israeel
ഹൂതികള്‍ പിടിച്ചെടുത്ത കപ്പല്‍ തങ്ങളുടേതല്ലെന്ന് ഇസ്‌റാഈല്‍
ഇന്ത്യയിലേക്കു പുറപ്പെട്ട കപ്പല്‍ ചെങ്കടലില്‍ വെച്ചാണ് ഹൂതികള്‍ പിടിച്ചെടുത്തത്
ടെല്‍ അവീവ് | യമനിലെ ഹൂതികള്‍ പിടിച്ചെടുത്ത കപ്പല്‍ തങ്ങളുടേതല്ലെന്നു കൈയ്യൊഴിഞ്ഞ് ഇസ്‌റാഈല്‍.
മുഴുവന്‍ ഇസ്‌റാഈല്‍ കപ്പലുകളും ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിഭാഗത്തിന്റെ വക്താവ് യഹ്യ സരീഅ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ചെങ്കടലില്‍ വച്ച് ഹൂതികള്‍ പിടിച്ചെടുത്ത കപ്പല്‍ തങ്ങളുടേതല്ലെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.
ഇന്ത്യയിലെ പീപ്പവാവ് തുറമുഖത്തെയ്ക്കു പുറപ്പെട്ട കപ്പലാണ് ചെങ്കടലില്‍ വെച്ച് ഹൂതികള്‍ പിടിച്ചെടുത്തത്. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പല്‍ ജപ്പാന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു വെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഒഫിസാണ് ചരക്ക് കപ്പല്‍ പിടിച്ചെടുത്തത് അറിയിച്ചത്. കപ്പലില്‍ ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, മെക്സിക്കോ, ഉക്രൈന്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25 ജീവനക്കാരാണ് ഉള്ളത്. ഒടുവിലായി ലഭിക്കുന്ന വിവര പ്രകാരം തുര്‍ക്കിയിലെ കോര്‍ഫെസിനോടടുത്തായിരുന്നു കപ്പല്‍.
ഇസ്‌റാഈല്‍ ഉടമസ്ഥതയിലുള്ളതോ ഇസ്‌റാഈല്‍ നേരിട്ട് നടത്തുന്നതോ ആയ കപ്പിനുനേരെ ആക്രമണമുണ്ടാകുമെന്നായിരുന്നു ഹൂതികളുടെ ഭീഷണി. ഇസ്‌റാഈല്‍ പതാക വച്ച കപ്പലുകളെയും വെറുതെവിടില്ലെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഈ കപ്പലുകളില്‍ ജോലി ചെയ്യുന്ന പൗരന്മാരെ ഒഴിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍തയ്യാറാവണമെന്നും ഹൂതികള്‍ ആവശ്യപ്പെട്ടിരുന്നു.