International
തെക്കൻ ലെബനനിലെ യുഎൻ സമാധാന സേന കേന്ദ്രങ്ങൾക്ക് നേരെ വെടിയുതിർത്ത് ഇസ്റാഈൽ
നഖൗറയിലെ യൂണിഫൈലിന്റെ (UNIFIL) പ്രധാന താവളം ഉൾപ്പെടെ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം
ബെയ്റൂത്ത് | തെക്കൻ ലെബനനിലെ യുഎൻ സമാധാന സേനയുടെ മൂന്ന് പോസ്റ്റുകൾക്ക് നേരെ ഇസ്റാഈൽ സൈന്യം വെടിയുതിർത്തതായി യുഎൻ വൃത്തങ്ങൾ അറിയിച്ചു. നഖൗറയിലെ യൂണിഫൈലിന്റെ (UNIFIL) പ്രധാന താവളം ഉൾപ്പെടെ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണം സംബന്ധിച്ച് ഇസ്റാഈൽ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രസ്താവനയോ പ്രതികരണമോ ഉണ്ടായിട്ടില്ല.
റാസ് അൽ നഖൂറയുടെ അതിർത്തി പ്രദേശത്തേക്ക് മുന്നേറുന്നതിനിടെ ഗൈഡഡ് മിസൈലുകൾ ഉപയോഗിച്ച് ഇസ്റാഈലി ടാങ്കിനെ ലക്ഷ്യം വച്ചതായി നേരെത്ത ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു.
തെക്കുപടിഞ്ഞാറൻ ലെബനനിലെ സമാധാനപാലന കേന്ദ്രത്തിന് സമീപം ഇസ്റാഈൽ സൈന്യം അടുത്തിടെ നടത്തിയ പ്രവർത്തനങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്ന് യൂണിഫൈൽ ഞായറാഴ്ച പറഞ്ഞിരുന്നു. ഇസ്റാഈൽ സേനയുടെ പ്രവർത്തനങ്ങൾ അപകടകരമാണെന്നും സുരക്ഷാ കൗൺസിൽ നിർദേശിച്ച ചുമതലകൾ നിർവഹിക്കുന്ന യുഎൻ സമാധാന സേനയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നത് സ്വീകാര്യമല്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ഒക്ടോബർ മൂന്നിന് ഇസ്റാഈൽ സൈന്യത്തിന് അയച്ച കത്തിൽ ഇസ്റാഈലി സൈനിക വാഹനങ്ങളും സൈനികരും യുഎൻ സ്ഥാനങ്ങൾക്ക് സമീപം നിലയുറപ്പിച്ചതിനെ യൂനിഫൈൽ എതിർത്തിരുന്നു.