International
വിട്ടുനല്‍കിയ മൃതദേഹത്തില്‍ അവ്യക്തതയെന്ന് ഇസ്റാഈൽ; മറ്റേതെങ്കിലും മൃതദേഹങ്ങളുമായി കലര്‍ന്നതാകാമെന്ന് ഹമാസ്
ഹമാസിന് നെതന്യാഹുവിൻ്റെ ഭീഷണി

തെല്‍ അവീവ് | ബന്ദിയാക്കപ്പെട്ട ഇസ്‌റാഈലുകാരി ഷിരി ബിബാസിന്റെ മൃതദേഹം വിട്ടുകൊടുക്കാത്തതില്‍ ഹമാസ് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് ഇസ്‌റാഈല്‍ പ്രാധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് നല്‍കിയ നാല് മൃതദേഹങ്ങളില്‍ ഒന്ന് ബന്ദിയാക്കപ്പെട്ടവരില്‍ ആരുടേതുമല്ലെന്നാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ വാദം. എന്നാല്‍ നെതന്യാഹുവിന്റെ ആരോപണങ്ങളോട് പ്രതികരിച്ച ഹമാസ് തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശദീകരിച്ചു. ഷിരി ബിബാസിനെ തടവിലാക്കിയ സ്ഥലത്ത് ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നെന്നും ഇതിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ മറ്റേതെങ്കിലും മൃതദേഹം കലര്‍ന്നതാകാനുള്ള സാധ്യതയുണ്ടെന്നുമാണ് ഹമാസ് പറയുന്നത്.
ഷിരി ബിബാസുള്‍പ്പെടെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും തെല്‍ അവീവില്‍ തിരിച്ചെത്തിക്കാന്‍ ഞങ്ങള്‍ കഠിന പരിശ്രമം നടത്തുമെന്ന് പറഞ്ഞ നെതന്യാഹു, കരാര്‍ ലംഘിച്ചുള്ള പൈശാചികവും ക്രൂരവുമായ ഹമാസിന്റ പ്രവൃത്തിക്ക് അവര്‍ അനുഭവിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹമാസ് നല്‍കിയ മൃതദേഹങ്ങളില്‍ 10 വയസ്സുള്ള ക്ഫിര്‍ ബിബാസ്, സഹോദരന്‍ നാല് വയസ്സുള്ള ഏര്യല്‍ എന്നിവരുള്ളത് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ മൃതദേഹം ഇവരുടെ മാതാവായ ഷിരി ബിബാസിന്റേതാണ്. എന്നാല്‍ ഈ മൃതദേഹത്തിന് ബന്ദികളുടെ ലിസ്റ്റിലെ ആരുമായും സാമ്യമില്ലെന്നാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ വിശദീകരണം..
അമേരിക്ക, ഖത്വര്‍, ഈജിപ്ത് എന്നിവരുടെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് മൃതദേഹങ്ങള്‍ കൈമാറിയത്. ഗസ്സ അതിര്‍ത്തിക്ക് സമീപമുള്ള റോഡുകളില്‍ മഴയെ അവഗണിച്ച് ഇസ്രാഈലികള്‍ അണിനിരന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മൃതദേഹങ്ങള്‍ സ്വീകരിച്ചത്.