Connect with us

International

ഹമാസ് സൈനിക മേധാവിയെ ലക്ഷ്യമിട്ട് ഇസ്റാഈൽ ആക്രമണം; ബലിയാടാകുന്നത് പാവങ്ങൾ

ഇസ്റാഈൽ കരസേന ആക്രമണങ്ങളിലും ബോംബാക്രമണങ്ങളിലും ഗസ്സയിൽ 38,300-ലധികം ആളുകൾ കൊല്ലപ്പെടുകയും 88,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിലധികവും സാധാരണക്കാരും സ്ത്രീകളും കുട്ടികളുമാണ്. ഈ ആക്രമണങ്ങളെല്ലാം ഹമാസിനെതിരേയാണെന്നാണ് ഇസ്റാഈലിന്റെ വാദം.

Published

|

Last Updated

ശനിയാഴ്ച തെക്കൻ ഗസ്സ നഗരമായ ഖാൻ യൂനിസിൽ 90 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. ആക്രമണത്തിൻ്റെ ലക്ഷ്യം ഹമാസിൻ്റെ സൈനിക വിഭാഗത്തിൻ്റെ തലവൻ മുഹമ്മദ് ഡീഫാണെന്ന് ഇസ്റാഈൽ സൈന്യം സ്ഥിരീകരിച്ചു. തുരുതുരാ വെടിവെക്കുന്നതും വീടുകളില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നുവന്ന് തെരുവിലേക്ക് വ്യാപിക്കുന്നതും വിവിധ മാധ്യമങ്ങള്‍ വിഡിയോ ദൃശ്യങ്ങളില്‍ കാണാം.

ഒക്‌ടോബർ 7 ന് തെക്കൻ ഇസ്റാഈലിൽ നടന്ന ആക്രമണത്തിൻ്റെ മുഖ്യ ശില്പിയെന്ന് വിശ്വസിക്കുന്നയാളാണ് മുഹമ്മദ് ദീഫ്. ഇസ്റാഈൽ-ഹമാസ് യുദ്ധത്തിന് തുടക്കമിട്ടതും അദ്ദേഹമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അതിനാല്‍ തന്നെ വർഷങ്ങളായി ഇസ്റാഈലിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് മുഹമ്മദ് ദീഫ്. മുമ്പ് പല തവണ ഇസ്റാഈലി സൈന്യം ദീഫിനെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ വധശ്രമങ്ങളിൽ നിന്നെല്ലാം സമര്‍ത്ഥമായി അദ്ദേഹം‌ രക്ഷപ്പെട്ടതായി മാധ്യമങ്ങള്‍ പറയുന്നു.

ഇപ്പോഴും ആക്രമണത്തിൽ ദീഫ് കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ലെന്ന് ഇസ്റാഈൽ ആർമി റേഡിയോ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ ശ്രമത്തില്‍ തൊണ്ണൂറ് സാധാരണ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട് . കഴിഞ്ഞ ആഴ്ച സാധാരണ താമസക്കാര്‍ ഒഴിഞ്ഞുപോകാനുള്ള ഇസ്റാഈലിന്‍റെ അന്ത്യശാസനത്തെതുടര്‍ന്ന് രോഗികളായ മാതാപിതാക്കളേയും കൊണ്ട് തെരുവിലേക്കിറങ്ങുന്ന വീട്ടമ്മമാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ അല്‍ ജസീറ പുറത്തുവിട്ടിരുന്നു. ആ കുടിയൊഴിപ്പിക്കല്‍ ഈ ആക്രമണത്തിന് വേണ്ടിയായിരുന്നെന്ന് തോന്നുന്നു.

ഇസ്റാഈൽ കരസേന ആക്രമണങ്ങളിലും ബോംബാക്രമണങ്ങളിലും ഗസ്സയിൽ 38,300-ലധികം ആളുകൾ കൊല്ലപ്പെടുകയും 88,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിലധികവും സാധാരണക്കാരും സ്ത്രീകളും കുട്ടികളുമാണ്. ഈ ആക്രമണങ്ങളെല്ലാം ഹമാസിനെതിരേയാണെന്നാണ് ഇസ്റാഈലിന്റെ വാദം.

ഇതിനിടെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും മുന്നോട്ടുവെച്ച സമാധാന ചര്‍ച്ചകള്‍ക്ക് വഴങ്ങാന്‍ സമ്മതിച്ചതിനിടയിലാണ് ഇസ്റാഈലിന്റെ പുതിയ നരഹത്യകള്‍. യുദ്ധനീതിയും ജനീവ കരാറും തികച്ചും അപ്രസക്തമാക്കിക്കൊണ്ട് യുദ്ധം തുടരുക തന്നെയാണ് ഇസ്റാഈൽ എന്നതാണ് കഷ്ടം.