയിരുന്നു. അന്നുതന്നെ അത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്വകാര്യതക്കും സ്വത്തിനുമുള്ള അവകാശം മുതലായ മൗലിക- വ്യക്തി സ്വാതന്ത്ര്യങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു ഈ നിയമം. മൂന്ന് പതിറ്റാണ്ടിനിടെ 20ലേറെ തവണ ഈ നിയമം സുപ്രീംകോടതി ഉപയോഗിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ചില കുടിയേറ്റ നിര്‍മാണങ്ങള്‍ തടയല്‍, അതീവ യഥാസ്ഥിതിക ജൂതന്മാര്‍ക്ക് പാര്‍ലിമെന്റ് നല്‍കിയ സവിശേഷ അവകാശങ്ങള്‍ എടുത്തുകളയല്‍ അടക്കമുള്ള നിയമങ്ങളാണ് ഈ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി തടഞ്ഞത്. രാജ്യം കൂടുതല്‍ മതേതരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണമെന്ന് കരുതുന്ന വിഭാഗക്കാരുടെയും മതകീയ- ദേശീയത വാദക്കാരുടെയും ഇടയില്‍ ആഴത്തിലുള്ള പ്രത്യയശാസ്ത്ര, സാംസ്‌കാരിക വിഭജനത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. പ്രതിഷേധത്തിരകളും സൈനികരുമായുള്ള ഏറ്റുമുട്ടലും ഏറെ സ്വാധീനം ചെലുത്തുന്ന അമേരിക്കന്‍ ജൂത സമൂഹത്തിന്റെയും ഇസ്‌റാഈലി ടെക് മേഖലയുടെയും വിമര്‍ശവും ഉയര്‍ന്നുകഴിഞ്ഞു. ആഭ്യന്തര സംഘര്‍ഷത്തിലേക്ക് നീളുമോയെന്ന ഭീതിയുമുണ്ട്.

ഇസ്‌റാഈല്‍ ഭൂരിപക്ഷ ജനാധിപത്യ രാജ്യമാണെന്നും നീതിന്യായ വ്യവസ്ഥയേക്കാളും തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും തീവ്രവലതുപക്ഷം വാദിക്കുന്നു. എന്നാല്‍ ഇസ്‌റാഈലില്‍ ഉദാര ജനാധിപത്യം വേണമെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. പാര്‍ലിമെന്റിന് മേല്‍ ശക്തമായ നീതിന്യായ പരിശോധന ആവശ്യമാണ്. അതിവേഗം വളരുന്ന തീവ്രവലത് ചിന്താഗതിക്കെതിരെയുള്ള അവസാന പ്രതിരോധമാര്‍ഗമാണ് കോടതിയെന്നും ഇവര്‍ പറയുന്നു. അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ബെഞ്ചമിന്‍ നെതന്യാഹു തീവ്രവലതുപക്ഷവുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ച് കഴിഞ്ഞ വര്‍ഷം അധികാരമേറ്റതുമുതലാണ് നീതിന്യായ പരിഷ്‌കരണത്തിന് തുനിഞ്ഞത്. ലക്ഷ്യത്തിലേക്കുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാനുള്ള വഴിയായാണ് നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനുള്ള നീക്കങ്ങള്‍.

നീതി സർക്കാറിന് തിരഞ്ഞെടുക്കാം

പാര്‍ലിമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ തള്ളിക്കളയാനുള്ള സുപ്രീം കോടതിയുടെ അധികാരം എടുത്തുകളയുകയാണ് സര്‍ക്കാറിന്റെ പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല, സുപ്രീം കോടതിയുടെ തീരുമാനങ്ങളെ പാര്‍ലിമെന്റിന് മറികടക്കാനും സാധിക്കും. നീതിയുടെ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് വലിയ നിയന്ത്രണമാണ് ഇതിലൂടെയുണ്ടാകുക. സര്‍ക്കാറിന്റെ മേലുള്ള പരിമിതമായ പരിശോധനകള്‍ പോലും ദുര്‍ബലപ്പെടും. വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈലി അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന ഫലസ്തീനികളുടെ നിയമ നടപടിക്കുള്ള അപൂര്‍വവും പരിമിതവുമായ സ്രോതസ്സും ന്യൂനപക്ഷങ്ങളുടെ പ്രധാന സംരക്ഷകനുമായി പലപ്പോഴും സുപ്രീം കോടതി നിലകൊണ്ടിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ സ്വകാര്യ ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇസ്‌റാഈലികളെ സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. എന്നാല്‍ പലയിടത്തും കുടിയേറ്റം തടയാതെയും ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കാന്‍ അനുവദിച്ചും കുടിയേറ്റക്കാര്‍ക്ക് അനുകൂലവുമായിട്ടുണ്ട് സുപ്രീം കോടതി.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 86കാരനായ അഹാറോണ്‍ ബറാക് ആണ് വലതുപക്ഷക്കാരുടെ പ്രധാന ലക്ഷ്യം. 1995- 2006 കാലത്ത് ചീഫ് ജസ്റ്റിസായിരിക്കെ, പാര്‍ലിമെന്റിന് മുകളില്‍ നിരവധി കോടതി നിയന്ത്രണങ്ങള്‍ വന്നു. പൊതുജനങ്ങളുടെ ജീവിതത്തില്‍ കോടതി ഇടപെടല്‍ വേണമെന്ന വാദക്കാരനായിരുന്നു അദ്ദേഹം. ഇസ്‌റാഈലിലേക്ക് ദുരന്തം കൊണ്ടുവന്നയാളാണ് അഹാറോണെന്ന് നിയമ മന്ത്രി യാരിവ് ലെവിന്‍ കഴിഞ്ഞ ജനുവരിയില്‍ അഭിപ്രായപ്പെട്ടത് ഇവിടെ ചേര്‍ത്തുവായിക്കാം. കോടതിയുമായി നിരന്തരം കൊമ്പുകോര്‍ത്ത തീവ്ര യാഥാസ്ഥിതിക ജൂതന്മാരുടെയും വെസ്റ്റ് ബാങ്ക് കുടിയേറ്റക്കാരുടെയും വളര്‍ന്നുവരുന്ന സ്വാധീനത്തിന്റെ പ്രതിഫലനം കൂടി അടയാളപ്പെടുത്തുന്നുണ്ട് സര്‍ക്കാറിന്റെ ഈ നീക്കം. സമുദായത്തിനുള്ള പ്രത്യേക അവകാശങ്ങളും സൗജന്യങ്ങളും എടുത്തുകളഞ്ഞതാണ് തീവ്ര യാഥാസ്ഥിതിക ജൂതന്മാരെ കോടതിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ പലപ്പോഴും കോടതി വിലങ്ങുതടിയാകുന്നത് ഇവരെയും പ്രകോപിപ്പിക്കുന്നു.

അഴിമതി കേസുകളില്‍ അന്വേഷണത്തിനും വിചാരണക്കും വിധേയനായതിനാല്‍ പരിഷ്‌കരണവുമായി മുന്നോട്ടുപോകാനാണ് നെതന്യാഹുവിന്റെ തീരുമാനം. നിയമനിര്‍മാണം നടത്താനുള്ള അനുമതി വാരാന്ത്യ കോടതി അനുവദിക്കുമെന്നാണ് വിമര്‍ശകര്‍ ഭയക്കുന്നത്. അങ്ങനെ വന്നാല്‍ വിചാരണ നടപടികള്‍ക്ക് അന്ത്യമാകുകയും ചെയ്യും. 38 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം ഗസ്സ മുനമ്പില്‍ നിന്ന് 2005ല്‍ ഇസ്‌റാഈല്‍ പിന്മാറിയതിനെതിരാണ് സ്വാഭാവികമായുംവലതുപക്ഷ വിഭാഗം എന്നും. ഇന്ന് കോടതിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ യത്‌നിക്കുന്നവരില്‍ അധികവും ഗസ്സ പിന്മാറ്റ സമയത്ത് രാഷ്ട്രീയത്തില്‍ പിച്ചവെച്ചവരാണ്.