Connect with us

International

ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് ഇസ്റാഈൽ പിൻമാറി

ചർച്ചകൾക്കായി ദോഹയിൽ നിയോഗിച്ച മൊസ്സാദ് സംഘത്തെ ഇസ്റാഈൽ തിരിച്ചുവിളിച്ചു.

Published

|

Last Updated

തെൽ അവീവ് | ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് ഇസ്റാഈൽ പിൻമാറി. ചർച്ചകൾക്കായി ദോഹയിൽ നിയോഗിച്ച സംഘത്തെ ഇസ്റാഈൽ തിരിച്ചുവിളിച്ചു. ഇസ്റാഈൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സംഘത്തിനായിരുന്നു ചർച്ചാ ചുമതല. ഈ സംഘത്തോട് ഉടൻ നാട്ടിലേക്ക് തിരിക്കാൻ ആവശ്യപ്പെട്ടതായി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

മൊസാദ് തലവൻ ഡേവിഡ് ബാർണിയയാണ് ദോഹയിലുള്ള സംഘത്തോട് തിരിച്ചുവരാൻ നിർദേശിച്ചത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമാണ് നടപടി. ഹമാസ് വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇസ്റാഈൽ നീക്കം.

അതേസമയം, ബന്ദികളാക്കപ്പെട്ട 84 കുട്ടികളെയും സ്ത്രീകളെയും 24 വിദേശികളെയും മോചിപ്പിക്കാന സാധിച്ചതിന് സി.ഐ.എ തലവൻ, ഈജിപ്ത് ഇന്റലിജൻസ് മന്ത്രി, ഖത്തർ പ്രധാനമന്ത്രി എന്നിവർക്ക് മൊസാദ് നന്ദി അറിയിച്ചു.

ഖത്തർ ഇടപെട്ട് നടത്തിയ ചർച്ചകളെ തുടർന്ന് ഗസ്സയിൽ ആറ് ദിവസം താത്കാലിക വെടിനിർത്തൽ നിലവിൽ വന്നിരുന്നു. ആദ്യം നാല് ദിവസത്തേക്ക് ആരംഭിച്ച വെടിനിർത്തൽ പിന്നീട് രണ്ട് ദിവസം കൂടി നീട്ടുകയായിരന്നു. ഹമാസും ഇസ്റാഈലും പരസ്പരം ബന്ദികളെ മോചിപ്പിക്കുക എന്ന ധാരണയിലായിരുന്നു വെടിനിർത്തൽ. ഇതനുസരിച്ച് ഇരുപക്ഷത്തു നിന്നും ഏതാനും ബന്ദികൾ മോചിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ വെടിനിർത്തൽ കാലാവധി അവസാനിച്ചതിന് പിന്നാലെ ഇസ്റാആഈൽ ഗസ്സയിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

വെടിനിർത്തലിന് ശേഷം, നേരത്തെ ആക്രമണം രൂക്ഷമായിരുന്ന വടക്കൻ ഗസ്സക്ക് പുറമെ താരതമ്യേന സുരക്ഷിതമെന്ന് കരുതിയിരുന്ന തെക്കൻ ഗസ്സയിലും ഇസ്റാഈൽ ആക്രമണം നടത്തുന്നുണ്ട്. വടക്കൻ ഗസ്സയിൽ നടന്നതിന് സമാനമായി തെക്കൻ ഗസ്സയിലും കരയാക്രമണത്തിന് വഴിയൊരുക്കുന്നതിനാണ് ഈ നീക്കമെന്ന് കരുതുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

Latest