International
ഗസ്സയില്‍ സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍; അബദ്ധത്തിലെന്ന് സൈന്യം
ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ വെടിവെപ്പിലാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്‌റാഈല്‍ പ്രതിരോധ സേന വിശദീകരിച്ചു.
ടെല്‍ അവീവ്| വടക്കന്‍ ഗസ്സയില്‍ സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍ സൈന്യം. ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ വെടിവെപ്പിലാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്‌റാഈല്‍ പ്രതിരോധ സേന വിശദീകരിച്ചു.
യോതം ഹൈം (28) സമര്‍ തലാല്‍ക്ക (22) അലോണ്‍ ഷംരിസ് (26) എന്നിവരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗസ്സയിലെ ഷെജയ്യയില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സംഘമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ഇസ്‌റാഈല്‍ പ്രതിരോധ സേന(ഐഡിഎഫ്)അറിയിച്ചു.
സംഭവത്തില്‍ പശ്ചാത്തപിക്കുന്നു. സഹിക്കാനാവാത്ത ദുരന്തമാണിതെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യൂഹു പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലപ്പെട്ട ബന്ദികളായ മൂന്ന് പേരേയും ഇസ്‌റാഈലിലെത്തിച്ചിട്ടുണ്ട്. ഇസ്‌റാഈല്‍ സൈന്യത്തിനെതിരെ ചാവേറാക്രമണം അടക്കം ഒട്ടേറെ ഭീഷണികള്‍ നേരിട്ടിരുന്ന ഒരു പ്രദേശത്തുവെച്ചാണ് അബദ്ധത്തിലുള്ള വെടിവെയ്പ്പുണ്ടായതെന്ന് ഐഡിഎഫ് വാക്താവ് റിയര്‍ അഡ്മിറല്‍ റിയല്‍ ഹഗാരി പറഞ്ഞു. സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സൈന്യം ഏറ്റെടുക്കുന്നതായും അദ്ദേഹം അറിയിച്ചു.