International
ഹമാസ് ബന്ദികളാക്കിയവരുടെ വിവരം നൽകുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ഇസ്റാഈൽ
സമാധാനത്തോടെ പുതിയ ജീവിത സാഹചര്യം കെട്ടിപ്പടുക്കാൻ ഹമാസ് ബന്ദികളാക്കിയവരുടെ വിവരം നൽകണമെന്ന് ഗസ്സയിൽ വിതരണം ചെയ്ത ലഘുലേഖയിൽ ഇസ്റാഈൽ സൈന്യം
ഗസ്സ സിറ്റി | ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയവരെകുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും സുരക്ഷയും വാഗ്ദാനം ചെയ്ത് ഇസ്റാഈൽ. സമാധാനത്തോടെ പുതിയ ജീവിത സാഹചര്യം കെട്ടിപ്പടുക്കാൻ ഹമാസ് ബന്ദികളാക്കിയവരുടെ വിവരം നൽകണമെന്ന് ഗസ്സയിൽ വിതരണം ചെയ്ത ലഘുലേഖയിൽ ഇസ്റാഈൽ സൈന്യം ആവശ്യപ്പെട്ടു. വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും പൂർണ സംരക്ഷണം നൽകുമെന്നും ലഘുലേഖയിലുണ്ട്. വിവരങ്ങൾ സഹിതം വിളിക്കേണ്ട നമ്പറും ലഘുലേഘയിൽ ഉണ്ട്.
ഒക്ടോബർ ഏഴിന് 1400 പേരുടെ മരണത്തിനിടയാക്കിയ, ഈസ്‌റാഈൽ അതിർത്തിക്കടന്നുള്ള റെയിഡിൽ 200 ലധികം ആളുകളെയാണ് ഹമാസ് പിടികൂടി ബന്ദികളാക്കിയത്. ഇതിൽ നാല് പേര ഹമാസ് കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. ഗസ്സയിൽ കര ആക്രമണത്തിന് തയ്യാറെടുക്കുന്ന ഇസ്റാഈലിന് പ്രധാന വെല്ലുവിളി ഹമാസ് തടവിൽ വെച്ചിരിക്കുന്ന ഇസ്റാഈലികളാണ്. കര ആക്രമണത്തിന് മുതിർന്നാൽ ഹമാസ് ഇവരെ മനുഷ്യ മതിലായി ഉപയോഗിക്കുമെന്ന് ഇസ്റാഈൽ ഭയക്കുന്നു.
ബന്ദികളെ ഗസ്സയിലെ തുരങ്കങ്ങളിലാണ് ഹമാസ് പാർപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. എന്നാൽ ഇത് കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ ഇസ്റാഈൽ സൈന്യത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബന്ദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ഇസ്റാഈൽ രംഗത്ത് വന്നത്.