Connect with us

International

ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്റാഈൽ; മരണം 19,600 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്റാഈലിന്റെ നാല് ഉന്നത സേനാംഗങ്ങൾ ഉൾപ്പെടെ ഒൻപത് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ

Published

|

Last Updated

ഗസ്സ സിറ്റി | രണ്ട് മാസത്തിലധികമായി ഗസ്സയിൽ തുടരുന്ന നരനായാട്ട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച് ഇസ്റാഈൽ സൈന്യം. വടക്കൻ, കിഴക്കൻ, മധ്യ ഗസ്സ മുനമ്പിലെ പ്രദേശങ്ങളിൽ അധിനിവേശ സൈന്യം തീവ്രമായ കരയാക്രമണം ആരംഭിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സ സിറ്റിയിലെ റിമാൽ പരിസരത്തുള്ള ഒരു കെട്ടിടത്തിന് നേരെ ഇസ്റാഈൽ നടത്തിയ ബോംബാക്രമണത്തിൽ 50 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ, ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 19,667 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 52,586 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗസ്സയിൽ അധിനിവേശ സൈനികരും ഫലസ്തീൻ പ്രതിരോധ വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് ഉന്നത സേനാംഗങ്ങൾ ഉൾപ്പെടെ ഒൻപത് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 29 സൈനികർക്ക് പരിക്കേറ്റതായും ഇസ്റാഈൽ സൈന്യം സ്ഥിരീകരിച്ചു.

വടക്കൻ ഗസ്സ മുനമ്പിലെ അൽ-അഹ്‌ലി ആശുപത്രിയുടെ പ്രവർത്തനം നിർത്തി. അധിനിവേശ സൈന്യം ആശുപത്രി വളയുകയും നിരവധി ഡോക്ടർമാരെയും നഴ്സുമാരെയും പരിക്കേറ്റവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ആശുപത്രിയുടെ പ്രവർത്തനം നിർത്തിയത്.