From the print
ഗസ്സയിൽ ആറ് പേരെ കൊന്ന് ഇസ്‌റാഈൽ
പുനഃസ്ഥാപിക്കാതെ വൈദ്യുതിയും വെള്ളവും

ഗസ്സ | മധ്യ, തെക്കൻ ഗസ്സയിൽ ഇസ്‌റാഈൽ ആക്രമണത്തിൽ ഒരു വയോധികയുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തെച്ചൊല്ലി ഹമാസും ഇസ്‌റാഈലും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് അറബ് മാധ്യസ്ഥരും അമേരിക്കയും ശ്രമിക്കുന്നതിനിടെയാണ് ഇസ്‌റാഈലിന്റെ ഏകപക്ഷീയ ആക്രമണം. നെത്‌സരിം ഇടനാഴിക്ക് സമീപം വ്യോമാക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. റഫ നഗരത്തിന് കിഴക്ക് അശ്ശൗക്കയിൽ ഡ്രോൺ ആക്രമണത്തിലാണ് വയോധിക കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 36 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14 പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗസ്സയിലേക്കുള്ള വൈദ്യുതി, ജലവിതരണം നിർത്തിവെച്ചുള്ള ഇസ്‌റാഈൽ ഉപരോധത്തിൽ കടുത്ത പ്രയാസത്തിലാണ് ഗസ്സക്കാർ റമസാൻ തള്ളിനീക്കുന്നത്.
ഗസ്സയിൽ പത്തിൽ ഒരാൾക്ക് മാത്രമേ നിലവിൽ സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നുള്ളൂവെന്ന് ഐക്യരാഷ്ട്രസഭാ ഏജൻസിയായ യൂനിസെഫ് മുന്നറിയിപ്പ് നൽകി. വൈദ്യുതി ബന്ധം വിച്ഛേദിച്ചത് സമുദ്രജലത്തിൽ നിന്ന് ഉപ്പ് വേർതിരിച്ച് ശുദ്ധജലമാക്കാനുള്ള പ്രവർത്തനത്തിനും തടസ്സം നേരിട്ടിരിക്കുകയാണ്. ആറ് ലക്ഷത്തോളം പേരാണ് കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടുന്നതെന്ന് ഗസ്സയിലെ യൂനിസെഫ് പ്രതിനിധി റൊസാലിയ ബോലെൻ പറഞ്ഞു. യു എൻ ഏജൻസികളുടെ കണക്ക് പ്രകാരം 18 ലക്ഷം പേർക്ക് അടിയന്തരമായി ജല, ശുചിത്വ സഹായങ്ങൾ വേണമെന്നാണ്. ഇതിൽ പകുതിയും കുട്ടികളാണ്. 2023 ഒക്‌ടോബറിൽ ഇസ്‌റാഈൽ യുദ്ധം ആരംഭിച്ച സമയത്തുള്ള അതേ സാഹചര്യമാണ് നിലവിൽ ഗസ്സയിലേതെന്ന് യു എൻ ആർ ഡബ്ല്യു എ മേധാവി ഫിലിപ്പ് ലസ്സാരിനി ജനീവയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റക്കാരുടെ അതിക്രമം തുടരുകയാണ്. ഹെബ്രോണിന് തെക്ക് മസാഫിർ യത്തയിലെ ഹരിബത് അൽ നബിയിൽ കുടിയേറ്റക്കാർ ഫലസ്തീൻ ഗ്രാമത്തിലേക്ക് അതിക്രമിച്ചുകയറി വീടുകൾ ആക്രമിക്കുകയും സാധന സാമഗ്രികൾ തകർക്കുകയും ചെയ്തു. ഇസ്‌റാഈൽ സൈനികരുടെ കാവലോടെയായിരുന്നു അതിക്രമം. ഫലസ്തീനികളെ മർദിക്കുകയും കുരുമുളക് സ്‌പ്രേ അടിക്കുകയും ചെയ്തു.