Connect with us

From the print

ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ തന്നെ; ഐക്യരാഷ്ട്ര സമിതിയുടെ റിപോര്‍ട്ട്

മരണവും പട്ടിണിയും വിതക്കുന്നു.

Published

|

Last Updated

ജനീവ | വംശഹത്യയുമായി ചേര്‍ന്നുനില്‍ക്കുന്ന ആക്രമണ രീതിയാണ് ഗസ്സയില്‍ ഇസ്‌റാഈലിന്റേതെന്ന് ഐക്യരാഷ്ട്ര സഭാ റിപോര്‍ട്ട്. ആക്രമണം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്‌പോള്‍ ആദ്യമായാണ് ഏതെങ്കിലും അന്താരാഷ്ട്ര സംഘടന ഗസ്സയിലെ ഇസ്‌റാഈല്‍ നടപടികളെ ‘വംശഹത്യ’ എന്ന പദം ഉപയോഗിച്ച് പരാമര്‍ശിക്കുന്നത്.

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട യു എന്‍ പ്രത്യേക സമിതി ഇതു സംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടു. 2023 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ ജൂലൈ വരെയുള്ള കാലയളവില്‍ അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തെ, പ്രത്യേകിച്ച് ഗസ്സ മുനന്പിലെ സംഭവ വികാസങ്ങളാണ് റിപോര്‍ട്ടിന്റെ ഉള്ളടക്കം.

വലിയ തോതിലുള്ള ആള്‍നാശവും ജീവിതം താറുമാറാക്കുന്ന അവസ്ഥകളുമാണ് ഇസ്‌റാഈല്‍ സൈന്യം ഫലസ്തീനികള്‍ക്കുമേല്‍ മനപ്പൂര്‍വം അടിച്ചേല്‍പ്പിക്കുന്നതെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തിന്റെ തുടക്കം മുതല്‍, ഫലസ്തീനികളുടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ തടസ്സപ്പെടുത്തുന്ന നയങ്ങളാണ് അവര്‍ പിന്തുടരുന്നത്. രാഷ്ട്രീയവും സൈനികവുമായ നേട്ടങ്ങള്‍ക്കായി ജീവന്‍രക്ഷാ സാമഗ്രികള്‍ പോലും ഉപകരണമാക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം വ്യക്തമാണ്. പട്ടിണിയെ യുദ്ധ ആയുധമായി ഉപയോഗിക്കുന്നു. ആക്രമണങ്ങളില്‍ സാധാരണക്കാര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ ഇസ്‌റാഈല്‍ ശ്രദ്ധിക്കുന്നേയില്ല.

യു എന്‍ താക്കീതുകളും രക്ഷാ സമിതി പ്രമേയങ്ങളും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവുകളും ആവര്‍ത്തിച്ച് അവഗണിച്ച് ഏര്‍പ്പെടുത്തിയ ഉപരോധം, മാനുഷിക സഹായം തടസ്സപ്പെടുത്തല്‍, സാധാരണക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും വധിക്കല്‍ തുടങ്ങിയവയിലൂടെ ഇസ്‌റാഈല്‍ മനപ്പൂര്‍വം ഗസ്സയില്‍ മരണവും പട്ടിണിയും ഉണ്ടാക്കുന്നു.

നിര്‍മിത ബുദ്ധി (എ ഐ)യുടെ സഹായത്തോടെ മനുഷ്യ മേല്‍നോട്ടം കുറച്ച്, കനത്ത ബോംബുകളാണ് ഇസ്‌റാഈല്‍ സേന വര്‍ഷിക്കുന്നത്. സാധാരണക്കാരെയും യുദ്ധമുഖത്തുള്ളവരെയും വേര്‍തിരിച്ചറിഞ്ഞ് സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കാന്‍ മതിയായ സുരക്ഷാ നടപടികള്‍ കൈക്കൊള്ളാനുള്ള ബാധ്യത ഇസ്‌റാഈല്‍ അവഗണിക്കുന്നുവെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആക്രമണം അവസാനിച്ച ശേഷവും ദീര്‍ഘകാലത്തേക്ക് അതിന്റെ ആഘാതം നേരിടുന്ന ജലം, ശുചിത്വം തുടങ്ങിയവ എങ്ങനെയാണ് ഗസ്സയെ പാരിസ്ഥിതിക ദുരന്തത്തിലേക്ക് നയിക്കുന്നതെന്നും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest